Connect with us

International

ഓസ്‌ട്രേലിയയില്‍ കനത്ത ചൂട്; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നിര്‍ത്തിവെച്ചു

Published

|

Last Updated

സിഡ്‌നി: രാജ്യത്ത് ചൂട് ശക്തമായതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മല്‍സരങ്ങള്‍ നിര്‍ത്തിവെച്ചു. താപനില 40 ഡിഗ്രിയായി ഉയര്‍ന്നതോടെയാണ് മല്‍സരങ്ങള്‍ നിര്‍ത്തിവെച്ചത്. മെല്‍ബണ്‍ സമയം വൈകീട്ട് അഞ്ച് മണിയോടെ മാത്രമേ മല്‍സരങ്ങള്‍ പുനരാരംഭിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. കൊടുംചൂടില്‍ ഓസ്‌ട്രേലിയ ചുട്ടുപൊള്ളുകയാണ്. താപനില റിക്കാര്‍ഡിനടുത്തെത്തിയതോടെ പലയിടങ്ങളിലും തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സീസണിലെ ഏറ്റവും കൂടുതല്‍ ചൂടാണ് വ്യാഴാഴ്ച കാലാവസ്ഥാനിരീക്ഷകര്‍ മുന്നറിയിപ്പു നല്കുന്നത്.

പടിഞ്ഞാറന്‍ തീരത്ത് വീശിയ കനത്ത ഉഷ്ണക്കാറ്റ് കാട്ടുതീയ്ക്ക് കാരണമായി. ഞായറാഴ്ചയുണ്ടായ അഗ്നിബാധയില്‍ ഒരാള്‍ മരിച്ചതായും 55-ഓളം വീടുകള്‍ക്കും നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കുകിഴക്കന്‍ ഓസ്‌ട്രേലിയും ഉഷ്ണക്കാറ്റ് ഭീതിയിലാണ്.

തെക്കന്‍ ഓസ്‌ട്രേലിയയില്‍ താപനില ദിവസങ്ങളായി 40 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുകയാണ്. 800-ഓളം അഗ്നിബാധകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. വിക്‌ടോറിയയില്‍ ചപ്പുചവറുകള്‍ക്ക് തീകൂട്ടുന്നതു പോലും നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിക്‌ടോറിയയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് കളിച്ച താരങ്ങള്‍ക്ക് തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചിരുന്നു. മെല്‍ബണിലെ സ്‌കൂളിലെ ജോലിക്കാരന്‍ സ്‌കൂള്‍ മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചതായും ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കനത്ത ചൂടു മൂലം തെക്കന്‍ ഓസ്‌ട്രേലിയയില്‍ മൂന്നുദിവസത്തിനിടെ 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിക്‌ടോറിയയില്‍ 109-ഓളം പേര്‍ക്ക് ഹൃദയസ്തംഭനം റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 1000 അഗ്നിബാധകളാണ് വിക്‌ടോറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Latest