Connect with us

Wayanad

കൃഷികള്‍ക്ക് കീടരോഗബാധ: കര്‍ഷകന് ലാഭം കണ്ണീര്‍ മാത്രമായി

Published

|

Last Updated

കല്‍പറ്റ: കീടരോഗബാധകള്‍ നിയന്ത്രിക്കുന്നതിന് പര്യാപ്തമായ ഇടപെടലുകള്‍ കൃഷിവകുപ്പ് നടത്താത്തത് കര്‍ഷകനാടിന് വെല്ലുവിളിയായി. നഷ്ടക്കണക്കുകള്‍ കുതിച്ച് ഉയര്‍ന്നതോടെ കര്‍ഷകന് ലാഭം കണ്ണീര്‍ മാത്രമായി.ഇത്തവണത്തെ വിളവെടുപ്പ്കാലം കര്‍ഷകനാടിന് വലിയ നഷ്ടത്തിന്റെതാണ്. കുരുമുളക് മരുന്നില്‍ കൂട്ടാന്‍പോലുമില്ല. 20 ക്വിന്റലോളം ശരാശരി പ്രതിവര്‍ഷം വിളവെടുപ്പ് നടത്തിയിരുന്ന കര്‍ഷകര്‍ക്ക്‌പോലും ഇത്തവണ പറിക്കാനുള്ളത് ഏതാനും കിലോഗ്രാം മാത്രം കുരുമുളക്. രോഗബാധയും വിളനാശവുമാണ് ഇതിനു കാരണമായത്.
കനത്ത മഴ ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ പെയ്തതിനാല്‍ കാപ്പികൃഷിക്ക് തിരിച്ചടിയായി. കാപ്പി വിളവെടുപ്പ്കാലം ഇത്തവണ കര്‍ഷകര്‍ക്ക് നല്‍കിയതും ഇല്ലായ്മകളാണ്. രണ്ടേക്കര്‍ തോട്ടത്തില്‍നിന്ന് 20 കിലോ കാപ്പിപോലും പറിക്കാനില്ല. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ ഇതു തികയില്ല. കവുങ്ങ് കര്‍ഷകര്‍ കടുത്ത നിരാശയിലാണ്. മഞ്ഞളിപ്പ്‌രോഗം വന്ന് കവുങ്ങിന്‍തോട്ടങ്ങള്‍ വ്യാപകമായി നശിച്ചതോടെ കാര്‍ഷിക മേഖലയുടെ പ്രധാന വരുമാനവും നിലച്ചു.
കുരുമുളകിന് കിലോക്ക് 500 രൂപയിലധികം വിലയുണ്ടെങ്കിലും ഉത്പന്നമില്ല. വിപണിയില്‍ കുരുമുളകിന് കടുത്ത ക്ഷാമം നേരിട്ടപ്പോള്‍ മാത്രമാണ് വില ഉയര്‍ന്നത്. ദ്രുതവാട്ടം, മഞ്ഞളിപ്പ് രോഗം എന്നിവയെല്ലാം കുരുമുളക്‌തോട്ടത്തെ ശൂന്യമാക്കി.
കുരുമുളക് പുനരുദ്ധാരണത്തിന് കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണ് വയനാട്ടില്‍ വന്നത്. പേരിന് ചില കര്‍ഷകര്‍ക്ക് ചില്ലറ തുക നല്‍കിയതൊഴിച്ചാല്‍ കുരുമുളക് പാക്കേജുകള്‍ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. കൃഷിഭവന്‍ മുഖേനയുള്ള ധനസഹായങ്ങളും കാര്‍ഷിക മേഖലയ്ക്ക് കരുത്തു നല്‍കിയില്ല.
കാപ്പിക്കൃഷി നാശത്തിന് കാരണമായത് കനത്ത മഴയാണ്. 900 മില്ലിമീറ്റര്‍ വരെ മഴ പെയ്തതിനാല്‍ ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ വയനാട്ടില്‍ കാപ്പിക്കുരു വന്‍തോതില്‍ കൊഴിഞ്ഞുപോവുകയായിരുന്നു.
മഴ കഴിഞ്ഞതോടെ കാപ്പിത്തോട്ടങ്ങള്‍ ശൂന്യമായി. കാപ്പിത്തോട്ടം ഇന്‍ഷുര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇത്തവണ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ചെറിയൊരു ശതമാനം കര്‍ഷകര്‍ മാത്രമാണ് തോട്ടം ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത്. കാപ്പിക്കും വിപണിയില്‍ വിലയുണ്ടെങ്കിലും കര്‍ഷകരുടെ പക്കലില്ല. കര്‍ഷകര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് പല കര്‍ഷകര്‍ക്കും കവുങ്ങ് വരുമാന മാര്‍ഗമാവുന്നത്. എന്നാല്‍ ചെറിയ കവുങ്ങിനുപോലും മഞ്ഞളിപ്പ് രോഗം വ്യാപകമാണ്. രോഗം വരുന്നതോടെ അടയ്ക്കകൊഴിഞ്ഞുപോക്കും പതിവു സംഭവമായി. മൂപ്പെത്താത്ത അടയ്ക്കാക്കുലകള്‍ കൂട്ടത്തോടെ വീഴുന്നതോടെ കവുങ്ങും ഉണങ്ങുകയാണ്. പിന്നീട് ഇവ മുറിച്ചുമാറ്റുകയല്ലാതെ മറ്റു വഴികളൊന്നും കര്‍ഷകര്‍ക്കില്ല.
ഇഞ്ചി, മഞ്ഞള്‍, ഏലം തുടങ്ങിയ വിളകളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പേ രോഗത്തിന് കീഴ്‌പ്പെട്ടതാണ്. ഇഞ്ചിക്കൃഷി വയനാട്ടില്‍നിന്ന് പാടെ പടിയിറങ്ങുന്നതിനും ഇതായിരുന്നു കാരണം. വാഴ, പച്ചക്കറി തുടങ്ങിയ വിളകളില്‍ മാത്രമാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ അല്പമെങ്കിലും ആശ്വാസം. രാസവളത്തിന്റെ വിലയും തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചതോടെ വാഴക്കൃഷി സാധാരണ കര്‍ഷകര്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്. പച്ചക്കറിക്കൃഷിയും ലാഭകരമാകണമെങ്കില്‍ കാലാവസ്ഥ അനുകൂലമാകണം.
കര്‍ഷകര്‍ക്ക് കാര്‍ഷിക മേഖലയില്‍നിന്ന് വരുമാനം കുറഞ്ഞതോടെ വയനാട്ടില്‍ കടുത്ത കാര്‍ഷിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഇതേ അവസരത്തിലാണ് കാര്‍ഷികകടങ്ങള്‍ക്കുള്ള മൊറട്ടോറിയം പരിധി അവസാനിക്കുന്നത്. ജപ്തി, ലേല നടപടികളും ആരംഭിച്ചിട്ടുണ്ട്. വയനാട് കാര്‍ഷിക പാക്കേജുപോലും കര്‍ഷകരെത്തേടി ഇതുവരെ എത്തിയില്ല.

Latest