ബ്രദര്‍ഹുഡ് ബഹിഷ്‌കരിച്ചു: ഈജിപ്തില്‍ ഹിതപരിശോധന: ആക്രമണങ്ങളില്‍ 11 മരണം

Posted on: January 16, 2014 12:19 am | Last updated: January 15, 2014 at 11:21 pm

കൈറോ: ഈജിപ്തില്‍ പുതിയ ഭരണഘടന സംബന്ധിച്ച ഹിത പരിശോധനയുടെ ഭാഗമായ നടന്ന തിരഞ്ഞെടുപ്പിന്റെ രണ്ടാം ദിനത്തിലും വ്യാപക അക്രമം. 11 പേരാണ് രണ്ട് ദിവസങ്ങളിലായി കൊല്ലപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ പുറത്താക്കി പട്ടാളത്തിന്റെ പിന്തുണയോടെയുള്ള ഭരണം തുടങ്ങി ആറ് മാസം പിന്നിടുമ്പോഴാണ് ഈജിപ്തില്‍ ഹിതപരിശോധനയും തിരഞ്ഞെടുപ്പും നടക്കുന്നത്.
ഹിതപരിശോധനയുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. പോലീസിന് നേരെയും അക്രമങ്ങളുണ്ടായി. ഭരണഘടനയെ എതിര്‍ക്കുന്ന തീവ്രവാദ വിഭാഗം റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. ജനങ്ങള്‍ക്ക് വോട്ടിംഗ് കേന്ദ്രങ്ങളിലെത്താനാകാത്ത വിധത്തില്‍ പലയിടത്തും മാര്‍ഗതടസ്സം സൃഷ്ടിച്ചിരുന്നു. ചൊവ്വാഴ്ചയാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഹിതപരിശോധന തുടങ്ങിയത്.
പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ സൈനിക ഭരണകൂടം തയ്യാറാക്കിയ പുതിയ ഭരണഘടനയുടെ ജനഹിത പരിശോധനയാണ് നടക്കുന്നത്. അക്രമങ്ങളെ തുടര്‍ന്ന് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
2012 ഡിസംബറില്‍ മുഹമ്മദ് മുര്‍സി ഭരണകൂടം ജനഹിത പരിശോധനയിലൂടെ അംഗീകരിച്ച ഭരണഘടന റദ്ദാക്കിയിട്ടാണ് സൈനിക നേതൃത്വം പുതിയ ഭരണഘടന തയ്യാറാക്കിയത്.
തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ മുര്‍സിയെ അട്ടിമറിയിലൂടെ പുറത്താക്കിയ സൈനിക നടപടിക്കും അംഗീകാരം നേടാനുള്ള നീക്കം കൂടിയാണ് പുതിയ ഭരണഘടനാ ഹിതപരിശോധനയെന്ന് മുര്‍സി അനുകൂലികള്‍ കുറ്റപ്പെടുത്തുന്നു.
സിവിലിയന്മാരെ സൈനിക കോടതികളില്‍ വിചാരണ ചെയ്യാമെന്നും അടുത്ത എട്ടുകൊല്ലം പ്രതിരോധ മന്ത്രിയെ നിശ്ചയിക്കാന്‍ സൈനിക നേതൃത്വത്തിന് പ്രധാന പങ്കുണ്ടാകുമെന്നുമുള്ള വ്യവസ്ഥകള്‍ പുതിയ ഭരണഘടനയിലുണ്ട്. മത, ലിംഗ, വംശീയ, പ്രദേശാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിക്കുന്നതിന് പുതിയ ഭരണഘടനയില്‍ വിലക്കുണ്ട്.
ഇസ്‌ലാമിക സലഫിസ്റ്റ് നൗര്‍ പാര്‍ട്ടി, ലിബറല്‍ പാര്‍ട്ടികളായ ദസ്തൂര്‍ പാര്‍ട്ടി, വഫദ് പാര്‍ട്ടി, ഫ്രീ ഈജിപ്ഷ്യന്‍സ് പാര്‍ട്ടി, പോപ്പുലര്‍ കാന്റ്, തംറൂദ്്പ്രസ്ഥാനങ്ങള്‍ എന്നിവ പുതിയ ഭരണഘടനയെ അനുകൂലിക്കുന്നുണ്ട്.
സ്‌ട്രോംഗ് ഈജിപ്ത് പാര്‍ട്ടി, 6 ഏപ്രില്‍ യൂത്ത് മൂവ്‌മെന്റ്, റവല്യൂഷനറി സോഷ്യലിസ്റ്റ് മൂവ്‌മെന്റ്, നൊ ടു മിലിട്ടറി ട്രയല്‍സ് മൂവ്‌മെന്റ് എന്നിവ പുതിയ ഭരണഘടനെ എതിര്‍ക്കുന്നവരാണ്.
മുസ്‌ലിം ബ്രദര്‍ഹുഡിനെ അനുകൂലിക്കുന്ന നാഷനല്‍ അലയന്‍സ് സപ്പോര്‍ട്ട് ലെജിറ്റിമസി എന്ന സഖ്യം ഹിതപരിശോധനയും പുതിയ ഭരണഘടനയും ബഹിഷ്‌കരിക്കുന്നവരാണ്.
കനത്ത സുരക്ഷാ സന്നാഹത്തിലൂടെ ഹിതപരിശോധന പൂര്‍ത്തിയാക്കാനാണ് സൈന്യം ലക്ഷ്യമിടുന്നത്. 1.6 ലക്ഷം സൈനികരെയും രണ്ട് ലക്ഷം പോലീസുകാരെയും പോളിംഗ് സ്റ്റേഷനുകളിലും മറ്റുമായി നിയോഗിച്ചിരുന്നു.
ഒമ്പത് ദശലക്ഷം പേരാണ് ഹിതപരിശോധനയില്‍ പങ്കെടുക്കുന്നത്. പോളിംഗ് സ്റ്റേഷനിലെത്തുന്നവരെ പരിശോധനക്കും വിധേയമാക്കുന്നുണ്ട്. വനിതകളെ വനിതാ പോലീസുകാര്‍ ദേഹപരിശോധനക്ക് വിധേയരാക്കുന്നുണ്ട്. ഹെലികോപ്റ്റര്‍ വഴി നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്.