നിലപാട് തിരുത്തി സുനന്ദ: തരൂരുമായുള്ളത് സന്തുഷ്ട കുടുംബ ജീവിതം

Posted on: January 16, 2014 8:28 am | Last updated: January 16, 2014 at 11:56 pm

shashi tharur

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ശശി തരൂരിനെ വിമര്‍ശിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഭാര്യ സുനന്ദ പുഷ്‌കര്‍ നിലപാട് തിരുത്തി. തരൂരുമായി സന്തുഷ്ടമായ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നാണ് സുനന്ദയുടെ പുതിയ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ് സമയത്തെ വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. പാക് മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ച് തരൂരിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുനന്ദ പറയുന്നു.

പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തകയുമായി തരൂരിന് ബന്ധമുണ്ടെന്നും അവര്‍ ഐ എസ് ഐ ഏജന്റാണെന്നും സുനന്ദ ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ തന്റെ ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി തരൂര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതും സുനന്ദ നിഷേധിച്ചിരുന്നു.

ഐ പി എല്‍ വിവാദത്തിലടക്കം കുറ്റം ഏറ്റെടുത്ത തനിക്ക് ഇനി സഹിക്കാനാവില്ലെന്നും ഭാര്യയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും താന്‍ തകര്‍ന്നിരിക്കുകയാണെന്നും സുനന്ദ പറഞ്ഞതായുള്ള പത്രത്തിന്റെ വെളിപ്പെടുത്തല്‍ ഇരുവരും വിവാഹ മോചനത്തിലേക്കാണെന്ന വാര്‍ത്ത പരക്കാന്‍ കാരണമായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി സുനന്ദ രംഗത്ത് വന്നിരിക്കുന്നത്.