Connect with us

Gulf

വിദ്യാഭ്യാസത്തില്‍ ഊന്നിയ ഏഴു വര്‍ഷ അജണ്ടയുമായി യു എ ഇ

Published

|

Last Updated

ദുബൈ; സര്‍വ രംഗത്തും ഒന്നാമതെത്താന്‍ കുതിക്കുന്ന യു എ ഇക്ക് വിദ്യാഭ്യാസത്തില്‍ ഊന്നിയ ഏഴു വര്‍ഷത്തെ ദേശീയ അജണ്ട. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ദേശീയ അജണ്ടയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നിര്‍വഹിച്ചത്. ഫെഡറല്‍-ലോക്കല്‍ മേഖലകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഒത്തുകൂടിയ പ്രൗഢഗംഭീരമായ ചടങ്ങിലാണ് വൈസ് പ്രസിഡന്റ് രാജ്യത്തിന്റെ അടുത്ത ഏഴു വര്‍ഷത്തേക്കുള്ള അജണ്ട പ്രഖ്യാപിച്ചത്. നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് യുദ്ധകാല അടിസ്ഥാനത്തില്‍ ലക്ഷ്യത്തില്‍ എത്തിക്കലും അജണ്ടയുടെ പ്രധാന ലക്ഷ്യമാണ്.

കഴിഞ്ഞ കാലത്ത് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ ലോകം ശ്രദ്ധിക്കുന്ന രീതിയിലുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. ക്രിയാത്മകമായും സ്ഥിരോത്സാഹത്തോടെയും രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ മഹത്തായ പ്രവര്‍ത്തനമാണ് അഭിമാനാര്‍ഹമായ നിലയിലേക്ക് എത്താന്‍ സഹായിച്ചതെന്ന് ശൈഖ് മുഹമ്മദ് അനുസ്മരിച്ചു.
വളര്‍ന്നു വരുന്ന തലമുറക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നതാണ് അജണ്ടയുടെ കാതല്‍. ഘട്ടം ഘട്ടമായി സ്വകാര്യ മേഖലയില്‍ സ്വദേശി വത്ക്കരണം 10 ശതമാനമാക്കാനാണ് അജണ്ടയുടെ പ്രധാന ഉന്നം. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. എന്തുകൊണ്ടാണ് സ്വകാര്യ മേഖലയോട് പൗരന്മാര്‍ക്ക് പ്രതിപത്തിയില്ലാത്തതെന്ന് പരിശോധിക്കും. അവക്ക് പരിഹാരം കാണും. അടുത്ത ഏഴു വര്‍ഷങ്ങള്‍ രാജ്യത്തിനും ജനതക്കും നിര്‍ണായകമായിരിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നൂറു ശതമാനം മികച്ചതായിരുന്നുവെങ്കില്‍ അടുത്ത ഏഴു വര്‍ഷത്തിനകം നാം പ്രതീക്ഷിക്കുന്നത് 200 ശതമാനം മികവാണെന്ന് ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. രാജ്യത്തെ വിദ്യാലയങ്ങളിലേക്ക് ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയും ഭൗതികസാഹചര്യങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യം വെക്കുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

Latest