Connect with us

Palakkad

നഗര സഭാ ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം ഇന്ന്

Published

|

Last Updated

പാലക്കാട്: നഗരസഭാ ചെയര്‍മാനായി തുടരുന്ന കോണ്‍ഗ്രസിലെ എ അബ്ദുല്‍ ഖുദ്ദൂസിനെതിരെയുള്ള യുഡിഎഫിന്റെ അവിശ്വാസ പ്രമേയം ഇന്ന്. 52 കൗണ്‍സിലര്‍മാരില്‍ 26 പേരാണ് യു ഡി എഫ് പക്ഷത്ത്. ഇതില്‍ മൂന്ന് പേര്‍ സ്വതന്ത്രരായി ജയിച്ച ശേഷം യു ഡി എഫില്‍ ചേര്‍ന്നവരാണ്. ബി ജെ പി 15, സി പി എം ഒമ്പത്, രണ്ട് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് ബാക്കി കക്ഷിനില.
ഇതില്‍ ഒരു സ്വതന്ത്രന്‍ സി പി എമ്മിനെ അനുകൂലിക്കുന്നു. ഇന്ന് രാവിലെ 10.30ന് നഗരസഭാ കാര്യ കോഴിക്കോട് റീജ്യനല്‍ ജോയിന്റ് ഡയറക്ടറുടെ മേല്‍നോട്ടത്തിലാണ് അവിശ്വാസപ്രമേയ നടപടികള്‍. പ്രമേയം പാസാകണമെങ്കില്‍ 27 പേരുടെ പിന്തുണയും വേണം. സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാണ്. പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ നല്‍കിയ വിപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ് അടക്കമുള്ള 19 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. റജിസ്‌റ്റേര്‍ഡ് തപാലില്‍ അയച്ച വിപ്പ് സ്വതന്ത്ര അംഗം പി യു സുലൈമാന്‍ കൈപ്പറ്റിയില്ല. സ്വതന്ത്ര അംഗം ബശീര്‍ അഹമ്മദ് ഉള്‍പ്പെടെ അഞ്ച് പേര്‍ ലീഗ് ജില്ലാ പ്രസിഡന്റ് സി എ എം എ കരീം നല്‍കിയ വിപ്പ് സ്വീകരിച്ചു. സമീപകാലത്ത് വിഭിന്ന നിലപാട് സ്വീകരിച്ചതിനാല്‍ മറ്റൊരു സ്വതന്ത്ര അംഗം കെ കെ കാജാഹുസൈന് വിപ്പ് അയച്ചിട്ടില്ല. കോണ്‍ഗ്രസിലെ ധാരണപ്രകാരം ചെയര്‍മാന്‍ സ്ഥാനം ആദ്യ മൂന്ന് വര്‍ഷം എ ഗ്രൂപ്പിനും തുടര്‍ന്ന് ഐ ഗ്രൂപ്പിനുമെന്ന് കരാര്‍ ഉണ്ടാക്കിയിരുന്നു.
എ ഗ്രൂപ്പ് പ്രതിനിധിയായി ചെയര്‍മാനായ ഖുദ്ദൂസ്, കഴിഞ്ഞ മാസം ഒന്നിന് കാലാവധി പൂര്‍ത്തിയായിട്ടും രാജിവച്ചില്ല. തനിക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കാതെ രാജിവക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് ഖുദ്ദൂസിനുള്ള പിന്തുണ പിന്‍വലിച്ച് നഗരസഭയില്‍ യു ഡി എഫിന്റെ കക്ഷി നേതാവായി കോണ്‍ഗ്രസിലെ പി വി രാജേഷിനെ യു ഡി എഫ് തിരഞ്ഞെടുത്തിരുന്നു. സി പി എമ്മും ബി ജെ പിയും നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെ ഇരുവരും അടവ് തന്ത്രം പയറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ.

 

Latest