ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഷിപ്പ് ഐ സി ജി എസ് അഭിനവ് കമ്മീഷന്‍ ചെയ്തു

Posted on: January 16, 2014 12:07 am | Last updated: January 16, 2014 at 12:07 am

കൊച്ചി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അതിവേഗ കപ്പല്‍ ഐ സി ജി എസ് അഭിനവ് ഇന്നലെ കമ്മീഷന്‍ ചെയ്തു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിച്ച കപ്പല്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്റ്റര്‍ ജനറല്‍ വൈസ് അഡ്മിറല്‍ അനുരാഗ് ജി തപ്‌ലിയാല്‍ നീറ്റിലിറക്കി.
50 മീറ്റര്‍ നീളമുള്ള കപ്പലിന് 290 ടണ്‍ ഭാരമാണ് ഉള്ളത്. മണിക്കൂറില്‍ 33 നോട്‌സ് സ്പീഡില്‍ വരെ സഞ്ചരിക്കുന്ന കപ്പലില്‍ അത്യാധുനിക തരത്തിലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പര്യവേക്ഷണം, ദുരന്ത നിവാരണം, സമുദ്ര നിരീക്ഷണം എന്നിവക്ക് പ്രാധാന്യം നല്‍കുന്ന കോസ്റ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും ഐ സി ജി എസ് അഭിനവ് പങ്കാളിയാകും. ഇന്റഗ്രേറ്റഡ് ബ്രിഡ്ജ് മാനേജ്‌മെന്റ് സിസ്റ്റം(ഐ ബി എം എസ്) ഇന്റഗ്രേറ്റഡ് മെഷീനറി കണ്‍ട്രോള്‍ സിസ്റ്റം(ഐ എം സി എസ്) ഇന്റഗ്രേറ്റഡ് ഗണ്‍ മൗത്ത് വിത്ത് ഇന്‍ഡിജീനിയസ് ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റം(എഫ് സി എസ്) തുടങ്ങിയ സംവിധാനങ്ങളും കപ്പലില്‍ സജ്ജമാക്കിയിട്ടുണ്ട്. കൊച്ചി ആസ്ഥാനമായുള്ള കോസ്റ്റ് ഗാര്‍ഡ് യൂനിറ്റിന്റെ കീഴിലായിരിക്കും കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍. സമുദ്രാതിര്‍ത്തികളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന കോസ്റ്റ് ഗാര്‍ഡിന്റെ നിര്‍ദേശം മുഖവിലക്കെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ തീര സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് വൈസ് അഡ്മിറല്‍ അനുരാഗ് ജി തപ്‌ലിയാല്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 150 കപ്പലുകളും 100 എയര്‍ ക്രാഫ്റ്റുകളും സേനയുടെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീര സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി 46 കോസ്റ്റല്‍ സ്റ്റേഷനുകള്‍ കൂടി രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്നും വൈസ് അഡ്മിറല്‍ പറഞ്ഞു. കമാന്‍ഡന്റ് രാമന്‍കുമാര്‍ കമാന്‍ഡറായ അഭിനവില്‍ 5 ഓഫീസര്‍മാരും 34 മറ്റു ജീവനക്കാരുമുണ്ട്. കോസ്റ്റ് ഗാര്‍ഡ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്് പി എസ് ബര്‍സയും കോസ്റ്റ് ഗാര്‍ഡിലെയും ഷിപ് യാര്‍ഡിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.