അഗ്രികള്‍ച്ചറല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും

Posted on: January 16, 2014 8:14 am | Last updated: January 16, 2014 at 8:14 am

തൃശൂര്‍: സംസ്ഥാന കൃഷി വകുപ്പിലെ കൃഷി അസിസ്റ്റന്റുമാരുടെയും അസിസ്റ്റന്റ് കൃഷി ഓഫിസര്‍മാരുടെയും സംഘടനയായ കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്റെ 43 ാം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ ആരംഭിക്കും. കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ പി ടി സണ്ണിയും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി എല്‍ സുമേഷും പത്രസമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, കേന്ദ്ര സംസ്ഥാന നയങ്ങളും കേരളത്തിന്റെ കാര്‍ഷിക മേഖലയും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. രാവിലെ 10ന് വി എസ് സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍ വിഷയാവതരണം നടത്തും. നാളെ രാവിലെ 10ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സര്‍വീസില്‍ നിന്ന് വിരമിച്ച സംഘടനാ നേതാക്കളായ കെ എം പീറ്റര്‍, വി ശിവന്‍ പിള്ള, വി കെ ജോഷി എന്നിവരെയും സംസ്ഥാന അവാര്‍ഡ് നേടിയ കൃഷി അസിസ്റ്റന്റുമാരെയും ആദരിക്കുന്ന പരിപാടി സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി പി ഐ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവന്‍, ഗീതാഗോപി എം എല്‍ എ, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍, ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ എ ജി രാധാകൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ ട്രഷറര്‍ പി ടി സണ്ണി, അസോസിയേഷന്‍ മുന്‍ ജന.സെക്രട്ടറി വി ശിവന്‍പിള്ള, എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ സംസാരിക്കും.
പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി സുനു, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം കെ ഉണ്ണി പങ്കെടുത്തു.