വിവാഹത്തിന് ആഡംബരമൊരുക്കാന്‍ ഗുരുവായൂര്‍ സത്യഗ്രഹ സ്മാരക സ്തൂപം വളച്ചുകെട്ടിമറച്ചു

Posted on: January 16, 2014 8:15 am | Last updated: January 16, 2014 at 8:15 am

ഗുരുവായൂര്‍: വ്യവസായ പ്രമുഖന്റെ മകന്റെ വിവാഹത്തിന് ആഡംബര മൊരുക്കാന്‍ ഗുരുവായൂരിലെ ക്ഷേത്ര പ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തെ പ്ലാസ്റ്റര്‍ ഓഫ് പാരീസ് മതില്‍ കൊണ്ട് വളച്ചുകെട്ടിയത് വിവാദമാകുന്നു.
ഇന്ന് സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിവാഹത്തിനാണ് സത്യഗ്രഹ സ്മാരകത്തെ വളച്ചുകെട്ടി മതില്‍ തീര്‍ത്തിരിക്കുന്നത്. സത്രം വളപ്പിലെ ഗേറ്റിന് മുന്നിലെത്തിയാല്‍ കിഴക്കെ നടയിലേക്ക് പൂര്‍ണമായും കാണാവുന്ന തരത്തിലാണ് സത്യഗ്രഹ സ്മാരക സ്തൂപം സ്ഥിതി ചെയ്യുന്നത്. ഇതിനെയാണ് ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ വിവാഹ ആഡംബരമൊരുക്കാന്‍ വളച്ചു കെട്ടി മറച്ചിരിക്കുന്നത്. സ്തൂപത്തെ വളച്ചുകെട്ടിയെങ്കിലും സ്തൂപത്തിന് മുന്നിലെ പുല്‍ത്തകിടിയും ആനയുടെ പ്രതിമയും അലങ്കാരത്തിന് മോടികൂട്ടാന്‍ വളച്ചു കെട്ടാതെ ഒഴിവാക്കിയിട്ടുണ്ട്.
നിരവധി ദേവസ്വം പരിപാടികളും സ്വകാര്യ പരിപാടികളും സത്രം വളപ്പിലും പൂന്താനം ഓഡിറ്റോറിയത്തിലും നടന്നിട്ടുണ്ടെങ്കിലും സത്യഗ്രഹ സ്മാരക സ്തൂപത്തോട് അനാദരവ് തോന്നിപ്പിക്കും വിധമുള്ള നടപടി ഇതാദ്യമാണ്.
സത്രം വളപ്പിലേക്ക് പ്രവേശിക്കുന്ന ഇരുമ്പ് ഗേറ്റും അധികൃതരുടെ ഒത്താശയോടെ ഇളക്കി മാറ്റി അലങ്കാര ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇന്നത്തെ വിവാഹത്തിന് പൂന്താനം ഓഡിറ്റേറിയത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും പുറമെ ഓഡിറ്റോറിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലും പന്തലൊരുക്കിയിട്ടുണ്ട്.
ഓഡിറ്റേറിയത്തിന്റെ വാതിലുകള്‍ക്കും ഭിത്തികള്‍ക്കും ദോഷകരമാകും വിധത്തിലും അലങ്കാര പ്രവര്‍ത്തികള്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സത്രം വളപ്പിലെ സോഡിയം വേപ്പര്‍ ലാമ്പ് സ്ഥിതി ചെയ്യുന്ന തൂണും അതിന്റെ ഫൗണ്ടേഷനും ജെ സി ബി കൊണ്ട് വന്ന് ഇളക്കിമാറ്റാന്‍ കല്ല്യാണ ഒരുക്കങ്ങളിലേര്‍പ്പെട്ടവര്‍ ശ്രമിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ ഭക്തരും നാട്ടുകാരും ചേര്‍ന്ന് ജെ സി ബി മടക്കി പറഞ്ഞയക്കുകയായിരുന്നു.