നിലപാടിലുറച്ച് ബിന്നി; അച്ചടക്ക നടപടിയുമായി ആം ആദ്മി പാര്‍ട്ടി

Posted on: January 16, 2014 6:20 pm | Last updated: January 16, 2014 at 11:56 pm

KEJARIWAL AND BINNYന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ പ്രതിഷേധക്കൊടി ഉയര്‍ത്തിയ വിനോദ് കുമാര്‍ ബിന്നി എം എല്‍ എക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. ബിന്നിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ലോക്‌സഭാ ടിക്കറ്റ് നിഷേധിക്കപ്പെട്ടതാണ് ഇപ്പോഴത്തെ വിമര്‍ശനത്തിന് കാരണമെന്നും പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് ഘാസിയാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയാണ് ബിന്നിക്കെതിരെ നടപടി സ്വീകരിക്കുക. ഇതിന് മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാമെങ്കിലും അച്ചടക്ക ലംഘനം വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ബിന്നി തന്റെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. ആം ആദ്മി പാര്‍ട്ടി ലക്ഷ്യങ്ങള്‍ മറക്കുകയാണെന്നും അരവിന്ദ് കേജരിവാള്‍ സ്വേച്ഛാധിപതിയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിച്ചത് പാര്‍ട്ടിയുടെ നയംമാറ്റത്തിന് ഉദാഹരണമാണെന്ന് ബിന്നി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്ന് പോലും കേജരിവാള്‍ നടപ്പാക്കിയിട്ടില്ല. ദിവസേന 700 ലിറ്റര്‍ വെള്ളം നല്‍കുമെന്ന പ്രഖ്യാപനം വാചകക്കസര്‍ത്ത് മാത്രമായി. ഇതറിയണമെങ്കില്‍ ഡല്‍ഹിയിലെ സാധാരണ ജനങ്ങളോട് ചോദിച്ചാല്‍ മതി. തന്നെ മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി ഡല്‍ഹിയില്‍ ജയിച്ചത്. ഇപ്പോള്‍ ഉപയോഗം കഴിഞ്ഞപ്പോള്‍ പുറന്തള്ളുകയാണെന്നും ബിന്നി പറഞ്ഞു.