Connect with us

Eranakulam

സംസ്ഥാനത്ത് രാഷ്ട്രീയക്കാരുടെ തേര്‍വാഴ്ച: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് നിലനില്‍ക്കുന്നത് രാഷ്ട്രീയക്കാരുടെയും തൊഴിലാളി യൂനിയനുകളുടെയും തേര്‍വാഴ്ചയാണെന്ന് ഹൈക്കോടതി. ഈ നില തുടര്‍ന്നാല്‍ അരാജകത്വമാകും ഫലമെന്നും ഇതിന് അധികകാലം വേണ്ടിവരില്ലെന്നും ജസ്റ്റിസുമാരായ എസ് സിരിജഗനും കെ രാമകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. രാഷ്ട്രീയക്കാരും തൊഴിലാളി യൂനിയനുകളും ആവശ്യപ്പെടും വിധമാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാരണത്താലാണ് സര്‍ക്കാറിനെതിരെ കോടതികള്‍ക്ക് പരാമര്‍ശങ്ങള്‍ നടത്തേണ്ടിവരുന്നതെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

നിയമങ്ങളും ചട്ടങ്ങളും നോക്കാതെ തമ്മിലടിക്കുകയും തൊഴിലാളി യൂനിയനുകളുടെ ആവശ്യാര്‍ഥം ഉദ്യോഗസ്ഥര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും അവ കോടതിയില്‍ ചോദ്യം ചെയ്യുപ്പെടുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പഴി കേള്‍ക്കേണ്ടി വരികയും ചെയ്യുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ വ്യക്തിയുടെ കച്ചവട സ്ഥാപനത്തിന് മുന്നിലുള്ള അനധികൃത ഓട്ടോ സ്റ്റാന്‍ഡ് നീക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
മാള പുത്തന്‍ചിറ സ്വദേശി ഉമര്‍ ഫാറൂഖാണ് അനധികൃത പാര്‍ക്കിംഗിനെതിരെ കോടതിയെ സമീപിച്ചത്. എന്നാല്‍, പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി കൈയേറിയാണ് ഹരജിക്കാരന്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നും ഭൂമി അളന്നു തിട്ടപ്പെടുത്തുന്നത് തടയാനാണ് ഹരജിയെന്നും കേസില്‍ കക്ഷിചേര്‍ത്ത ഓട്ടോറിക്ഷാ തൊഴിലാളി വി കെ ബഷീര്‍ ബോധിപ്പിച്ചു.
പഞ്ചായത്തിന്റെ അംഗീകാരമില്ലാത്തതിനാല്‍ നിലവിലെ പ്രദേശത്ത് ഓട്ടോറിക്ഷകളോ മറ്റു വാഹനങ്ങളോ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുതെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. അംഗീകൃത ഓട്ടോക്ഷാ സ്റ്റാന്‍ഡ് അനുവദിക്കണമെന്ന ഓട്ടോറിക്ഷാ തൊഴിലാളികളുടെ അപേക്ഷ ലഭിച്ചാല്‍ പഞ്ചായത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.