അല്‍ ഐനില്‍ പലയിടങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലെന്ന് പരാതി

Posted on: January 15, 2014 6:44 pm | Last updated: January 15, 2014 at 6:44 pm

aaaഅല്‍ ഐന്‍: നഗരത്തിലും പരിസര പ്രദേശങ്ങളിലെ പലയിടങ്ങളിലും മതിയായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലെന്ന് പൊതു ജനങ്ങള്‍ക്കു പരാതി. ഗതാഗത വകുപ്പിനെ ഈ പരാതി ബോധ്യപ്പെടുത്തിയതായി ചിലര്‍ വെളിപ്പെടുത്തി.

ബസ്, ടാക്‌സി എന്നീ പൊതു ഗതാഗത സംവിധനം ഉപയോഗപ്പെടുത്തുന്നവരാണ് പരാതിയുമായി രംഗത്തെത്തിയത്. ചൂട് കാലാവസ്ഥയാണെങ്കില്‍ പൊള്ളുന്ന വെയിലേറ്റും മഴ പെയുന്ന സമയത്താണെങ്കില്‍ മഴ നനഞ്ഞുമാണ് ലക്ഷ്യസ്ഥാനത്തേക്കുള്ള ബസ് കിട്ടുന്നതു വരെ റോഡരികില്‍ നില്‍ക്കാന്‍. പല കാത്തിരിപ്പ് സ്ഥലങ്ങളിലും അധികൃതര്‍ മേല്‍ക്കൂരയുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ അപര്യാപ്തമാണെന്ന് പൊതു ജനങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നു. കാത്തിരിക്കുന്നവര്‍ക്കു കാറ്റ്, മഴ എന്നിവയില്‍ നിന്ന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ ഇവയുടെ ഘടന മതിയായതല്ലെന്നാണ് പരാതി.
നേരത്തെ ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച പ്രദേശങ്ങള്‍ക്കു പുറമെ പുതിയതായി ധാരാളം ബസ് റൂട്ടുകള്‍ ഗതാഗത വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അത്തരം റൂട്ടിലൊന്നും കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടില്ല.
വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാഗികമായെങ്കിലും നഗരത്തിലും സമീപ പ്രദേശങ്ങളിലും കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വന്നത്. നിര്‍മാണം കഴിഞ്ഞ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ചൂടിനേയോ, പൊടിക്കാറ്റിനേയോ, മഴയെയോ പ്രതിരോധിക്കാന്‍ പറ്റിയ നിലയിലല്ല. ഉള്ള കേന്ദ്രങ്ങളില്‍ തന്നെ ഇരിപ്പിടം പോലും പണികഴിയാത്ത നിലയിലാണ്. ഇരിപ്പിടം ഇല്ലാത്തത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അല്‍ ഐനിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തതിനെ തുടര്‍ന്ന് ബസ് കാത്തിരിക്കുന്നവര്‍ മഴ കൊണ്ടാണ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ഇരുന്നത്.
ചൂടിനെയും പൊടിക്കാറ്റിനെയും കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെയും പ്രതിരോധിക്കാന്‍ കഴിവുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വരണമെന്നാണ് അല്‍ ഐന്‍ നിവാസികളുടെ ആവശ്യം. അല്‍ ഐന്‍ നഗരത്തിലെ ഒട്ടു മിക്ക പ്രദേശങ്ങളിലേക്കും അരമണിക്കൂര്‍ ഇടവിട്ട് ബസ് സേവനം ഉെണ്ടങ്കിലും നഗരത്തില്‍ നാല്‍പ്പത് കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുതിയ വ്യവസായിക നഗരത്തിലേക്ക് ഇതുവരെ ബസ് സര്‍വീസ് ആരംഭിച്ചിട്ടില്ല. ജൈവ വള നിര്‍മാണ ശാല, സിമന്റ് നിര്‍മാണ ശാല, ഇന്റര്‍ ലോക് നിര്‍മാണം, ഹോളോ ബ്രിക്‌സ ഫാക്ട്രി, അലുമിനിയ ഫാക്ട്രി, വന്‍കിട നിര്‍മാണ കമ്പനികള്‍, പതിനായിരത്തിലധികം കൂലിത്തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പ് എന്നിവ ഈ പാതയിലാണ് സ്ഥിതി ചെയ്യുന്നത്.
വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബസ് സേവനം ആവശ്യപ്പെട്ട് കൊണ്ട് അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. പൊതുഗതാഗത വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതിനാല്‍ വൈകാതെ പ്രശനം പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷയിലാണ് പൊതുജനം.