വോളി താരം സ്വര്‍ണാഭരണം കവര്‍ന്നു; രക്ഷിതാക്കള്‍ തിരിച്ചേല്‍പ്പിച്ചു

Posted on: January 17, 2014 12:03 am | Last updated: January 17, 2014 at 12:03 am

നീലേശ്വരം: വോളിബോള്‍ താരങ്ങള്‍ക്ക് വിശ്രമത്തിന് അനുവദിച്ച വീട്ടില്‍ നിന്ന് മോഷണം പോയ 25 പവന്‍ സ്വര്‍ണാഭരങ്ങള്‍ നാടകീയമായി തിരിച്ചുകിട്ടി. സംഭവം പോലീസ് അന്വേഷിക്കുന്നതിനിടെ പതിനെട്ടുകാരിയായ താരത്തിന്റെ മാതാപിതാക്കള്‍ ആഭരണങ്ങള്‍ വീട്ടുകാര്‍ക്ക് എത്തിക്കുകയായിരുന്നു.

കരിന്തളത്ത് നടക്കുന്ന കെ ചിണ്ടേട്ടന്‍ ട്രോഫി വോളിബോള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ താരങ്ങള്‍ വിശ്രമത്തിനും വസ്ത്രങ്ങള്‍ മാറാനും ഉപയോഗിച്ച അശോകന്റെ വീട്ടില്‍ നിന്നാണ് ആഭരണങ്ങളും മേക്കപ്പ് സാധനങ്ങളും മോഷണം പോയിരുന്നത്. നീലേശ്വരം പോലീസിന്റെ അന്വേഷണത്തില്‍ കോഴിക്കോട്ടുകാരി താരമാണ് മോഷണത്തിനു പിന്നിലെന്ന് വ്യക്തമായി. വിവരം വീട്ടില്‍ അറിഞ്ഞതോടെ മാതാപിതാക്കള്‍ സ്വര്‍ണം തിരിച്ചേല്‍പ്പിച്ചു. അശോകന്‍ പരാതി പിന്‍വലിക്കുകയും ചെയ്തു. തലശ്ശേരി സായി ടീമിലെയും തിരുവനന്തപുരം കെ എസ് ഇ ബി ടീമിലെയും വനിതാ താരങ്ങളാണ് അശോകന്റെ വീടിന്റെ രണ്ടാം നിലയിലുള്ള മുറി ഉപയോഗിച്ചിരുന്നത്. ആവശ്യം കഴിഞ്ഞ് ഇവര്‍ തിരിച്ചുപോവുകയും ചെയ്തു. തുടര്‍ന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്. വിവരം വീട്ടുകാര്‍ വോളിബോള്‍ സംഘാടകരെ ധരിച്ചു. സായി ടീമിലെ ഒരു താരം മൊബൈല്‍ ഫോണ്‍ മറന്നുവെച്ചെന്ന് പറഞ്ഞ് വീണ്ടും മുറിക്കകത്ത് കയറിയത് സംഘാടകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.
പി കരുണാകരന്‍ എം പി ഉള്‍പ്പെടെയുള്ള സംഘാടകര്‍ കോഴിക്കോട്ട് വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ബശീര്‍ നാലകത്തുമായി ബന്ധപ്പെട്ടു. അദ്ദേഹം ഈ താരത്തിന്റെ വീട്ടുകാരുമായി സംസാരിച്ചതോടെയാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. മാതാപിതാക്കള്‍ മകളുടെ ബാഗ് പരിശോധിച്ച് ആഭരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ അംഗമാണ് ഈ കളിക്കാരി. പിതാവ് വിദേശത്താണ്. താരത്തിനെതിരെ വോളിബോള്‍ അസോസിയേഷന്‍ നടപടി സ്വീകരിക്കുമെന്നറിയുന്നു.