Wayanad
ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സ്: ദേവര്ഷോലയുടെ പ്രഭാഷണം ഇന്ന്
പനമരം: ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സും ബുര്ദമജ്ലിസും ഈ മാസം 16,17 തീയതികളില്‍ പനമരം ബദ്റുല്‍ ഹുദയില്‍ വിപുലമായ പരിപാടികളോടെ നടത്തും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സ്വാഗതം സംഘം ചെയര്മാന് എം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര് മദീനാ റൗളാശരീഫില്‍ നിന്നും എത്തിച്ച പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. തുടര്‍ന്ന് ബദ്റുല്‍ ഹുദ വിദ്യാര്‍ഥികളുടെ വിവിധ കലാസാഹിത്യപരിപാടികള്‍, മൗലിദ് പാരായണം, ദിക്റ് ഹല്‍ഖ എന്നിവ നടക്കും. വൈകിട്ട് ഏഴിന് ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാരുടെ പ്രഭാഷണം, വിവിധ ദഫ് സംഘങ്ങളുടെ പരിപാടികള്‍ എന്നിവ നടക്കും.
17ന് വെള്ളിയാഴ്ച നാലിന് സുന്നീ ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടക്കും. കട്ടിപ്പാറ കെ കെ അഹമ്മദ്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന് ഉസ്താദ് പ്രാര്‍ഥന നടത്തും.
തിരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്കുള്ള സഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് നിര്‍വഹിക്കും. മദ്റസാ പൊതുപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയവര്‍ക്കുള്ള പാറന്നൂര്‍ ഉസ്താദ് സ്മാരക ക്യാഷ് അവാര്‍ഡ് സയ്യിദ് ത്വാഹ തങ്ങള്‍ വിതരണം ചെയ്യും. അധ്യാപകര്‍ക്കുള്ള പ്രോത്സാഹന സമ്മാനം സയ്യിദ് ജിഫ്രി ശ്രീലങ്ക നല്‍കും.
അനാഥ പെണ്‍കുട്ടികളുടെ നികാഹിന് ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നല്‍കും. വധൂവരന്മാര്ക്കുള്ള പാരതോഷികം സത്താര്‍ ഹാജി തൃശൂര്‍ നല്‍കും. വിശിഷ്ട വ്യക്തികളെ ചടങ്ങില്‍ എം ഐ ഷാനവാസ് എം പി ആദരിക്കും. അബ്ദുസ്സമദ് അമാനി പട്ടുവം നേതൃത്വം നല്കുന്ന ബുര്‍ദാ മജ്ലിസും മുഈനുദ്ദീന് ബംഗളൂരു നയിക്കുന്ന നഅ്ത് ശരീഫും നടക്കും. ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്റാഹീം നിര്‍വഹിക്കും.