മൗലിദുര്‍റസൂല്‍: നന്‍മയും മേന്‍മയും

Posted on: January 14, 2014 6:00 am | Last updated: January 13, 2014 at 11:06 pm

madina-pak-pictures
നബി(സ)യുടെ പേരിലുള്ള മൗലിദ് വളരെ പുണ്യമുള്ളതാണ്. മഹാനായ ഇബ്‌നു ഹജറില്‍ ഹൈതമി (റ) പറയുന്നു: ബിദ്അത്ത് ഹസനത്ത്, സുന്നത്താണ് എന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. മൗലിദിന്റെ പ്രവൃത്തിയും അതിനായി ജനങ്ങള്‍ ഒരുമിക്കലും ഈ ഇനത്തില്‍ പെട്ട സത്കര്‍മങ്ങളാണ്.

ഇമാം നവവി(റ)യുടെ ഗുരുവര്യനായ ഇമാം അബൂശാമ (റ) രേഖപ്പെടുത്തുന്നു. ”നമ്മുടെ കാലത്ത് നടപ്പുള്ള ഏറ്റവും നല്ല ബിദ്അത്തുകളില്‍ പെട്ടതാണ് നബി (സ)യുടെ ജന്‍മദിനത്തോട് യോജിച്ച് വരുന്ന ദിവസം എല്ലാ വര്‍ഷവും നടത്തുന്ന ദാനധര്‍മങ്ങളും പ്രയോജനപ്രദമമായ കാര്യങ്ങളും അലങ്കാര-സന്തോഷ പ്രകടനങ്ങളും. അവയില്‍ സാധുക്കള്‍ക്ക് ഉപകാരമുള്ളതിന് പുറമെ അത് ചെയ്യുന്നവരുടെ ഹൃദയത്തില്‍ റസൂല്‍ (സ)യോടുള്ള സ്‌നേഹപ്രകടനവും അവിടുത്തെ, ലോകത്തിനനുഗ്രഹമായി നല്‍കിയ അല്ലാഹുവിന് നന്ദിരേഖപ്പെടുത്തലുമുണ്ട്.
യഥാര്‍ഥത്തില്‍ റസൂല്‍(സ)യുടെ ജന്‍മദിനം നമ്മുടെ ഏറ്റവും വലിയ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും സുദിനമാണ്. ഇമാം സഖാവി (റ)പറയുന്നു: നബിദിനാഘോഷം ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ വ്യാപകമായിരുന്നില്ല. അതിന് ശേഷമാണ് വ്യാപകമായത്. പിന്നീട് മുസ്‌ലിംകള്‍ എല്ലാ രാഷ്ട്രങ്ങളിലും വലിയ പട്ടണങ്ങളിലും മൗലിദ് ഏര്‍പ്പെടുത്തി. പ്രസ്തുത രാത്രിയില്‍ പലവിധ ദാനധര്‍മങ്ങള്‍ നല്‍കുകയും മൗലിദ് പാരായണത്തില്‍ ശ്രദ്ധിക്കുകയും ചെയ്തു. അതിന്റെ പുണ്യവും മേന്‍മയും നിമിത്തം അവരില്‍ സര്‍വവിധ ഐശ്വര്യങ്ങളും വന്ന് ചേര്‍ന്നു. അല്ലാമാ ഇബ്‌നുല്‍ ജൗസി (റ) പറയുന്നു. മൗലിദ് പാരായണത്തിന്റെ പുണ്യങ്ങളില്‍പ്പെട്ടതാണ് പ്രസ്തുത വര്‍ഷത്തില്‍ സമാധാനവും ഉദ്ദേശ്യ പ്രാപ്തിയെക്കുറിച്ചുള്ള സന്തോഷവും ലഭ്യമാകുക എന്നത്.

വൈജ്ഞാനിക ലോകത്ത് മുസ്‌ലിം സമൂഹത്തിന് കനത്ത സംഭാവനകളര്‍പ്പിച്ച മഹാപണ്ഡിതന്‍മാരാണ് ഇവര്‍. അവരെല്ലാം പ്രസ്തുത ദിവസത്തിന്റെ മഹത്വം അറിയുകയും അതില്‍ നിലകൊള്ളുന്ന ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുകയും ചെയ്തവരാണ്.
മുസ്‌ലിം രാജാക്കന്‍മാരില്‍ നിന്ന് മൗലിദാഘോഷം വിപുലമായ രീതിയില്‍ നടപ്പില്‍ വരുത്തിയത് ധീരനും നീതിമാനും ഉന്നത പണ്ഡിതനുമായ ഇര്‍ബല്‍ ഭരണാധികാരി അല്‍ മുളഫ്ഫര്‍ അബൂസഈദ് ആയിരുന്നു. അക്കാലത്തെ പ്രമുഖ പണ്ഡിതരിലൊരാളായ ഹാഫിള് ഇബ്‌നു ദഹിയ്യ (റ), അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീരിന്നദീര്‍ എന്ന നാമത്തില്‍ ഒരു മൗലിദ് രചിക്കുകയും അത് രാജാവിന്റെ സദസ്സില്‍ പാരായണം ചെയ്തു വരികയും ചെയ്തിരുന്നു. മൗലിദ് രചിച്ചതിന്റെ പേരില്‍ ഇര്‍ബല്‍ ചക്രവര്‍ത്തി ഹാഫിള് ഇബ്‌നു ദിഹ്‌യക്ക് ആയിരം സ്വര്‍ണ നാണയം പാരിതോഷികമായി നല്‍കിയെന്നും ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. മൗലിദ് പതിവാക്കിയിരുന്ന പ്രസ്തുത ഭരണാധികാരി ശത്രുക്കളുടെ എണ്ണവും ആയുധങ്ങളുമെല്ലാം എത്ര വര്‍ധിച്ചതായിരുന്നാല്‍ പോലും ശത്രുക്കള്‍ക്കെതിരെ അത്ഭുതകരമായ വിജയം കൈവരിക്കാറുണ്ടായിരുന്നുവെന്നതും ചരിത്രയാഥാര്‍ഥ്യമാണ്. ഹിജ്‌റ 630ല്‍ ഫ്രഞ്ചുകാരെ ഉപരോധിച്ച് വലയം ചെയ്തിരിക്കവെ ഉക്കാ എന്ന സ്ഥലത്ത് വെച്ചായിരുന്നു മുളഫ്ഫര്‍ രാജാവിന്റെ വിയോഗം ഉണ്ടായത്. റസൂല്‍ (സ) യോടുള്ള അതിരറ്റ സ്‌നേഹം പ്രകടമാക്കിയ രാജാവ് തന്റെ പേര് (മുളഫ്ഫര്‍) സൂചിപ്പിക്കുന്നത് പോലെ എന്നും വിജയശ്രീലാളിതനായിരുന്നു. പ്രവാചക സ്‌നേഹം മൂലം ജീവിതകാലത്ത് തന്നെ നിരവധി ഗുണങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചുവെന്നര്‍ഥം!

പ്രസിദ്ധ ചരിത്രഗ്രന്ഥമായ മിര്‍ആതുസ്സമാനില്‍ സബ്തുബ്‌നുജൗസി പറയുന്നു. ‘മുളഫ്ഫര്‍ രാജാവിന്റെ മൗലിദ് പരിപാടിയില്‍ പങ്കെടുത്ത ചിലര്‍ എന്നോട് പറഞ്ഞു. അയ്യായിരം വേവിച്ച ആട്, പതിനായിരം പൊരിച്ച കോഴി, മുപ്പതിനായിരം തരം മധുര പലഹാരങ്ങള്‍, ഇവയെല്ലാമായിരുന്നു മൗലിദ് സദസ്സിലെ സത്കാര വിഭവങ്ങള്‍. സ്വദേശികളും വിദേശികളുമായ പ്രമുഖ പണ്ഡിതന്‍മാരും സൂഫിവര്യന്‍മാരുമെല്ലാം അതില്‍ സന്നിഹിതരായിരുന്നു. അവര്‍ക്കെല്ലാം പ്രത്യേകം പാരാതോഷികങ്ങള്‍ നല്‍കിയിരുന്നു. മൗലിദ് സദസ്സില്‍ സുഗന്ധ ദ്രവ്യങ്ങള്‍ പുകച്ചിരുന്നു. മൂന്ന് ലക്ഷം ദീനാര്‍ അദ്ദേഹം മൗലിദ് പരിപാടിക്കായി ചെലവഴിച്ചിരുന്നു.

നബി(സ)യോടുള്ള അടങ്ങാത്ത സ്‌നേഹം പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ചെയ്തു വന്നിരുന്നത്. അദ്ദേഹത്തെ അനുകരിച്ച് പില്‍ക്കാലത്ത് അത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവരുടെയെല്ലാം പ്രതിഫലത്തിന്റെ ഒരു വിഹിതം അദ്ദേഹത്തിനര്‍ഹതപ്പെട്ടതാകുന്നു. നന്‍മയിലേക്ക് പ്രേരിപ്പിക്കുന്നതും അത് ചര്യയാക്കുന്നതും നന്‍മ തന്നെയാണെന്നാണല്ലോ പ്രവാചകാധ്യാപനം.
ഹദീസ് രംഗത്തെ പ്രഗത്ഭ പണ്ഡിതനും ഹദീസിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന സ്ഥാനമലങ്കരിക്കുന്നവരുമായ അല്ലാമാ ഇബ്‌നു ഹജറില്‍ അസ്ഖലാനി(റ), ശരിയായ അടിസ്ഥാനത്തില്‍ മൗലിദ് പരിപാടി സുന്നത്താണെന്ന് സ്ഥിരപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ആയിരക്കണക്കിന് ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഹാഫിള് സ്വയൂത്വി(റ)വും മൗലിദ് നന്‍മയും മേന്‍മയും നിറഞ്ഞതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അല്ലാഹു മനുഷ്യരാശിക്ക് നല്‍കിയ വലിയ അനുഗ്രഹമാണ് തിരുനബി(സ). വിശുദ്ധ ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആ മഹത്തായ അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്തുകയാണ് നബിദിനാഘോഷത്തിലൂടെയും മൗലിദ് പാരായണത്തിലൂടെയും ലോക മുസ്‌ലിംകള്‍ ചെയ്തുവരുന്നത്. അതാകട്ടെ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടതുമാണ്.

നബി(സ) തങ്ങള്‍ മദീനയില്‍ ആഗതരായപ്പോള്‍ അവിടെയുണ്ടായിരുന്ന ജൂതന്‍മാര്‍ ആശുറാഅ് (മുഹര്‍റം പത്ത്) ദിവസം നോമ്പനുഷ്ഠിക്കുന്നത് കാണാനിടയായി. അതിനുള്ള കാരണമന്വേഷിച്ചപ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരുന്നു. ”അല്ലാഹു അവന്റെ പ്രവാചകനായ മൂസാ നബി (അ) നെ ഫിര്‍ഔനില്‍ നിന്ന് രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനെ മുക്കി നശിപ്പിക്കുകയും ചെയ്ത സുദിനമാണ് മുഹര്‍റം പത്ത്, അഥവാ ആശുറാഅ് ദിനം” അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു. ”എങ്കില്‍ മൂസാനബി (അ) യോട് നിങ്ങളേക്കാള്‍ ബന്ധപ്പെട്ടവര്‍ ഞങ്ങളാണ്.”
ചുരുക്കത്തില്‍ അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്തുക എന്ന കാര്യം നബി(സ) തങ്ങള്‍ അംഗീകരിക്കുന്നതും അനുയായികളോട് അന്ന് നോമ്പനുഷ്ഠിക്കാന്‍ കല്‍പ്പിക്കുന്നതുമാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്. അതു പോലെ മുസ്‌ലിംകള്‍ റസൂല്‍ (സ) തങ്ങള്‍ ജനിച്ചതിന്റെ പേരില്‍ അവിടുത്തെ ജന്‍മദിനത്തില്‍ സന്തോഷിക്കുന്നതില്‍ യാതൊരു കുഴപ്പവും വരുന്നില്ല. റസൂല്‍ (സ) യെകൊണ്ട് അല്ലാഹുവിന്റെ മതമായ ഇസ്‌ലാം പ്രചരിച്ചതിന്റെ പേരിലും മറ്റു മതങ്ങളേക്കാള്‍ ഇസ്‌ലാം ഉന്നതമാക്കപ്പെട്ടതിന്റെ പേരിലും മുസ്‌ലിംകള്‍ നന്ദിയും സന്തോഷവും പ്രകടമാക്കുക മാത്രമാണ് ഇതിലൂടെ ചെയ്യുന്നത്. അത് പുണ്യകര്‍മമാണെന്നതില്‍ ബുദ്ധിയുള്ളവര്‍ക്ക് സംശയത്തിനവകാശമില്ലല്ലോ!

ഇസ്‌ലാമിന്റെയും നബി (സ) യുടെയും ബദ്ധവൈരിയും നരക ശിക്ഷക്ക് പാത്രിഭൂതനായവനെന്ന് ഖുര്‍ആന്‍ പേരെടുത്ത് വിശേഷിപ്പിച്ചവനുമായ അബൂലഹബ്, റസൂല്‍ (സ)യുടെ പ്രസവ വാര്‍ത്ത അറിയിച്ച സുവൈബ എന്ന അടിമസ്ത്രീയെ സന്തോഷം നിമിത്തം മോചിപ്പിച്ചു. അത് കാരണമായി തിങ്കളാഴ്ച തോറും അബൂലഹബിന് നരക ശിക്ഷയില്‍ ഇളവ് ലഭിക്കുന്നുണ്ടെന്നും അയാളുടെ രണ്ട് വിരലുകള്‍ക്കിടയില്‍ നിന്ന് ശുദ്ധജലം നിര്‍ഗളിക്കുന്നുണ്ടെന്നും അദ്ദേഹം അത് കുടിക്കുന്നുണ്ടെന്നും വിശ്വാസയോഗ്യരില്‍ നിന്ന് ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.
പ്രസ്തുത സംഭവം ഉദ്ധരിച്ച് കൊണ്ട് ഹാഫിളുശ്ശാം ശംസുദ്ദീന്‍ മുഹമ്മദ് ബ്‌നു നാസ്വിര്‍ കവിതയാലപിച്ചതിന്റെ സംഗ്രഹം ഇങ്ങനെയാണ്. ”വിശുദ്ധ ഖുര്‍ആന്‍ ആക്ഷേപിക്കുകയും നാശം ബാധിച്ചവനും നരക വാസിയുമാണെന്ന് പറയുകയും ചെയ്ത അബൂലഹബ് എന്ന അവിശ്വാസിക്ക് റസൂല്‍(സ)യുടെ ജന്‍മത്തില്‍ സന്തോഷം പ്രകടിപ്പിച്ചതിന്റെ പേരില്‍ ശിക്ഷ ലഘൂകരിക്കപ്പെടുകയും ശുദ്ധ ജലം ലഭിക്കുകയും ചെയ്യുന്നുവെന്ന് സ്ഥിരപ്പെട്ട സ്ഥിതിക്ക്, ജീവിതം മുഴുവന്‍ നബി (സ) യുടെ ആഗമനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും സത്യവിശ്വാസിയായി മരിക്കുകയും ചെയ്ത ഒരടിമയെപ്പറ്റി നിന്റെ വിചാരം എന്തായിരിക്കണം? അപ്പോള്‍ അല്ലാഹുവിന്റെ തൗഹീദിലേക്കും മഗ്ഫിറത്തിലേക്കും അത് വഴി സ്വര്‍ഗത്തിലേക്കും ക്ഷണിക്കാനായി അല്ലാഹു നമുക്ക് കനിഞ്ഞരുളിയ റസൂലിന്റെ ജന്‍മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരത്രെ.”