Connect with us

National

ജ. സ്വതന്തര്‍ കുമാറിനെതിരായ ലൈംഗികാരോപണം: മാധ്യങ്ങള്‍ക്ക് വിലക്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സ്വതന്തര്‍ കുമാറിനെതിരെ നിയമവിദ്യാര്‍ഥിനി ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തിലെ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും ഡല്‍ഹി ഹൈക്കോടതി മാധ്യമങ്ങളെ വിലക്കി. അപകീര്‍ത്തികരമായ ഭാഗങ്ങളും ജസ്റ്റിസ് കുമാറിന്റെ ഫോട്ടോയും വാര്‍ത്തകളില്‍ നിന്ന് 24 മണിക്കൂറിനകം ഒഴിവാക്കണമെന്ന് ജസ്റ്റിസ് മന്‍മോഹന്‍ സിംഗ് ഇടക്കാല ഉത്തരവില്‍ പറഞ്ഞു. ഇപ്പോള്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധ്യക്ഷനാണ് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍.
മാധ്യമങ്ങളും നിയമ വിദ്യാര്‍ഥിനിയും അടക്കം കേസില്‍ പ്രതിസ്ഥാനത്തുള്ള ഒന്ന് മുതല്‍ അഞ്ച് വരെ പേരെ, കേസിന്റെ വാര്‍ത്തയും ജസ്റ്റിസിന്റെ ഫോട്ടോയും പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും കോടതി വിലക്കിയിട്ടുണ്ട്. ഈ ഉത്തരവിന,് കേസ് അടുത്ത് പരിഗണിക്കുന്ന ഫെബ്രുവരി 24 വരെ പ്രാബല്യമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നിയമ വിദ്യാര്‍ഥിനിക്കും രണ്ട് ഇംഗ്ലീഷ് ന്യൂസ് ചാനലുകള്‍ക്കും ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിനും കോടതി നോട്ടീസ് അയച്ചു.
ഈ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതും വിലക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഉത്തരവ് നല്‍കുന്നത് കോടതി മാറ്റിവെച്ചതായിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും പഴയ പരിപാടികള്‍ ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്യാന്‍ അനുവദിക്കരുതെന്നും കുമാര്‍ അഭ്യര്‍ഥിച്ചിരുന്നു. നിയമ വിദ്യാര്‍ഥിനി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിലൂടെ തനിക്കുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരമായി അഞ്ച് കോടി രൂപ നല്‍കണമെന്നും ജ. കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്താഗിയാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്. അഭിഭാഷകന്‍, ഹൈക്കോടതി ജഡ്ജി, സുപ്രീം കോടതി ജഡ്ജി എന്നീ നിലകളില്‍ 43 വര്‍ഷത്തെ സേവന ചരിത്രമുള്ള ആളാണ് ജ. കുമാറെന്ന് റൊഹ്താഗി പറഞ്ഞു.

Latest