സൈനുദ്ദീന്റെ കുടുംബം ഇനി എസ് വൈ എസ് സാന്ത്വനം ഭവനത്തില്‍

Posted on: January 14, 2014 8:15 am | Last updated: January 14, 2014 at 8:15 am

മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ വേറിട്ട മാതൃകകള്‍ സൃഷ്ടിച്ച് എസ് വൈ എസിന് കീഴില്‍ ഒരു സാന്ത്വന ഭവനം കൂടി.
രണ്ട് വര്‍ഷം മുമ്പ് താനൂര്‍ ത്വാഹാബീച്ചില്‍ മരണപ്പെട്ട എ പി സൈനുദ്ദീന്റെ കുടുംബം ഇനി സാന്ത്വനം ഭവനത്തില്‍ അന്തിയുറങ്ങും. എസ് വൈ എസ് അബൂദാബി മലപ്പുറം ചാപ്റ്ററിന്റെ സഹകരണത്തോടെ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് താനൂര്‍ ത്വാഹാബീച്ചില്‍ സാന്ത്വനം ഭവനം നിര്‍മിച്ചത്. രണ്ട് മുറികളും അടുക്കളും സിറ്റൗട്ടും ഉള്‍പ്പെടെയുള്ള മനോഹരമായ വീടാണ് കൈമാറിയത്. സൈനുദ്ദീന്റെ വിയോഗത്തോടെ അത്താണിയില്ലാതെ കഴിഞ്ഞിരുന്ന കുടുംബം ഏറെ സന്തോഷത്തിലാണിപ്പോള്‍. ചെറിയ മക്കളുള്ള കുടുംബത്തിന് സ്വന്തമായി വീടുണ്ടായിരുന്നില്ല. ഇവരുടെ പരാധീനതകള്‍ മനസിലാക്കിയ എസ് വൈ എസ് നേതൃത്വം വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രണ്ഡിത പ്രമുഖരുടെയും നിറസാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ സദസ്സില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മരണപ്പെട്ട സൈനുദ്ദീന്റെ മക്കള്‍ക്ക് നിര്‍മാണം പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ കൈമാറി.
എസ് വൈ എസ് സാമൂഹ്യ ക്ഷേമ സമിതിയുടെ കീഴില്‍ ഇതിനകം നിരവധി വീടുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. പരിപാടിയില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ആബിദീന്‍ ബാഫഖി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അലവി സഖാഫി കൊളത്തൂര്‍, അബ്ദുര്‍റസാഖ് സഖാഫി വെള്ളിയാമ്പുറം, എസ് വൈ എസ് സാന്ത്വനം അബൂദാബി മലപ്പുറം ചാപ്റ്റര്‍ പ്രതിനിധികളും സംബന്ധിച്ചു.
ആലംബമില്ലാത്തവര്‍ക്ക് കൈതാങ്ങാകുന്ന എസ് വൈ എസിന്റെ ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പൊന്‍തൂവല്‍ കൂടിയാണ് സാന്ത്വനം ഭവന നിര്‍മാണ പദ്ധതി.