നാക്കാണ്, നോക്കണം

Posted on: January 17, 2014 5:58 am | Last updated: January 17, 2014 at 7:55 am

silenceമനുഷ്യ ജീവിതത്തിലുണ്ടാകുന്ന 90 ശതമാനം പരാജയങ്ങള്‍ക്കും കാരണം സംഭാഷണത്തിലെ വൈകല്യമാണ്; നാവിന്റെ പ്രയോഗ ശൈലികളാണ്. മറ്റുള്ളവരെ മുറിപ്പെടുത്താത്ത സംഭാഷണചാതുര്യമാണ്; നയസമീപനമാണ് ജീവിത വിജയം നേടിത്തരുന്നത്. ദബോറാ സ്മിത്ത് പെഗ്യൂസ് എന്ന എഴുത്തുകാരി നാവിന്റെ പ്രയോഗങ്ങളെ 30 ആയി തരം തിരിക്കുന്നു. 1. നുണ പറയുന്ന നാവ്, 2. പൊങ്ങച്ചം പറയുന്ന നാവ്. 3. കൗശലം പ്രയോഗിക്കുന്ന നാവ്, 4. അക്ഷമമായ നാവ്, 5. ഭിന്നിപ്പിക്കുന്ന നാവ്, 6. തര്‍ക്കിക്കുന്ന നാവ്, 7. സ്വയം പുകഴ്ത്തുന്ന നാവ്, 8. അപകര്‍ഷത പ്രകാശിപ്പിക്കുന്ന നാവ്, 9. ദൂഷണം പറയുന്ന നാവ്, 10. ഊഹാപോഹം പറയുന്ന നാവ്, 11. ഇടക്ക് കയറി പറയുന്ന നാവ്, 12. ഒറ്റിക്കൊടുക്കുന്ന നാവ്, 13. മറ്റുള്ളവരെ കൊച്ചാക്കുന്ന നാവ്, 14. നിന്ദിക്കുന്ന നാവ്, 15. എല്ലാം അറിയുന്നതായി ഭാവിക്കുന്ന നാവ്, 16. പരുഷമായ നാവ്, 17. നയം ഇല്ലാത്ത നാവ്, 18. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന നാവ്, 19. പ്രാകൃത നാവ്, 20. എന്തിനും വിധി പ്രസ്താവിക്കുന്ന നാവ്, 21. സ്വാര്‍ത്തത്തില്‍ മുഴുകിയ നാവ്, 22. ശപിക്കുന്ന നാവ്, 23. പ്രതികാരത്തിനു വെമ്പുന്ന നാവ്, 24. കുറ്റപ്പെടുത്തുന്ന നാവ്, 25. നിരുത്സാഹപ്പെടുത്തുന്ന നാവ്, 26. എന്തും സംശയിക്കുന്ന നാവ്, 27. വായാടിയായ നാവ്, 28. വിവേകശൂന്യമായ നാവ്, 29. പരാതി മാത്രം പറയുന്ന നാവ്, 30. നിശ്ശബ്ദമായ നാവ്. ഒരു ദിവസം ഒരിനം എന്നവിധം 30 ദിവസം കൊണ്ട് നാവിനെ മെരുക്കിയെടുക്കാം.

മനസ്സെന്ന കടിഞ്ഞാണ്‍ ഒരു നിമിഷത്തേക്ക് ഒന്നു മാറിയാല്‍ വലിയ ഭൂകമ്പം ഉണ്ടാക്കും നാവ്. മേല്‍ സൂചിപ്പിച്ച 30 തരം പ്രയോഗങ്ങളും നെഗറ്റീവായ ഫലം പുറപ്പെടുവിക്കുന്നതാണ്. അവയുടെ പോസിറ്റീവായ വശം/മറുവശം കണ്ടെത്തി അപ്രകാരം സംഭാഷണം നടത്തിയാല്‍ ജീവിതത്തില്‍ വിജയം കൈവരിക്കാം.
സത്യം പറയുന്ന, പൊങ്ങച്ചം പറയാത്ത, കാപട്യമില്ലാത്ത, ക്ഷമയുള്ള, ഭിന്നിപ്പിക്കാത്ത, തര്‍ക്കിക്കാതെ അഭിപ്രായം/ നിലപാട് അറിയിക്കുന്ന, സ്വയം പുകഴ്ത്താത്ത, അപകര്‍ഷ മനോഭാവ മില്ലാത്ത, പരദൂഷണം പറയാത്ത, കേട്ടുകേള്‍വി പ്രചരിപ്പിക്കാത്ത, ഇടക്കു കയറി പറയാത്ത, ഒറ്റുകൊടുക്കാത്ത, മറ്റുള്ളവരെ ആദരിക്കുന്ന, ബഹുമാനിക്കുന്ന, എളിമയുള്ള, സൗമ്യമായ, നയമുള്ള, ഭീഷണിപ്പെടുത്താത്ത, സംസ്‌കാരമുള്ള, വിധിക്കാത്ത, നിസ്വാര്‍ഥമായ, അനുഗ്രഹിക്കുന്ന, പ്രതികാരമില്ലാത്ത, കുറ്റപ്പെടുത്താത്ത, പ്രോത്സാഹിപ്പിക്കുന്ന, സംശയിക്കാത്ത, മിതത്വം പാലിക്കുന്ന, വിവേകമുള്ള, പരാതിയില്ലാത്ത, ക്രിയാത്മകമായി പ്രതികരിക്കുന്ന നാവിനെയാണ് രൂപപ്പെടുത്തേണ്ടത്.
‘നാവ് നന്നായാല്‍ മതി നാട് നന്നാകും’, ‘നാവ് തന്നെ നരകവും നാവ് തന്നെ സ്വര്‍ഗവും’, ‘നാക്കുള്ളവന് നാട്ടില്‍ പാതി’, ‘നാക്കുള്ളവനെ തൂക്കുകയില്ല’”തുടങ്ങിയ ചൊല്ലുകളെല്ലാം സംഭാഷണം എങ്ങനെയായിരിക്കണമെന്ന് നമ്മെ ചിന്തിപ്പിക്കുന്നു. ശത്രുവിനെ മിത്രമാക്കുന്നതും മിത്രത്തെ ശത്രുവാക്കുന്നതും നാവാണ്. മാന്യത സ്പര്‍ശിക്കുന്ന ശബ്ദം, സൗഹാര്‍ദ സമീപനം, സംഭാഷണത്തില്‍ ആദരവ്, ക്ഷമ, ലളിതമായ ഭാഷ എന്നിവയാണ് സംഭാഷണത്തിലെ മുഖ്യ ഘടകങ്ങള്‍. ഇവ പരിശീലിച്ചാല്‍ സംഭാഷണം ഹൃദ്യമാകും.
ദൈവം മനുഷ്യന് നല്‍കിയിട്ടുള്ള വരദാനമാണ് സംഭാഷണത്തിനുള്ള കഴിവ്. വ്യക്തിബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ശിഥിലമാക്കുന്നതിനും സംഭാഷണം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരാളുടെ സംഭാഷണം അയാളുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുന്നത്. ധാര്‍മികബോധം, ജീവിത ദര്‍ശനം എന്നിവ അയാളുടെ സംഭാഷണത്തില്‍ പ്രതിഫലിക്കും.

സംഭാഷണങ്ങളെ മൂന്നായി തരം തിരിക്കാം. സമാന്തര സംഭാഷണം (ഒത്തു പറച്ചില്‍), വിരുദ്ധ സംഭാഷണം (എതിര്‍ത്തുപറച്ചില്‍), ഒളിച്ചു വെച്ചുള്ള സംഭാഷണം (വെച്ചു പറച്ചില്‍). സൗഹാര്‍ദപരമായ സംഭാഷണത്തെയാണ് ഒത്തു പറച്ചില്‍ അഥവാ സമാന്തര സംഭാഷണം എന്നു പറയുക. ഒരാള്‍ പറയുന്നത് ശ്രവിച്ച ശേഷം തക്കതായ മറുപടി പറയുന്നു. അങ്ങനെ പ്രതീക്ഷിച്ചതും ഉചിതവുമായ മറുപടി പറഞ്ഞ് സൗഹാര്‍ദപരമായി, ഹൃദയഹാരിയായി സംഭാഷണം തുടര്‍ന്നാല്‍ വ്യക്തിബന്ധങ്ങള്‍ ദൃഢമാകും. നമ്മുടെ സംഭാഷണത്തിനുള്ള പ്രതികരണം അപ്രതീക്ഷിതവും അനുചിതവുമാകുമ്പോള്‍ വിരുദ്ധസംഭാഷണമാകുന്നു. ഈ എതിര്‍ത്തു പറച്ചില്‍ മൂലം വ്യക്തിവൈരാഗ്യങ്ങള്‍, കുടുംബലഹളകള്‍ എന്നിവ തൊട്ട് വര്‍ഗീയ കലാപങ്ങളും യുദ്ധങ്ങളും വരെയുണ്ടാകുന്നു. ഒളിച്ചുവെച്ചുള്ള സംഭാഷണങ്ങള്‍ക്ക് ഗൂഢമായ അര്‍ഥതലം കൂടി ഉണ്ടാക്കും. ഇത്തരം സംഭാഷണം സൗഹാര്‍ദപരമാകണമെന്നില്ല. ഗൂഢസംഭാഷണം വൈരാഗ്യത്തിന് വഴിതെളിച്ചേക്കാം.

നല്ല കേള്‍വിക്കാരനേ നല്ല സംഭാഷണ ചാതുരനാകാന്‍ കഴിയൂ. കേള്‍ക്കുന്നതില്‍ താത്പര്യം വ്യക്തമാകുന്ന മുഖഭാവം വേണം. സംസാരിക്കുമ്പോള്‍ അപരന്റെ നെറ്റിക്കും മൂക്കിനുമിടയില്‍ കേന്ദ്രീകരിക്കുന്നതാണ് പ്രഫഷണല്‍ സമീപനം. വസ്തുത മനസ്സിലായ കാര്യം മുഖഭാവം കൊണ്ടോ തലയാട്ടിയോ ബോധ്യപ്പെടുത്താം.
സുസ്‌മേരവദനരായി ശാന്തതയോടെ, ബഹുമാനം നല്‍കി സംസാരിക്കുക. ക്ഷമയോടെ കേള്‍ക്കുക. കേള്‍ക്കുന്നയാള്‍ തന്റെ ഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും സംഭാഷണത്തില്‍ താത്്പര്യം പ്രകടിപ്പിക്കണം. യുക്തവും പ്രസക്തവുമായ ചെറു ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും സംഭാഷണ പുരോഗതിയെ സഹായിക്കും. കോമാളിത്തമില്ലാത്ത ഹൃദ്യത, കൃത്രിമത്വം ഇല്ലാത്ത നര്‍മം, മര്യാദ പുലര്‍ത്തുന്ന സ്വാതന്ത്ര്യം, പാണ്ഡിത്യ പ്രകടനമില്ലാത്ത അറിവ്, കളവില്ലാത്ത പുതുമ എന്നിവ സംഭാഷണത്തെ ആകര്‍ഷകമാക്കുമെന്ന് ഷേക്‌സ്പിയര്‍ പറയുന്നു.

പൊങ്ങച്ചത്തിന്റെ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ഇല്ലാതെ സാധാരണ മനുഷ്യരെ പോലെ, ദുരഭിമാനം വെടിഞ്ഞ് സംസാരിക്കുന്നവരെയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുക. ഞാനെന്ന ഭാവം” അസഹ്യതയാണ് ഉളവാക്കുക. അംഗവിക്ഷേപങ്ങളും പൊടിപ്പും തൊങ്ങലും ഒഴിവാക്കുക. ആധിപത്യ പ്രവണത സംഭാഷണത്തില്‍ ഒഴിവാക്കണം.
വാദപ്രതിവാദത്തില്‍ കഴിവതും ഇടപെടരുത്. വെറുതെ തര്‍ക്കിക്കുകയുമരുത്. തര്‍ക്കിച്ചാല്‍ ഒരാള്‍ പരാജയപ്പെടും. പരാജിതനില്‍ കോപം, അരിശം, വിദേ്വഷം, പക, പ്രതികാരചിന്ത എന്നിവ ഉടലെടുക്കും. നാശമാകും ഫലം. കേള്‍വിക്കാരന്‍ ‘മതി; നിര്‍ത്ത്”എന്ന് പറയാനിടവരരുത്. അഭിനന്ദിക്കുന്ന, നന്മകള്‍ പറയുന്ന സംഭാഷണ ശൈലിയുടെ ഉടമയാകുക. സൗമ്യത കൈവെടിയാതെയിരിക്കുക.

കാര്‍ഡിനല്‍ ന്യൂമാന്റെ വരികളാണിവ. വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ മറ്റുള്ളവരെ വേദനിപ്പിക്കാത്തവരാണ് മാന്യര്‍. വാക്കുകൊണ്ടുള്ള മുറിവുകള്‍ നാവിനെ നിയന്ത്രിച്ചാല്‍ ഒഴിവാക്കാന്‍ സാധിക്കും. ഓര്‍ക്കുക; നയചാതുര്യമാണ് കഴിവിനേക്കാള്‍ പ്രധാനം. നയമെന്നത് ഒരു ലൈഫ് ബെല്‍റ്റാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നത് ചെയ്യുന്നതിന് മറ്റുള്ളവരെ സമ്മതിപ്പിക്കാന്‍ നയം നിങ്ങളെ സഹായിക്കുന്നു. അത് വിജയത്തിലേക്കുള്ള കുതിപ്പാണ്. നാവിനെ അനുദിനം മെരുക്കിയെടുത്താല്‍ നിങ്ങള്‍ക്കും വിജയിയാകാം.