എണ്ണയടിക്കാന്‍ നൂതന സംവിധാനവുമായി ഇനോക്

Posted on: January 15, 2014 6:38 pm | Last updated: January 15, 2014 at 6:38 pm

Petrol_pumpദുബൈ: എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി(ഇനോക്) വാണിജ്യ ഉപഭോക്താക്കള്‍ക്കായി നുതന സംവിധാനം നടപ്പാക്കി. രാജ്യത്തെ പ്രമുഖ എണ്ണ വിതരണ സ്ഥാപനങ്ങളായ ഇനോക്, എപ്‌കോ(എമിറേറ്റ്‌സ് പെട്രോളിയം പ്രൊഡക്ട് കമ്പനി) എന്നിവയാണ് റേഡിയോഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍(ആര്‍ എഫ് ഐ ഡി) വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനം എണ്ണ വിതരണത്തിന് നടപ്പാക്കിയിരിക്കുന്നത്. ഇതോടെ പണമോ ക്രെഡിറ്റ് കാര്‍ഡോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് പെട്രോളും ഡീസലും വാഹനങ്ങളില്‍ നിറക്കാന്‍ സാധിക്കും. തുടക്കത്തില്‍ വാണിജ്യ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുകയെങ്കിലും അധികം വൈകാതെ സാധാരണ ഉപഭോക്താക്കള്‍ക്കും ഇത് ലഭ്യമാക്കാനാണ് കമ്പനികളുടെ ശ്രമം. പ്രത്യേക പെര്‍മിറ്റുകളുടെ അടിസ്ഥാനത്തിലാവും ഈ സംവിധാനത്തിലൂടെ എണ്ണ വിതരണം സാധ്യമാക്കുക.

എത്ര പണം വരെ പെര്‍മിറ്റില്‍ അനുവദിച്ചിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാവും എണ്ണ നല്‍കുക. ഏത് തരം എണ്ണയാണ് ആവശ്യം, എണ്ണ നല്‍കേണ്ട വാഹനത്തിന്റെ വിശദാംശങ്ങള്‍ എന്നിവയും പെര്‍മിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.