Connect with us

Editorial

തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കണം

Published

|

Last Updated

തൊഴിലുറപ്പ് പദ്ധതി കേരളത്തില്‍ ലക്ഷ്യം വരിക്കുന്നില്ലെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) വിമര്‍ശം ശരിവെക്കുന്നതാണ്, മുന്‍ എം എല്‍ എ. എം മുരളിയുടെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം സക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. പേരിനൊരു തൊഴില്‍ എന്ന നിലവിലെ അവസ്ഥയില്‍ നിന്ന് ഉദ്പാദനപരമായ ആസ്തി സൃഷ്ടിക്കുന്ന സ്ഥിതിയിലേക്ക് മാറിയെങ്കിലേ ഇത് നാടിനും തൊഴിലാളികള്‍ക്കും ഉപകാരപ്രദമാസുകയുള്ളുവെന്നാണ് പദ്ധതി കാര്യക്ഷമമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച സമിതിയുടെ വിലയിരുത്തല്‍. ഇതര സര്‍ക്കാര്‍ പദ്ധതികളുമായും വികസനപ്രവര്‍ത്തനങ്ങളുമായും തൊഴിലുറപ്പ് പദ്ധതിയെ ബന്ധിപ്പിക്കുക, കാര്‍ഷിക മേഖലയില്‍ കൂടുതലായി പ്രയോജനപ്പെടുത്തുക, മറ്റു വികസനവകുപ്പുകളുടെ പണവും സാങ്കേതിക പരിജ്ഞാനവും തൊഴിലുറപ്പില്‍ ഉപയോഗപ്പെടുത്തുക, ലേബര്‍ ഗ്രൂപ്പുകള്‍ രൂപവത്കരിച്ചും പാട്ടക്കൃഷി നടത്തിയും ഉത്പാദനോന്മുഖമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സമതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഗ്രാമീണ ജനതയില്‍ തൊഴില്‍ ഉറപ്പാക്കാനുള്ള ലക്ഷ്യത്തോടെയാണ് യു പി എ സര്‍ക്കാര്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005 നടപ്പാക്കിയത്. തൊഴിലിനുള്ള മൗലികാവകാശവും മിനിമം കൂലിയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനവും ഉറപ്പ് നല്‍കുന്ന പദ്ധതി, കേരളത്തില്‍ കേവലം കാടുവെട്ടിലും പുല്ല് ചെത്തലിലും ഒതുങ്ങിപ്പോയെന്ന് സി ഐ ജി നേരത്തെ വിലയിരുത്തിയിരുന്നു. മാത്രമല്ല, അധ്വാനിക്കാന്‍ മനസ്സുള്ളവരെ പോലും പദ്ധതി കുഴിമടിയന്മാരും അലസരുമാക്കി മാറ്റുന്നുവെന്ന പരാതിയും വ്യാപകമാണ്. കാലത്ത് ഒമ്പത് മണിക്ക് പണിസ്ഥലത്തെത്തുന്ന തൊഴിലാളികള്‍ രജസ്റ്ററില്‍ ഒപ്പ് വെക്കലും മറ്റു പ്രാരംഭ ചടങ്ങുകളും കഴിഞ്ഞു പണിക്കിറങ്ങുമ്പോഴേക്ക് സമയം പത്താകും. അര മണിക്കൂര്‍ ഇടവിട്ട് വിശ്രമവും ചായകുടിയും ഉച്ചയൂണുമെല്ലാം കഴിഞ്ഞാല്‍ അധ്വാനസമയം തുലോം കുറവാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുന്ന പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരുടെ ഭാര്യമാരും ബന്ധുക്കളും പണി സ്ഥലത്ത് വല്ലപ്പോഴുമൊന്ന് സന്ദര്‍ശനം നടത്തി കൂലി വാങ്ങുന്നതായും ആരോപണമുണ്ട്.
ഉത്തരേന്ത്യയിലെ വളരെ പിന്നാക്ക സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങള്‍ ആവിഷ്‌കരിച്ചത്. മുന്നാക്ക സംസ്ഥാനമായ കേരളത്തിന് അനനുയോജ്യവും അപര്യാപ്തവുമാണ് ഇവയില്‍ പലതും. പദ്ധതിയുടെ മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള ജോലികള്‍ സംസ്ഥാനത്ത് കുറവാണ്. കേരളത്തിന്റെ പരമ്പരാഗത തൊഴിലുകളെ പദ്ധതിയിലുള്‍പ്പെടുത്തുകയും ഉത്പാദനവുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്‌തെങ്കിലേ പദ്ധതി ഇവിടെ കൂടുതല്‍ ഫലവത്താകുകയുള്ളു. ഇതടിസ്ഥാനത്തില്‍ ഫണ്ടിന്റെ 25 ശതമാനമെങ്കിലും സംസ്ഥാനത്തിന്റെ സാഹചര്യത്തിനനുസരിച്ച് ചെലവഴിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നതാണ്. ഇതേക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അത് പാഴ്‌വാക്കായി മാറി.
ഒരു കുടുംബത്തിന് വര്‍ഷംപ്രതി 100 ദിവസത്തെ തൊഴിലെന്ന ലക്ഷ്യം കൈവരിക്കണമെങ്കിലും പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും വേതനം പരിഷ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്ത് 16 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളായുള്ള പദ്ധതിയില്‍ 3.4 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കാനായത്. ഇത് കേരളത്തില്‍ തൊഴില്‍ രഹിതരില്ലാത്തത് കൊണ്ടല്ല. 2012-13 ലെ സാമ്പത്തിക സര്‍വേ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്ത് ഓരോ ആയിരം പേരിലും നഗരങ്ങളില്‍ 73 പേരും ഗ്രാമങ്ങളില്‍ 75 പേരും തൊഴില്‍ രഹിതരാണ്. 2012 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടനുസരിച്ച് ഇവിടെ ഏകദേശം 46 ലക്ഷം തൊഴിലന്വേഷകരുമുണ്ട്. എന്നിട്ടും തൊഴിലുറപ്പ് പദ്ധതിയില്‍ ആളുകളെ കിട്ടാതെ വരുന്നത് 180 രുപക്ക് തൊഴിലെടുക്കാന്‍ സന്നദ്ധമല്ലാത്തത് കൊണ്ടാണ്. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ ഭാവിയില്‍ പെന്‍ഷന്‍ കിട്ടിയേക്കുമെന്ന ചിന്തയാണ് നിലവില്‍ പലരേയും ഇവിടെ തുടരാന്‍ പ്രേരിപ്പിക്കുന്നത്. വേതനം 225 രൂപയായി ഉയര്‍ത്തണമെന്ന് സമിതി നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ മറ്റു തൊഴില്‍ മേഖലകളില്‍ കുറഞ്ഞ കൂലി 500 രൂപയാണെന്നിരിക്കെ അതും അപര്യാപ്തമാണ്. എന്നാല്‍ വേതനം വര്‍ധിപ്പിക്കുന്നതോടൊപ്പം അതിനനുസൃതമായി തൊഴില്‍ ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം. മടിയന്മാരെ സൃഷ്ടിക്കുന്ന ഒരേര്‍പ്പാടായി ഇത് തുടരാനനുവദിച്ചു കൂടാ.

 

Latest