Connect with us

Kozhikode

വിജയം തുടരാന്‍ ഗോവന്‍ കരുത്തര്‍

Published

|

Last Updated

കോഴിക്കോട്: ഫെഡറേഷന്‍ കപ്പില്‍ ജൈത്രയാത്ര തുടരാന്‍ ഗോവന്‍ ക്ലബ്ബുകളായ ഡെംപോയും ചര്‍ച്ചിലും ഇന്ന് കളത്തില്‍. മഞ്ചേരിയില്‍ നടക്കുന്ന മത്സരത്തില്‍ സിക്കിം യുനൈറ്റഡാണ് ഡെംപോയുടെ എതിരാളി. കൊച്ചിയില്‍ ചര്‍ച്ചിലിന്റെ പ്രതിയോഗി ആതിഥേയ ടീം ഈഗിള്‍സ് എഫ് സി. മഞ്ചേരിയിലെ മറ്റൊരു മത്സരത്തില്‍ ഭവാനിപുര്‍ എഫ് സിയും മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗും തമ്മിലാണ്. കൊച്ചിയില്‍ യുനൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും പൂനെ എഫ് സിയും നേര്‍ക്കുനേര്‍ വരും.
മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനോട് 2-1ന് പരാജയപ്പെട്ട സിക്കിം യുനൈറ്റഡിന് നോക്കൗട്ട് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യം.
ഡെംപോ ഗോവക്കെതിരെ മികച്ച പ്രകടനം തന്നെ ബൈച്ചുംഗ് ബൂട്ടിയയുടെ നാട്ടുകാര്‍ പുറത്തെടുക്കണം.
മുഹമ്മദന്‍സിനെതിരെ ഒപ്പത്തിനൊപ്പം മികച്ച പാസിംഗുകള്‍ നടത്തിയ സിക്കിം മഞ്ചേരിയുടെ മനം കവര്‍ന്നിരുന്നു. ഭവാനിപുര്‍ എഫ് സിക്കെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം ഡെംപോ നടത്തിയ തിരിച്ചുവരവും മികച്ചതായിരുന്നു. രണ്ടാം പകുതിയില്‍, ആല്‍വിന്‍ ജോര്‍ജ് പകരക്കാരന്റെ റോളില്‍ ഡെംപോയുടെ മിഡ്ഫീല്‍ഡ് ഗെയിമിന് നല്‍കുന്ന ചടുലത എതിരാളികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
അലസതയില്‍ നിന്ന് പൊടുന്നനെ മത്സരഗതി മാറ്റുന്ന ബെറ്റോയും മഞ്ചേരിയുടെ താരമായിക്കഴിഞ്ഞു. വിംഗുകളില്‍ വിശ്രമമില്ലാതെ കുതിച്ചെത്തുന്ന ക്യാപ്റ്റന്‍ ക്ലിഫോര്‍ഡ് മിറാന്‍ഡയും സിക്കിമിന് തലവേദനയാകും. ആദ്യകളിയില്‍ നിറം മങ്ങിയ ജെജെ ഉഗ്രന്‍ ഫോമിലേക്കുയര്‍ന്നാല്‍ സ്റ്റേഡിയത്തില്‍ ഗോള്‍ ആഘോഷത്തിന്റെ രാവാകും.

Latest