സ്വര്‍ണക്കപ്പ് എത്തി; കലോത്സവത്തിന് ഇനി രണ്ട് നാള്‍

Posted on: January 17, 2014 12:02 am | Last updated: January 21, 2014 at 9:32 pm

school kalothsavuമണ്ണാര്‍ക്കാട്/പാലക്കാട്: സ്വര്‍ണക്കപ്പ് എത്തിയതോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആരവങ്ങളിലേക്ക് പാലക്കാട് ഉണര്‍ന്നു. പോയ വര്‍ഷം തീപ്പാറുന്ന മത്സരത്തിനൊടുവില്‍ കോഴിക്കോട് ജില്ല കൈയ്യടക്കിയ സ്വര്‍ണക്കപ്പ് ഇന്നലെ കലോത്സവത്തിന്റെ വിളംബരം മുഴക്കിയ ഘോഷയാത്രയോടെ കലോത്സവ നഗരിയിലെത്തി. കാലത്ത് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ജില്ലാ അതിര്‍ത്തി പ്രദേശമായ കാഞ്ഞിരമ്പാറയില്‍ വെച്ച് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ കലോത്സവത്തിന്റെ ആകര്‍ഷണമായ സ്വര്‍ണക്കപ്പ് പാലക്കാട് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ക്ക് കൈമാറി. തുടര്‍ന്ന് വാദ്യമേളങ്ങളും തനത് കലാരൂപങ്ങളുമായി നിരവധി കേന്ദ്രങ്ങളിലെ സ്വീകരണത്തിനൊടുവില്‍ കപ്പ് പാലക്കാട്ടെത്തി.

തുറന്ന വാഹനത്തില്‍ പ്രദര്‍ശിപ്പിച്ച സ്വര്‍ണക്കപ്പിനെ ജനപ്രതിനിധികളും വിദ്യാഭ്യാസ അധികൃതരും വിദ്യാര്‍ഥികളും നാട്ടുകാരും അനുഗമിച്ചു. അമ്പത്തിനാലാമത് കലോത്സവത്തിന്റെ അടയാളമായി അമ്പത്തിനാല് ബൈക്കുകളുടെ അകമ്പടിയോടെയാണ് കപ്പ് കലോത്സവ നഗരിയില്‍ പ്രവേശിച്ചത്.
കലോത്സവ കാഴ്ചകള്‍ക്ക് രണ്ട് നാള്‍ മാത്രം ശേഷിക്കെ പാലക്കാട് അവസാനവട്ട ഒരുക്കത്തിലാണ്. വേദികളെല്ലാം കൗമാര പ്രതിഭകള്‍ക്കായി ഒരുങ്ങി. ഭക്ഷണശാലയില്‍ സദ്യവട്ടങ്ങള്‍ക്കുള്ള ഒരുക്കങ്ങളും തകൃതി. അപ്പീലുകള്‍ക്ക് ഇക്കുറി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പല ജില്ലകളിലും അപ്പീല്‍ കിട്ടാത്തതിന്റെ പേരിലുള്ള അപസ്വരങ്ങള്‍ ഇത്തവണ പതിവിലേറെയാണ്. ഇതിന്റെ തലവേദനയാകും ഇത്തവണ കലോത്സവ സംഘാടകരെ ഏറെ അലട്ടുക. എന്‍ട്രി സമര്‍പ്പണം ഇതിനകം പൂര്‍ത്തിയായി.
അപ്പീല്‍ ഒഴികെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 8,185 എന്‍ട്രികളാണ് ലഭിച്ചത്. അപ്പീല്‍ വഴിയുള്ള എന്‍ട്രികള്‍ കൂടി എത്തിക്കഴിയുമ്പോള്‍ സംഘാടകരുടെ കണക്ക് തെറ്റും. കോടതി മുഖേനയുള്ള അപ്പീലുകള്‍ കൂടി എത്തുന്നതോടെ മത്സരങ്ങളുടെസമയ ക്രമം പോലും പാളും. രജിസ്‌ട്രേഷന്‍ പത്തൊമ്പതിന് കാലത്ത് ആരംഭിക്കും.