പ്രവാചകന്റെ ചിത്രം പ്രസിദ്ധീകരിച്ചു; ഒഡീഷയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Posted on: January 15, 2014 11:08 pm | Last updated: January 15, 2014 at 11:08 pm

arrested126ഭുവനേശ്വര്‍: പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെതെന്ന രീതിയില്‍ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഒഡീഷയിലെ മുന്‍നിര പ്രാദേശിക പത്രത്തിലെ സബ് എഡിറ്റര്‍ അറസ്റ്റില്‍. ഇതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.
നബിദിനത്തിന്റെ പശ്ചാത്തലത്തിലാണ് ചെറിയ ലേഖനത്തോടൊപ്പം പടവും പ്രസിദ്ധീകരിച്ചത്. ഇതിനെ തുടര്‍ന്ന് സമാജ് ദിനപത്രത്തിന്റെ രണ്ട് ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധമുണ്ടായി. കട്ടക്കിലെ പ്രധാന യൂനിറ്റിന് മുമ്പിലും ബാലസോര്‍, റൂര്‍ക്കേല എന്നിവിടങ്ങളിലെ ഓഫീസുകള്‍ക്ക് മുമ്പിലുമാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സബ് എഡിറ്റര്‍ ജിതേന്ദ്രപ്രസാദ് ദാസിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് അറസ്റ്റെന്ന് കട്ടക്ക് ഡി വൈ എസ് പി പ്രവീണ്‍ കുമാര്‍ അറിയിച്ചു.
അതേസമയം, അറസ്റ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. സ്ഥാപനം സബ് എഡിറ്ററെ ബലിയാടാക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു.