കെറിയോട് ഖേദം പ്രകടിപ്പിച്ച് ഇസ്‌റാഈല്‍ തലയൂരി

Posted on: January 16, 2014 12:02 am | Last updated: January 15, 2014 at 11:25 pm

ജറുസലം: ഫലസ്തീന്‍ വിഷയത്തില്‍ വിദേശകാര്യ സെക്രട്ടറി യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഇസ്‌റാഈല്‍ ഖേദം പ്രകടിപ്പിച്ചു. മധ്യപൗരസ്ത്യ ദേശത്തെ സുരക്ഷയുമായി ബന്ധപ്പെട്ട് കെറി നടത്തിയ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കവെയാണ് ഇസ്‌റാഈല്‍ വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന.
സമാധാന ചര്‍ച്ചകളുടെ പേരിലായിരുന്നു മന്ത്രി മോഷെ യാലോണിന്റെ വിമര്‍ശനം. ജോണ്‍ കെറിക്ക് വേണ്ടാത്ത തരത്തിലുള്ള വാശിയും രക്ഷകന്റെ ആവേശവുമാണെന്നായിരുന്നു യാലോണ്‍ പറഞ്ഞത്. ഫലസ്തീന്‍ സംബന്ധിച്ച കെറിയുടെ സമാധാന ചര്‍ച്ചകള്‍ക്ക് കടലാസിന്റെ വില പോലുമില്ലെന്ന് നേരത്തെ ഒരു ഇസ്‌റാഈല്‍ പത്രത്തോട് യാലോണ്‍ പറഞ്ഞിരുന്നു.
ഇതോടെ അമേരിക്ക കടുത്ത പ്രതിഷേധവുമായി ഇസ്‌റാഈലിനെതിരെ തിരിഞ്ഞു. ആ രാജ്യത്തിന് തങ്ങള്‍ നല്‍കുന്ന പിന്തുണ കണക്കിലെടുക്കുമ്പോള്‍ അസ്ഥാനത്തുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. മധ്യപൂര്‍വേഷ്യയില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള കെറിയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളെ മന്ത്രി ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നാണ് വൈറ്റ് വക്താവ് ജോയ് കാര്‍ണി പറഞ്ഞത്. ഇസ്‌റാഈലിനെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും അമേരിക്കക്ക് ആശങ്കയുണ്ടെന്നും വൈറ്റ് ഹൗസ് പറഞ്ഞു. മന്ത്രിയില്‍നിന്ന് ഇതൊന്നുമല്ല അമേരിക്ക പ്രതീക്ഷിക്കുന്നതെന്നും യു എസ് തുറന്നടിച്ചു.
തുടര്‍ന്നാണ് ഇസ്‌റാഈല്‍ ഖേദം പ്രകടിപ്പിച്ചത്. കെറിയോട് വ്യക്തിപരമായും യു എസിനോട് അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്റെ പദവി കണക്കിലെടുത്തും ക്ഷമ ചോദിക്കുന്നുവെന്ന് ഇസ്‌റാഈല്‍ വിദേശകാര്യ സെക്രട്ടറി മോഷെ യാലോണ്‍ പറഞ്ഞു. യോലോണിന്റെ വാക്കുകളെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അപലപിച്ചു.