വീടുകള്‍ക്ക് അഗ്നിശമന സംവിധാനം നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു

Posted on: January 16, 2014 9:00 pm | Last updated: January 16, 2014 at 9:43 pm

ദുബൈ: അധികം വൈകാതെ വീടുകള്‍ക്കും വില്ലകള്‍ക്കും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കാവുന്ന അഗ്നിശമന സംവിധാനം നിര്‍ബന്ധമാക്കുമെന്ന് ദുബൈ സിവില്‍ ഡിഫന്‍സ്.

പുതുതായി നിര്‍മിക്കുന്ന വില്ലകള്‍ക്കും അപാര്‍ട്ട്‌മെന്റുകള്‍ക്കുമാവും അഗ്നിബാധയെക്കുറിച്ച് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന അലാം ഉള്‍പ്പെടെയുള്ള ഓട്ടോമാറ്റിക് അഗ്നിശമന ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കുക. ഈ മാസം 19 മുതല്‍ 21 വരെ നഗരത്തില്‍ നടക്കുന്ന സുരക്ഷാ ഉപകരണങ്ങളുടെ എക്‌സ്ബിഷനായ ഇന്റര്‍സെക് 2014ന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് ദുബൈ സിവില്‍ ഡിഫന്‍സിന്റെ പ്രിവെന്റീവ് സെയ്ഫ്റ്റി ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലഫ്. കേണല്‍ ജമാല്‍ അഹമ്മദ് ഇബ്രാഹിം ഇക്കാര്യം വ്യക്തമാക്കിയത്.
ഫയര്‍ സ്റ്റേഷന്‍ അധികൃതരെ തീപിടുത്തത്തെക്കുറിച്ച് അറിയിക്കുന്ന വിധത്തിലുള്ള സംവിധാനം നടപ്പാക്കാനാണ് സിവില്‍ ഡിഫന്‍സ് ആലോചിക്കുന്നത്. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ സ്ഥാപിക്കുന്ന തീപിടുത്ത മുന്നറിയിപ്പ് ഉപകരണങ്ങളെ തൊട്ടടുത്തുള്ള ഫയര്‍‌സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിലൂടെയാണ് ഇത് സാധ്യമാവുക. ആദ്യ ഘട്ടമെന്ന നിലയിലാണ് പുതിയ കെട്ടിടങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തുക. ഇതിനുള്ള സമയ പരിധി പിന്നീട് തീരുമാനിക്കും.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പട്ടണങ്ങളുടെ പട്ടികയിലേക്ക് ദുബൈ നഗരത്തെ ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് ഇത്തരം ഒരു ആലോചനക്ക് പിന്നില്‍. ഇന്റര്‍സെക് എക്‌സ്ബിഷനില്‍ ഇതിന് ഉതകുന്ന സംവിധാനങ്ങളുടെ തല്‍സമയ പ്രദര്‍ശനവും നടത്തും. ഇതിലൂടെ അഗ്നിശമന ഉപകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകര്‍ക്ക് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. നിലവില്‍ വില്ലകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ അഗ്നിശമന സംവിധാനങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നാണ് ബോധ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ഘട്ടത്തിലാവൂം നിലവിലെ കെട്ടിടങ്ങളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക. ഇതോടെ പട്ടണത്തിലെ താമസ കെട്ടിടങ്ങള്‍ മുഴുവന്‍ വില്ലകള്‍ ഉള്‍പ്പെടെ സംവിധാനത്തിന്റെ ഭാഗമാവുമെന്നും അദ്ദേഹം പറഞ്ഞു.