ശമ്പളമില്ല;പ്രീപ്രൈമറി അധ്യാപകര്‍ വിദ്യാഭ്യാസ ഉപഡയരക്ടറെ തടഞ്ഞുവെച്ചു

Posted on: January 16, 2014 8:08 am | Last updated: January 16, 2014 at 8:08 am

കല്‍പറ്റ: രണ്ടു വര്‍ഷമായി ശമ്പളമില്ല; വയനാട്ടില്‍ പ്രീപ്രൈമറി അധ്യാപകരില്‍ ഒരു വിഭാഗം ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറെ പൂട്ടിയിട്ടു. കോടതി ഉത്തരവ് പോലും പാലിക്കപ്പെടുന്നില്ലെന്നാരോപിച്ചായിരുന്നു അധ്യാപികമാരുടെ സമരം.കേരള സ്റ്റേറ്റ് പ്രീപ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഒരു വിഭാഗം അധ്യാപികമാര്‍ കല്‍പ്പറ്റയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറെ ഉപരോധിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ശമ്പളം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. അസോസിയേഷന്റെ നിരന്തര പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 2013 ഒക്ടോബറില്‍ അയ്യായിരം രൂപ മാസ വേതനം നല്‍കാന്‍ ഉത്തരവായിരുന്നു. ഈ ഉത്തരവ് നടപ്പാക്കി തുടങ്ങിയെങ്കിലും അടിസ്ഥാന രഹിതമായ വാദങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം അധ്യാപകര്‍ക്ക് ശമ്പളം നിഷേധിക്കുന്നുവെന്നാണ് പരാതി. ഇതിനെതിരെ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറെ ബന്ദിയാക്കിയത്. നിശ്ചിത യോഗ്യതയായ ബാലസേവിക, ഗവണ്‍മെന്റ് പ്രീപ്രൈമറി ടി ടി സി എന്നീ കോഴ്‌സുകള്‍ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്നും ഇത് പൂര്‍ത്തിയാക്കാത്തതിന്റെ പേരിലാണ് ശമ്പളം നല്‍കാത്തതെന്നുമാണ് ശമ്പള നിഷേധത്തിന് കാരണമായി പറയുന്നത്. എന്നാല്‍ ഈ കോഴ്‌സ് പാസ്സാകാത്തവരെ നിയമിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു. പ്രശ്‌നം വിദ്യാഭ്യാസ വകുപ്പ് മേധാവികളെ കത്ത് മുഖേനെ ധരിപ്പിക്കുമെന്ന ഡി.ഡി.ഇ യുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കോടതിയലക്ഷ്യ നടപടികള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.