സി പി ജോണ്‍ ഇടതു പക്ഷത്തോടൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്നു: സി എം പി

Posted on: January 16, 2014 8:10 am | Last updated: January 16, 2014 at 8:10 am

പാലക്കാട്: വിശുദ്ധനായ ചതിയനാണ് സി പി ജോണ്‍ എന്നും ആര്‍ എം പി നേതാക്കളുമായി ചര്‍ച്ച നടത്തിയ ജോണ്‍ യു ഡി എഫിനെ വിട്ട് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാനാണ് ശ്രമിക്കുന്നതെന്നും സി എം പി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ചര്‍ച്ചയുടെ യഥാര്‍ഥ ഉള്ളടക്കം എന്താണെന്ന് സി പി ജോണ്‍ വ്യക്തമാക്കണം. സി എം പിയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന യു ഡി എഫ് ആവശ്യം ജോണ്‍ തള്ളിക്കളഞ്ഞിരിക്കയാണ്. ജില്ലകള്‍ തോറും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരെ ചേര്‍ത്ത് സമാന്തര കമ്മിറ്റികള്‍ ഉണ്ടാക്കാനാണ് ജോണ്‍ ശ്രമിക്കുന്നത്. എം വി ആറിനേയും കുടുംബത്തേയും അധിക്ഷേപിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മാണിക്കര ഗോവിന്ദനാണ് സി പി ജോണിനു മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നത്. എം വി ആറിനേയും സി എം പിയേയും പിറകില്‍ നിന്ന് കുത്തിയ ബ്രൂട്ടസായി മാറിയ സി പി ജോണ്‍ രാഷ്ട്രീയ കേരളത്തിലെ ചതിയന്‍ ചന്തുവായി അറിയപ്പെടുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി എം പി ജില്ലാ സെക്രട്ടറി മുരളി കെ താരേക്കാട്, സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങളായ കെ പി ഉണ്ണി, യു രാജഗോപാലന്‍, ജില്ലാ കൗണ്‍സില്‍ അംഗം സി ഗോപി പങ്കെടുത്തു.