Connect with us

Kerala

ഇ എഫ് എല്‍ നിയമത്തില്‍ ഭേദഗതി വേണമെന്ന് കെ പി സി സി ഉപസമിതി

Published

|

Last Updated

തിരുവനന്തപുരം: ഇ എഫ് എല്‍ നിയമത്തിലെ കര്‍ഷകവിരുദ്ധ വ്യവസ്ഥകള്‍ റദ്ദാക്കി കാലോചിതമായ ഭേദഗതി വരുത്തണമെന്ന് കെ പി സി സി ഉപസമിതി. ഇ എഫ് എല്‍ നിയമപ്രകാരം ചെറുകിട കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കാത്ത കേസുകളില്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും എം എം ഹസന്‍ അധ്യക്ഷനായ ഉപസമിതി ശിപാര്‍ശ ചെയ്തു.

കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഭേദഗതികളോടെ മാത്രമേ നടപ്പാക്കാവൂ. പ്രകൃതി സംരക്ഷണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും താത്പര്യം പ്രകടിപ്പിക്കുന്ന, ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ അവരുടെ ജീവനോപാധികള്‍ക്കോ നിലനില്‍പ്പിനോ ഹാനികരമാകരുതെന്നതാണ് ഉപസമിതി സ്വീകരിച്ചിരിക്കുന്ന പൊതു തത്വമെന്ന് സമിതി ചെയര്‍മാന്‍ എം എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിച്ചു. 17ന് നടക്കുന്ന എ ഐ സി സി സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഈ റിപ്പോര്‍ട്ട് കൈമാറും. ഇ എസ് എ വില്ലേജുകള്‍ നിര്‍ണയിക്കുന്നതില്‍ കസ്തൂരിരംഗന്‍ കമ്മിറ്റിക്ക് പിഴവുകള്‍ ഉണ്ടായി. ഉപഗ്രഹ ചിത്രങ്ങള്‍ വഴി ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി വില്ലേജുകള്‍ സംബന്ധിച്ചുള്ള ശിപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളുടെ യഥാര്‍ഥ സ്ഥിതി സര്‍വേ ചെയ്ത,് ജനവാസ മേഖലയും കൃഷി മേഖലയും തോട്ടം മേഖലയും വന മേഖലയും കൃത്യമായി തരംതിരിക്കേണ്ടതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ നൂറും നൂറിലധികവും ജനവാസമുള്ള പ്രദേശങ്ങളെയും നാണ്യവിളത്തോട്ടങ്ങളെയും കൃഷിഭൂമിയെയും ഇ എസ് എയുടെ പരിധിയില്‍നിന്ന് ഒഴിവാക്കണം.
ഇ എസ് എ വില്ലേജുകളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവുള്ള പ്രദേശങ്ങളെ ബഫര്‍ സോണുകളായി പ്രഖ്യാപിച്ച് അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ശിപാര്‍ശ അപ്രായോഗികമാണ്. ബഫര്‍ സോണ്‍ പ്രഖ്യാപിക്കണമെന്ന നിര്‍ദേശം പിന്‍വലിക്കണം.
പശ്ചിമ ഘട്ട സംരക്ഷണ മേഖലയിലെ ഓരോ പ്രദേശത്തിനും വേണ്ടി മൈക്രോ പ്ലാന്‍ തയാറാക്കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ക്രെഡിബിലിറ്റി ഫണ്ട് രൂപവത്കരിക്കണം. മൈക്രോ പ്ലാനുകള്‍ നടപ്പിലാക്കുന്ന മുറക്ക് മാത്രമേ നിയന്ത്രണങ്ങളും നിരോധങ്ങളും ഏര്‍പ്പെടുത്താവൂ. കേരളത്തിലെ ഏക പ്രകൃതി സൗഹൃദ ഊര്‍ജ സ്രോതസ്സായ ജലവൈദ്യുതിയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും എതിരായ കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ നിയന്ത്രണവും നിരോധനവും അംഗീകരിക്കരുത്.
നദികളില്‍ നിന്ന് അനിയന്ത്രിതമായി മണലൂറ്റ് നടത്തുന്നത് നദികളെയും അതിന്റെ ജലലഭ്യതയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്ത് നടന്നുവരുന്ന കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍, റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മണല്‍ ഒഴിവാക്കാനാകാത്ത ഒരു അസംസ്‌കൃത വസ്തുവാണ്.
കേരളത്തിലെ അണക്കെട്ടുകളിലെ ജലസംഭരണികളില്‍ വന്നടിഞ്ഞിട്ടുള്ള മണല്‍ ശേഖരിച്ച് ലഭ്യമാക്കിയാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. പരിസ്ഥിതിസൗഹൃദമായ രീതിയില്‍ ഈ മണല്‍ ശേഖരണം നടപ്പിലാക്കാനുള്ള സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭ്യമാക്കാനുള്ള പദ്ധതി വിജയകരമായി നടപ്പിലാക്കണം.
ജൈവ കൃഷിയിലേക്കുള്ള പരിവര്‍ത്തനം വിജയകരമായും ലാഭകരമായും നടപ്പാക്കുന്നതിന് ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും അനുവദിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഈ കാലയളവില്‍ കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ, താങ്ങുവില, കാര്‍ഷിക ഉപകരണങ്ങള്‍ സൗജന്യ നിരക്കില്‍ ലഭ്യമാക്കല്‍, ജൈവ ഉത്പന്നങ്ങളുടെ സംസ്‌കരണവും വിപണനവും സാധ്യമാക്കിക്കൊടുക്കുക തുടങ്ങിയ നടപടികളിലൂടെ പരിവര്‍ത്തനം പൂര്‍ത്തിയാക്കണം.
ക്ഷീരവികസന പദ്ധതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി അവയെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശിപാര്‍ശ പിന്‍വലിക്കണം. ആശുപത്രിയെയും ചുവന്ന പട്ടികയില്‍ പെടുത്തരുത്. കേരളത്തിലെ നാടന്‍ ചികിത്സാ രീതികളും ആയുര്‍വേദ ചികിത്സാ രീതികളും ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്. ഇവയുടെ വികസനത്തെ ഇത്തരം നിയന്ത്രണങ്ങള്‍ ബാധിക്കുമെന്നും സമിതി വിലയിരുത്തുന്നു. വന മേഖലയില്‍ പാറമടകള്‍ പൂര്‍ണമായി നിരോധിക്കണമെന്നും വന അതിര്‍ത്തിക്ക് 500 മീറ്റര്‍ അകലത്തില്‍ മാത്രമേ പാറമടകള്‍ അനുവദിക്കാകൂ എന്നതാണ് ഉപസമിതിയുടെ മറ്റൊരു ശിപാര്‍ശ.

Latest