കെജരിവാള്‍ അവസരവാദി; കെജരിവാളിനെതിരെ വീണ്ടും ബിന്നി

Posted on: January 16, 2014 12:40 pm | Last updated: January 16, 2014 at 1:10 pm

c07b5a68-9800-4383-a4f2-834ccaa6841awallpaper1

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും പാര്‍ട്ടിക്കുമെതിരേ എം എല്‍ എ വിനോദ് കുമാര്‍ ബിന്നി വീണ്ടും രംഗത്ത്. കേജരിവാള്‍ അവസരവാദിയാണെന്നും എ എ പി പൊതുജനങ്ങളെ വഞ്ചിക്കുകയാണെന്നും ബിന്നി പറഞ്ഞു. പാര്‍ട്ടി ചില നയങ്ങള്‍ പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിച്ചത്. 10 ദിവസത്തിനകം ഇവ നടപ്പാക്കിയില്ലെങ്കില്‍ മരണം വരെ നിരാഹാരസമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണ വേളയില്‍ തന്നെ വിമത സ്വരവുമായി ബിന്നി രംഗത്തുണ്ടായിരുന്നു. മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതാണ് ബിന്നിയെ ചൊടിപ്പിച്ചത്. പിന്നീട് പ്രശ്‌നം രമ്യതയില്‍ എത്തിയെങ്കിലും കേജരിവാളിനെതിരേ ബിന്നി ഒളിയമ്പുകള്‍ തുടര്‍ന്നു. കേജരിവാള്‍ നുണയനാണെന്നും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുകയാണെന്നും ബിന്നി തുറന്നടിച്ചതോടെയാണ് വീണ്ടും പ്രശ്‌നം തുടങ്ങിയത്.

അതേസമയം ബി ജെ പി നേതാക്കളുടെ ഭാഷയിലാണ് ബിന്നി സംസാരിക്കുന്നതെന്ന് ആം ആദ്മി വക്താവ് യോഗേന്ദ്ര യാദവ് പറഞ്ഞു. പാര്‍ട്ടി അച്ചടക്കം പാലിച്ചില്ലെങ്കില്‍ ബിന്നിയെ പുറത്താക്കുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.