Connect with us

Kasargod

പോലീസിനു നേരെ അക്രമം: 50പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Published

|

Last Updated

കാഞ്ഞങ്ങാട്: നബിദിന റാലിയില്‍ ജമാഅത്ത് കമ്മിറ്റികളുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി വേഷം ധരിച്ച് പരേഡ് നടത്തിയ സംഭവം ആറങ്ങാടിയില്‍ സംഘര്‍ഷത്തിനിടയാക്കി. കഴിഞ്ഞദിവസം രാത്രി നബിദിനാഘോഷത്തോടനുബന്ധിച്ച് മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടക്കുന്നതിനിടയില്‍ ജമാഅത്ത് പള്ളി പരിസരത്തെത്തിയ ഒരുകൂട്ടം യുവാക്കള്‍ പരേഡില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കണമെന്ന്ആവശ്യപ്പെട്ടതാണത്രെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
ജമാഅത്ത് കമ്മിറ്റിയുടെ വിലക്ക് ലംഘിച്ച് പരേഡ് നടത്തിയവര്‍ക്ക് സമ്മാനം നല്‍കാന്‍ കഴിയില്ലെന്ന് സെക്രട്ടറിയും മറ്റ് ജമാഅത്ത് കമ്മിററി ഭാരവാഹികളും നിലപാടെടുത്തത് ഇവര്‍ ചോദ്യം ചെയ്തു. ഇതിനിടയില്‍ ജമാഅത്ത് സെക്രട്ടറിയെ ചിലര്‍ കൈയ്യേറ്റം ചെയ്തു.
പിന്നീട് ജമാഅത്ത് പ്രസിഡണ്ട് എം കെ കുഞ്ഞബ്ദുല്ല ഹാജിയുടെ വീടിന് നേരെ ഒരു സംഘം കല്ലേറ് നടത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ യുവാക്കള്‍ നേരിട്ടു.
പോലീസിന് നേരെയുണ്ടായ കല്ലേറില്‍ വെള്ളരിക്കുണ്ട് സി ഐ എം വി അനില്‍കുമാര്‍, ഹൊസ്ദുര്‍ഗ് അഡീ.എസ് ഐ സുരേന്ദ്രന്‍, കാസര്‍കോട് എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് തുടങ്ങിയവര്‍ക്ക് പരുക്കേറ്റു. ഇവര്‍ രാത്രി തന്നെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന അമ്പതു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു.