സ്‌പെഷ്യല്‍ അധ്യാപകരെ നിയമിച്ചില്ല; രണ്ട് കോടി നഷ്ടമാവാന്‍ സാധ്യത

Posted on: January 16, 2014 8:05 am | Last updated: January 16, 2014 at 8:05 am

കല്‍പറ്റ: ജോലിയില്ലാതെ കായിക-മ്യൂസിക് അധ്യാപകര്‍ ദുരിതത്തിലിരിക്കെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും സ്‌പെഷ്യല്‍ അധ്യാപകരെ നിയമിക്കണമെന്ന ഉത്തരവ് നടപ്പായില്ല. ഇതോടെ രണ്ട് കോടി രൂപ നഷ്ടപ്പെടാന്‍ സാധ്യത.
ജില്ലയിലെ ഒന്നുമുതല്‍ പത്ത് വരെയുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഡ്രോയിംഗ്, സ്‌പോര്‍ട്‌സ്, മ്യൂസിക് എന്നിവയില്‍ അധ്യാപകരില്ലെങ്കില്‍ സ്‌പെഷ്യല്‍ അധ്യാപകരെ നിയമിക്കണമെന്ന് കാണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതിനായി സര്‍വശിക്ഷാ അഭിയാന്‍ മുഖേന 2010ല്‍ രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തു. എസ് എസ് എ 2010ല്‍ തന്നെ വിദ്യാഭ്യാസ ഡപ്യൂട്ടി ഉപഡയരക്ടര്‍ക്ക് ഫണ്ട് കൈമാറുകയും ചെയ്തു.
എന്നാല്‍ സ്‌പെഷ്യല്‍ അധ്യാപകരെ ആരേയും നിയമിച്ചില്ല. 2014 മാര്‍ച്ച് 31നകം ഫണ്ട് വിനിയോഗിച്ചില്ലെങ്കില്‍ ലാപ്‌സാകും. ഡ്രോയിംഗ്, സ്‌പോര്‍ട്‌സ്, മ്യൂസിക് തസ്തികകളില്‍ അധ്യാപകരില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുമെന്ന ഹര്‍ജിയെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രീകോടതി സ്‌പെഷ്യല്‍ അധ്യാപകരെ നിയമിക്കാന്‍ ഉത്തരവ് നല്‍കിയത്. ഇതെ തുടര്‍ന്നാണ് 2010ല്‍ എസ് എസ് എ ഫണ്ട് അനുവദിച്ചത്.
അനുവദിക്കപ്പെട്ട ഫണ്ട് ചെലവഴിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം കേന്ദ്രം ഫണ്ട് അനുവദിക്കാനുള്ള സാധ്യതയും കുറവാണ്. സ്‌പെഷ്യല്‍ അധ്യാപകനെ നിയമിച്ചില്ലെന്ന് മാത്രമല്ല നിലവിലുള്ള കായികാധ്യാപകര്‍ക്ക് അനുവദിച്ച ചുമതലയും നല്‍കാനാണ് ജില്ലയിലെ വിദ്യാഭ്യാസ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ജില്ലയില്‍ യു പി, ഹൈസ്‌കൂള്‍ തലങ്ങളില്‍ 72 കായിത അധ്യാപകരാണ് നിലവിലുള്ളത്. ഈ അധ്യാപകര്‍ക്കെല്ലാം ഒന്നും രണ്ടും സ്‌കൂളുകളിലെ കായിക അധ്യാപകരുടെ ചുമതലയാണ് വിദ്യാഭ്യാസ അധികൃതര്‍ നല്‍കിയിരിക്കുന്നത്.
ജില്ലയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 86 കായിക അധ്യാപകരും, 83 ഡ്രോയിംഗ് അധ്യാപകരും, 41 മ്യൂസിക് അധ്യാപകരും ജോലിയില്ലാതെ ദുരിതമനുഭവിക്കുമ്പോഴാണ് ഫണ്ടുണ്ടായിട്ടും ഇവര്‍ക്കൊന്നും നിയമനം നല്‍കാതെ നിലവിലുള്ള കായികാധ്യാപകര്‍ക്ക് അധികച്ചുമതല നല്‍കിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഡി പി ഐയുടെ സാന്നിധ്യത്തില്‍ അധ്യാപക സംഘടനകളുടെ യോഗം തീരുമാനങ്ങള്‍ക്ക് വിപരീതമായാണ് ജില്ലയിലെ ചില ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നതെന്ന പരാതിയുമായി അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ അധ്യാപകരെ നിയമിക്കുമെന്നും അധ്യാപകര്‍ക്ക് അധികചുമതല നല്‍കില്ലെന്നുമുള്ള തീരുമാനം ജില്ലയില്‍ അട്ടിമറിക്കപ്പെട്ടുവെന്നും അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു.