ഫണ്ട് അനുവദിച്ചിട്ടും പ്രവൃത്തി തുടങ്ങിയില്ല; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Posted on: January 16, 2014 8:02 am | Last updated: January 16, 2014 at 8:02 am

മലപ്പുറം: റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ച് എട്ട് മാസമായിട്ടും പ്രവൃത്തി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
ഇന്നലെ രാവിലെ പത്ത് മണിയോടെ മേല്‍മുറി കോണോംപാറ-കാരാതോട് റോഡിലായിരുന്നു ഉപരോധം. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം മൂന്ന് മണിക്കൂര്‍ നിലച്ചു. പൊതുമരാമത്തിന്റെ കീഴിലുള്ള റോഡ് നവീകരിക്കുന്നതിനായി കഴിഞ്ഞ മെയില്‍ 25 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും മഴയെ തുടര്‍ന്ന് പ്രവൃത്തി നീണ്ടു പോകുകയായിരുന്നു. ഇതിനിടെ മഴവെള്ളപ്പാച്ചിലില്‍ റോഡ് പൂര്‍ണമായും തകരുകയും ചെയ്തു. പ്രവൃത്തി നീണ്ടുപോകുന്നതിനെ ചൊല്ലി നാട്ടുകാര്‍ സ്ഥലം എം എല്‍ എപി ഉബൈദുല്ലക്ക് പരാതി നല്‍കിയിരുന്നു. റോഡ് പണിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും കരാറുകാരനോട് പറയണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
റോഡിലെ കുഴിയില്‍ വീണ് യാത്രക്കാര്‍ വീണ് പരുക്കേല്‍ക്കുന്നത് നിത്യ സംഭവമായതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ ഓട്ടോഡ്രൈവര്‍മാര്‍ കോണ്‍ക്രീറ്റ് ചെയ്തു കുഴികള്‍ നികത്തിയിരുന്നു. പ്രവൃത്തി നീണ്ടുപോകുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ കരാറുകാരന്‍ കഴിഞ്ഞ മാസം പാച്ച് വര്‍ക്കുകള്‍ നടത്തി ഉടന്‍ പണി തുടങ്ങുമെന്ന് പറഞ്ഞ് റോഡില്‍ മെറ്റലിറക്കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവൃത്തി തുടങ്ങാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ റോഡ് ഉപരോധവുമായി രംഗത്തെത്തിയത്. ഉപരോധത്തിന് പാറക്കല്‍ ഉസ്മാന്‍, സഫീര്‍, പി ശാഫി, ഗഫൂര്‍, റഷീദ്, അബ്ദുല്ല, ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം ആദ്യം പണിതുടങ്ങാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും തൊഴിലാളികള്‍ പൊങ്കല്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയതാണ് പണി നീണ്ടു പോകാന്‍ കാരണമെന്ന് കരാറുകാരന്‍ പറഞ്ഞു. റോഡിന്റെ നവീകരണ പ്രവൃത്തി ശനിയാഴ്ച്ച തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.