ശീഷക്കുള്ള നിയന്ത്രണം പുകവലിക്കാത്ത തലമുറയെ സൃഷ്ടിക്കാനെന്ന് മന്ത്രാലയം

Posted on: January 15, 2014 6:36 pm | Last updated: January 15, 2014 at 6:36 pm

no_smoking-2158_0അബുദാബി: അടുത്ത മാസം ഒന്നു മുതല്‍ അബുദാബി സര്‍ക്കാര്‍ ശീഷ കടകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പുകവലിയില്‍ താല്‍പര്യമില്ലാത്ത പുതു തലമുറയെ സൃഷ്ടിക്കാനാണെന്ന് ആരോഗ്യ മന്ത്രാലയം. സിഗരറ്റിനെക്കാള്‍ എല്ലാ അര്‍ഥത്തിലും കൂടുതല്‍ അപകടകാരിയാണ് ശീഷ.
ശീഷ കടകള്‍ക്ക് നിയന്ത്രണം വരുന്നതോടെ പുകവലിക്കാരില്‍ നിന്നും മറ്റുള്ളവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടും ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാനാവുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. നടപടി ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ടുബാക്കോ കണ്‍ട്രോള്‍ കമ്മിറ്റി ഹെഡ് ഡോ. വെദാദ് അല്‍ മൈദൂര്‍ അഭിപ്രായപ്പെട്ടു. ശീഷ കടകളെ ജനമധ്യത്തില്‍ നിന്നും മാറ്റുന്നത് ജനങ്ങളുടെ ആരോഗ്യം പരിരക്ഷിക്കാനുള്ള ഉത്തമ മാര്‍ഗമാണ്. ഇത് സമീപത്തുള്ളവരിലേക്ക് ശീഷയുടെ ദൂഷ്യങ്ങള്‍ പകരുന്നത് ഇല്ലാതാക്കും. ഇതിലൂടെ ശീഷയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉപയോഗിക്കാത്തവരില്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. ശീഷയും ശീഷയില്‍ നിന്നുള്ള പുകയും എത്രത്തോളം കുറക്കാന്‍ സാധിക്കുമോ അത്രത്തോളം ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കാനാവും.
പുകവലിയിലും ശീഷ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളിലും താല്‍പര്യമില്ലാത്തതും ആരോഗ്യമുള്ളതുമായ ഒരു പുതു തലമുറയെ വാര്‍ത്തെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശീഷക്ക് നിയന്ത്രണം വരുന്നതോടെ സാമൂഹികമായ നിരവധി നേട്ടങ്ങളുമുണ്ട്. ശീഷ വലിക്കാനായി പുറത്തുപോവുന്നവര്‍ 45 മിനുട്ട് മുതല്‍ രണ്ടു മണിക്കൂര്‍ വരെയെങ്കിലും പുറത്ത് ചെലവഴിക്കുന്നതായാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.
ശീഷ വലിക്കുന്നത് ഒരാള്‍ അവസാനിപ്പിച്ചാല്‍ ആ സമയം കുടുംബത്തോടൊപ്പം ചെലവിടാന്‍ സാധിക്കുമെന്നും ഇത് ഭാര്യക്കും മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ ബന്ധം കൂടുതല്‍ ശക്തമാവാന്‍ ഉപകരിക്കുമെന്നും അവര്‍ പറഞ്ഞു. ശീഷയില്‍ നിന്നും ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതും ഇല്ലാതാക്കാന്‍ നിയന്ത്രണം സഹായകമാവും.
പുകവലിയുമായി ബന്ധപ്പെട്ട് 60 ലക്ഷം ആളുകളാണ് ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ഇവരില്‍ ആറു ലക്ഷവും പുകവലിക്കാത്തവരാണെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും ഡോ. വെദാദ് അനുസ്മരിച്ചു.
അടുത്ത മാസം ഒന്നു മുതല്‍ ശീഷ കടകള്‍ വിദ്യാലയം, മസ്ജിദ്, താമസ മേഖല എന്നിവയില്‍ നിന്നും 150 മീറ്റര്‍ ദൂര പരിധി പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ശീഷ കട നടത്താന്‍ പ്രത്യേക ലൈസന്‍സിന് അപേക്ഷിച്ച കടകള്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല. രാവിലെ 10 മുതല്‍ രാത്രി 12 മണി വരെ മാത്രമേ കടകള്‍ പ്രവര്‍ത്തിക്കാവൂ. ശീഷ വലിക്കുന്ന ഓരോ ഉപഭോക്താവിനും കട ഉടമകള്‍ രണ്ടു ചതുരശ്ര മീറ്റര്‍ വീതം സ്ഥലം അനുവദിക്കണം.
200 ചതുരശ്ര മീറ്ററെങ്കിലും കടകള്‍ക്ക് വിസ്താരം ഉണ്ടാവണം. ശീഷക്ക് സൗകര്യം നല്‍കുന്ന റെസ്‌റ്റോറന്റുകളില്‍ പുകവലിക്കാത്തവര്‍ക്കുള്ള ഇടത്തില്‍ നിന്നും ശീഷ മേഖലയെ പ്രത്യേകം വേര്‍തിരിക്കുകയും മേല്‍ക്കൂരയുടെ ഉയരം മൂന്നു മീറ്ററെങ്കിലും ഉണ്ടായിരിക്കുകയും വേണം. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് കടയില്‍ പ്രവേശനം അനുവദിക്കില്ലെന്നുള്ള പ്രത്യേക ബോര്‍ഡും കടക്ക് മുന്‍വശത്ത് പ്രദര്‍ശിപ്പിക്കണം. നിയമം ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ, രണ്ടു വര്‍ഷം തടവ്, കട അടച്ചുപൂട്ടല്‍ എന്നീ നടപടികളും നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമം നടപ്പാക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രമേ അവശേഷിക്കുന്നുവെങ്കിലും എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശീഷ കടകളില്‍ 90 ശതമാനവും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
ശീഷക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്ന സര്‍ക്കാര്‍ നടപടി പ്രാധാന്യമര്‍ഹിക്കുന്നതാണെന്നു അല്‍ നൂര്‍ ഹോസ്പിറ്റലിന്റെ ഖലീഫ ശാഖയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മാഹെര്‍ ഇതെര്‍ പറഞ്ഞു. ശീഷക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നാല്‍ അത് ഉപയോഗിക്കുന്നവരുടെ എണ്ണം കുറക്കുക എന്നു തന്നെയാണ് അര്‍ഥമാക്കേണ്ടതെന്ന് തലസ്ഥാന വാസിയായ ഒരു സിറിയക്കാരന്‍ പ്രതികരിച്ചു. വലിക്കുന്നവരുടെ എണ്ണം കുറയുകയെന്നാല്‍ വലിക്കാത്തവര്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും കുറയുന്നുവെന്നാണ് അര്‍ഥമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.