Connect with us

Malappuram

മഞ്ചേരിയില്‍ ഇന്ന് ഫുട്‌ബോള്‍ ആവേശം

Published

|

Last Updated

മലപ്പുറം: ജില്ലയിലെ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന ആ സുദിനം ഇന്ന്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ വന്നണഞ്ഞ ഫുട്‌ബോള്‍ മാമാങ്കം കണ്‍കുളിര്‍ക്കെ കാണാന്‍ സ്റ്റേഡിയം നിറഞ്ഞ് തുളുമ്പും.

കാലങ്ങളായി ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന കളി പ്രേമികളുടെ കുത്തൊഴുക്കാകും മഞ്ചേരിയിലേക്ക്. രാവിലെ തന്നെ കാണികള്‍ സ്റ്റേഡിയത്തിലേക്ക് പ്രവഹിക്കുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍. കോര്‍ട്ടില്‍ പന്തുരുണ്ടാല്‍ പിന്നെ മലപ്പുറത്തുകാര്‍ അടങ്ങിയിരിക്കില്ല. അവര്‍ക്ക് എല്ലാം ആവേശമാണ്. ബനാന കിക്കും ഡ്രിബ്ലിഗും, സിസര്‍ കട്ടും കാണുമ്പോള്‍ ഒരു നിമിഷത്തേക്ക് എല്ലാം മറക്കും. ഗ്രാമങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ സെവന്‍സിന്റെയും ഫൈവ്‌സിന്റെയും ആരവങ്ങളാണ് ഇനി മുതല്‍ പയ്യനാടിലെ ഈ കുന്നിന് മുകളിലും മുഴങ്ങുക. കൊട്ടും പാട്ടുമായി ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കുന്നതോടൊപ്പം ബാന്‍ഡ് സെറ്റും ശിങ്കാരി മേളവും മത്സരങ്ങള്‍ക്ക് കൊഴുപ്പേകാന്‍ കാണികളുടെ വക റെഡിയായി കഴിഞ്ഞു. എന്നാല്‍ പലരും ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലാണ്. 60 രൂപയുടെ ടിക്കറ്റ് 200 രൂപ വരെ നല്‍കി ബ്ലാക്കെടുത്ത് കളി കാണാനും ചിലര്‍ കച്ച കെട്ടിയിറങ്ങിയിട്ടുണ്ട്. സ്റ്റേഡിയത്തില്‍ മത്‌സരം നടക്കുമ്പോള്‍ അതിലേറെ പേര്‍ പുറത്ത് കളി കാണാനാകാതെ സ്റ്റേഡിയത്തിന് പുറത്തുണ്ടാകും. ഇത് പോലീസിന് തലവേദന സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് പോലീസ് ശക്തമായ സന്നാഹമാണ് ഒരുക്കുന്നത്. ഇന്നലെ സ്റ്റേഡിയം സന്ദര്‍ശിക്കാനായി ആയിരങ്ങളാണ് പയ്യനാട് എത്തിയത്. വഴിക്കടവ്, കോട്ടക്കല്‍, ചങ്ങരംകുളം, പുലാമന്തോള്‍ എന്നിവിടങ്ങളില്‍ നിന്ന് പോലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ എത്തികൊണ്ടിരുന്നു. മത്സരം തുടങ്ങിയാല്‍ താരങ്ങള്‍ക്ക് വേണ്ടി ആര്‍പ്പു വിളികളുമായി രംഗത്തുണ്ടാകുമെന്നാണ് പുല്ലൂര്‍ സ്വദേശി എഴുപത് കഴിഞ്ഞ മുഹമ്മദ് കാക്കയുടെ കമന്റ്.
എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്താത്തത് ആഘോഷ പൊലിമ കുറക്കുമെന്നാണ് നാല്‍പതുകാരനായ ആനക്കയം സ്വദേശി അയ്യപ്പന്റെ കമന്റ്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് മറക്കാനാകാത്ത നിമിഷങ്ങളാകും സമ്മാനിക്കുകയെന്ന് മഞ്ചേരി എച്ച് എം വൈ എച്ച് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സിനാന്‍ പറയുന്നു. ഏതായാലും ഈ മത്സരം ക്ലച്ച് പിടിക്കുന്നതോടെ കൂടുതല്‍ മത്സരങ്ങള്‍ മഞ്ചേരിയിലെത്തുമെന്നാണ് കളി പ്രേമികളുടെയും സംഘാടകരുടെയും കണക്ക് കൂട്ടല്‍.

 

Latest