ആനക്കൊമ്പുകളുമായി മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

Posted on: January 16, 2014 8:09 am | Last updated: January 16, 2014 at 8:09 am

പാലക്കാട്: അഞ്ചരക്കിലോ തൂക്കംവരുന്ന ഒരു ജോഡി ആനക്കൊമ്പുകളുമായി മൂന്ന് തമിഴ്‌നാട് സ്വദേശികളെ വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ വടവള്ളി പെരിയാര്‍ നഗര്‍ സുന്ദര്‍രാജ്, പൊള്ളാച്ചി രംഗസമുദ്രം അരുള്‍പ്രസാദ്, കോയമ്പത്തൂര്‍ ഐ യു ഡി പി കോളനി ബാലകൃഷ്ണന്‍ എന്നിവരെയാണ് ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിന്റെ നിര്‍ദേശപ്രകാരം ഫഌയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ സുനില്‍കുമാര്‍, പാലക്കാട് ഡി എഫ് ഒ സൈനുല്‍ ആബിദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
രണ്ട് പള്‍സര്‍ ബൈക്കുകളിലായി എത്തിച്ച ആനക്കൊമ്പ് സുന്ദര്‍രാജിന് വില്‍ക്കാനുള്ള ശ്രമത്തിനിടെ ബുധനാഴ്ച വൈകീട്ട് 5.30 ഓടെയാണ് മൂന്ന് പേരും പിടിയിലായത്. 81 സെ മീ നീളംവരുന്ന കൊമ്പുകള്‍ ചാക്കില്‍ കെട്ടിയാണ് കൊണ്ടുവന്നിരുന്നത്. കേരളത്തില്‍ നിന്ന് വാങ്ങിയതാണ് ആനക്കൊമ്പെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഫ്‌ളൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സി ശെരീഫ്, ഒലവക്കോട് റെയ്ഞ്ച് ഓഫീസര്‍ ടി എസ് സുരേന്ദ്രന്‍, ഫോറസ്റ്റര്‍മാരായ എം ദീപക്കുമാര്‍, സുമേഷ്, ഗാര്‍ഡുമാരായ സി ദിലീപ്, മുരളി, ഉണ്ണികൃഷ്ണന്‍, ബിനു, ഫിറോസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.