Connect with us

National

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന്; രാഹുല്‍ വര്‍ക്കിംഗ് പ്രസിഡന്റായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. നാളെ നടക്കുന്ന എ ഐ സി സി സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം അംഗീകരിക്കുന്നതിനായാണ് ഇന്ന് പ്രവര്‍ത്തക സമിതി ചേരുന്നത്. പണപ്പെരുപ്പം, വളര്‍ച്ചാ നിരക്ക്, അഴിമതി തുടങ്ങിയകാര്യങ്ങളില്‍ പാര്‍ട്ടി നിലപാട് പ്രമേയത്തിലുണ്ടാവും.

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് മതിയായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ച് പറയാനാവാത്തതിനാല്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കേണ്ടെന്നാണ് ജയറാം രമേശ് അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ വാദിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന രീതി കോണ്‍ഗ്രസിനില്ല എന്നാണ് ഇതിന് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.

അതിനിടെ രാഹുലിനെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റാക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാഹുലിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കുകയാണെങ്കില്‍ അത് സോണിയ ഗാന്ധി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുന്നതിനെ സൂചനാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് സി എന്‍ എന്‍- ഐ ബി എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് പകരം രാഹുലിനെ പാര്‍ട്ടുയുടെ പ്രധാന നേതാവായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ഇതിലൂടെ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.

അതേസമയം ഏത് സ്ഥാനത്തേക്കുമുള്ള രാഹുലിന്റെ രംഗപ്രവേശനത്തില്‍ അവസാന വാക്ക് സോണിയാ ഗാന്ധിയുടേതായിരിക്കും. അവര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Latest