Connect with us

Kozhikode

എസ് വൈ എസ് മീലാദ് സമ്മേളനം 19ന് കോഴിക്കോട്ട്‌

Published

|

Last Updated

കോഴിക്കോട്: മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം പത്തൊമ്പതിന് കോഴിക്കോട് കടപ്പുറത്ത് അന്താരാഷ്ട്ര മീലാദ് സമ്മേളനവും മദ്ഹുര്‍റസൂല്‍ പ്രഭാഷണവും നടക്കും. ജനലക്ഷങ്ങള്‍ ഒരുമിക്കുന്ന പ്രവാചക പ്രകീര്‍ത്തന സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ അന്തര്‍ദേശീയ തലത്തിലുള്ള ഇസ്‌ലാമിക പണ്ഡിതരും നേതാക്കളും പ്രവാചക കുടുംബ പരമ്പരയിലെ പ്രധാനികളും പങ്കെടുക്കും. സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. സയ്യിദ് ഹാശിം അഹ്മദ് മദീന, സയ്യിദ് അലി അബ്ദുര്‍റഹ്മാന്‍ അബൂദബി, ഡോ. അഹ്മദ് ഖസ്‌റജി യു എ ഇ, മൗലാന ഹമിദുല്ല ബഖ്തിയാരി തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതര്‍ സംബന്ധിക്കും.
പ്രവാചക പ്രകീര്‍ത്തന കാവ്യമായ ബുര്‍ദത്തുല്‍ ബൂസൂരി അടക്കം വിവിധ സംഘങ്ങളുടെ നേതൃത്വത്തില്‍ ബുര്‍ദ, ഖവാലി, മൗലിദ് എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമസ്ത മുശാവറ അംഗങ്ങളും സയ്യിദന്‍മാരും ഉമറാക്കളും സംഘടനാ നേതാക്കളും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ആറാം നൂറ്റാണ്ടില്‍ ജനിച്ച് ലോകത്ത് സ്‌നേഹ വിപ്ലവത്തിന്റെ വസന്തം തീര്‍ത്ത പുണ്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ലോകമെങ്ങും ആദരവോടെ ആഘോഷിക്കുകയാണ്. എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ കര്‍മ പദ്ധതികളാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്.
പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍, മീലാദ് റാലികള്‍, സമ്മേളനങ്ങള്‍, സെമിനാറുകള്‍ എന്നിവ സംഘടനയുടെ വിവിധ ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്നുവരികയാണ്. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ് വൈ എസ് പബ്ലിഷിംഗ് വിംഗ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.