Connect with us

National

ശശി തരൂര്‍: വിവാദങ്ങളുടെ തോഴന്‍

Published

|

Last Updated

പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ബന്ധപ്പെട്ട് പ്രണയ വിവാദത്തില്‍ അകപ്പെട്ട കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ വിവാദ നായകനാകുന്നത് ഇതാദ്യമല്ല. ചെറുതും വലുതുമായ വിവാദങ്ങളുടെ നീണ്ട നിര തന്നെയുണ്ട് തരൂരിന്റെ ജീവിതരേഖയില്‍.

2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് തരൂര്‍ ആദ്യമായി വിവാദത്തിലകപ്പെട്ടത്. ഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ഇസ്‌റാഈലി പത്രമായ ഹാരറ്റ്‌സില്‍ തരൂര്‍ എഴുതിയ “ഇന്ത്യ ഇസ്‌റാഈലിനോട് അസൂയപ്പെടുന്നു” എന്ന ലേഖനം തരൂരിനെ വല്ലാതെ വലച്ചു. ഫലസ്തീന്‍ ജനതയുടെ വികാരങ്ങളേ മുറിവേല്‍പ്പിക്കുന്നതാണ്‌ ഈ ലേഖനം എന്ന് ആരോപണം ഉയര്‍ന്നു.

ദേശീയ ഗാനവുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത വിവാദം. 2008 ഡിസംബറില്‍ കൊച്ചിയില്‍ ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച കെ പി ഹോര്‍മിസ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത ശശി തരൂര്‍ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ മാതൃകയില്‍ കൈ നെഞ്ചോടു ചേര്‍ത്തു പിടിക്കണമെന്നു നിര്‍ദേശിച്ചത് വന്‍ കോലിളക്കം സൃഷ്ടിച്ചു. തരൂര്‍ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടു. കേസില്‍ പിന്നീട് തരൂരിന് ജാമ്യം ലഭിച്ചു.

2009ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോഴാണ് വിവാദം തരൂരിനെത്തേടി വീണ്ടുമെത്തിയത്. സംസ്ഥാനത്ത് തലമുതിര്‍ന്ന ഒട്ടേറെ പേര്‍ സീറ്റിനായി തിക്കും തിരക്കും കൂട്ടുമ്പോള്‍ പുറത്ത് നിന്നെത്തിയ തരൂരിനെ മത്സരിപ്പിക്കാനുള്ള തീരുമാനം പലരെയും ചൊടിപ്പിച്ചു. തരൂരിന് നന്നായി മലയാളം സംസാരിക്കാന്‍ അറിയില്ലെന്ന് വരെ വിമരശനമുണ്ടായി. പക്ഷേ, സോണിയാ ഗാന്ധിയുടെ പിന്തുണയോടെ അതിനെ എല്ലാം അതിജീവിച്ച് തരൂര്‍ മത്സരിച്ച് ജയിച്ചു.

shashi_tharoor1തുടര്‍ന്ന് മന്ത്രിയായി അധികാരമേറ്റ് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും തരൂര്‍ വീണ്ടും വിവാദ കഥാപാത്രമായി. ഡല്‍ഹിയിലെ അഞ്ച് നില സ്റ്റാര്‍ ഹോട്ടലിലുള്ള താമസമായിരുന്നു ഇത്തവണത്തെ പ്രശ്‌നം. സംഗതി ചൂടേറിയ ചര്‍ച്ചയായതതോടെ അന്നത്തെ ധനമന്ത്രി പ്രണാബ് മുഖര്‍ജി തരൂരിനോട് സ്റ്റാര്‍ ഹോട്ടലിലെ താമസം അവസാനിപ്പിച്ച് ഗവണ്‍മെന്റിന്റെ പാര്‍പ്പിട സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനു പോയ തരൂര്‍ ഇന്ത്യാപാക് പ്രശ്‌നത്തില്‍ സൗദി മധ്യസ്ഥം വഹിക്കണമെന്ന് ആവശ്യപ്പെട്ടതും വിവാദമായി.

ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അടുത്ത വിവാദമെത്തി. വിമാനത്തില്‍ സാധാരണക്കാര്‍ യാത്ര ചെയ്യുന്ന ഇക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസ് എന്ന് വിശേഷിപ്പിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതാണ് പ്രശ്‌നമായത്. ചെലവുചുരുക്കല്‍ നിര്‍ദേശത്തിന്റെ പേരില്‍ നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് “കന്നുകാലി ക്ലാസില്‍” യാത്രചെയ്യുമെന്ന് തരൂര്‍ ട്വിറ്ററില്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതൃത്വം പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വന്നതോടെ തരൂര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞു. വിമാന യാത്രക്കാരെയല്ല താന്‍ ഉദ്ദേശിച്ചതെന്നും, യാത്രക്കാരെ കന്നുകാലികളായി കാണുന്ന എയര്‍ലൈന്‍ കമ്പനികളെയാണ് പരാമര്‍ശത്തിലൂടെ ഉദ്ദേശിച്ചതെന്നും ഇതിനെ എല്ലാവരും തെറ്റിദ്ധരിച്ചുവെന്നുമായിരുന്നു തരൂരിന്റെ വാദം.

taroor and sunandaഇതിനുപിന്നാലെയാണ് 2010 ഏപ്രിലില്‍ തരൂരിന്റെ മന്ത്രിസ്ഥാനം വരെ തെറുപ്പിച്ച വിവാദമുണ്ടായത്. കൊച്ചിയിലെ ഐ പി എല്‍ ഫ്രാഞ്ചൈസിയുമായി തരൂരിനുള്ള ബന്ധം പുറത്തായി. കൊച്ചി ഐ പി എല്ലിന്റെ ഉടമസ്ഥരായ റോണ്‍ഡിവൂ കണ്‍സോര്‍ഷ്യത്തിന്റെ സൗജന്യ ഓഹരികളില്‍ 19 ശതമാനം (ഏകദേശം 70 കോടി രൂപ) തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്‌കറിന് വിയര്‍പ്പ് ഓഹരി എന്ന നിലയില്‍ നല്‍കിയെന്ന ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിയുടെ വെളിപ്പെടുത്തല്‍ തരൂരിന്റെ രാഷ്ട്രീയ ജീവിതത്തെ വിറപ്പിച്ചു. മോഡിയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായി കത്തിപ്പടര്‍ന്നതോടെ മന്‍മോഹന്‍ സിംഗ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കാന്‍ തരൂരിനോട് ആവശ്യപ്പെട്ടു. ഒടുവില്‍ 2010 ഏപ്രില്‍ 18ന് തരൂര്‍ മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നാലെ സുനന്ദ പുഷ്‌കറിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനിടെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ തുക കൈപ്പറ്റിയതായും തരൂരിനെതിരെ ആക്ഷേപമുയര്‍ന്നു.

mahar tararവിവാദങ്ങള്‍ക്ക് തത്ക്കാലത്തേക്ക് അവധി നല്‍കിയ തരൂര്‍ 2012ല്‍ വീണ്ടും കേന്ദ്ര മന്ത്രിസഭയില്‍ മടങ്ങിയെത്തി. മനുഷ്യ വിഭവശേഷി മന്ത്രിയായ തരൂര്‍ ഇപ്പോള്‍ വീണ്ടും പ്രണയ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. പാക് മാധ്യമപ്രവര്‍ത്തകയായ മഹര്‍ തരാറുമായി തരൂരിനുള്ള ബന്ധമാണ് പുറത്തായത്. തരൂര്‍ മഹറിനയച്ച സന്ദേശങ്ങള്‍ ഭാര്യ സുനന്ദ പുഷ്‌കര്‍ പുറത്തുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. തരൂരിനെ വിമര്‍ശിച്ച് സുനന്ദ ട്വിറ്ററില്‍ നടത്തിയ പോസ്റ്റുകളും പുറത്തുവന്നു. ഇരുവരും വിവാഹ മോചനത്തിന്റെ വക്കിലെത്തിയെന്ന നിലയിലേക്ക് വാര്‍ത്തകള്‍ വികസിക്കുന്നതിനിടയിലാണ് ഫേസ്ബുക്കില്‍ സംയുക്ത പ്രസ്താവന എത്തിയത്. തരൂരുമായി പ്രശ്‌നങ്ങളില്ലെന്നും തങ്ങള്‍ സന്തുഷ്ട ജീവിതമാണ് നയിക്കുന്നതെന്നും സുനന്ദ വ്യക്തമാക്കി.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.