സായിപ്പിനെ കാണുമ്പോള്‍…

Posted on: January 14, 2014 6:00 am | Last updated: January 13, 2014 at 8:40 pm

ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമാായി കൈവശം വെച്ച ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ കമ്പനിയുടെ ആസ്തി മുന്ന് കമ്പനികളില്‍ ലയിപ്പിക്കാനുള്ള നീക്കത്തെ കേന്ദ്രം അനുകൂലിച്ചത് സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. മലയാളം പ്ലാന്റേഷന്‍സ്, ഹാര്‍മണി പ്ലാന്റേഷന്‍സ്, ചാന്റിംഗ് പ്ലാന്റേഷന്‍സ് എന്നിങ്ങിനെ മുന്ന് കമ്പനികളിലായി സ്ഥാപനത്തിന്റെ ആസ്തി ലയിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ്, കമ്പനിക്കനുകൂലമായി കേന്ദ്ര സര്‍ക്കാറിന്റെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ട് സര്‍പ്പിച്ചത്. ലയനത്തിനുള്ള കമ്പനിയടെ നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയും കമ്പനിക്കനുകൂലമായ നിലപാട് സ്വീകിരിക്കരുതെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നതാണ്. അതവഗണിച്ചാണ് കമ്പനിയെ സഹായിക്കുന്ന തരത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയത്.

ഹാരിസണ്‍ കമ്പനിയുടെ അധീനതയിലുള്ള 60,000 ഏക്കറിലേറെ വരുന്ന ഭൂമിയിന്മേല്‍, കമ്പനിക്ക് ഉടമസ്ഥാവകാശമില്ലെന്നു റവന്യൂ വകുപ്പ് നടത്തിയ അന്വേഷണങ്ങളില്‍ തെളിഞ്ഞതാണ്. എട്ട് ജില്ലകളിലായി പരന്നു കിടക്കുന്ന കമ്പനിയുടെ എസ്‌റ്റേറ്റുകളില്‍ രഹസ്യ പരിശോധന നടത്തിയും അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള മുന്നാധാരമടക്കമുള്ള പഴയ രേഖകള്‍ പരിശോധിച്ചുമാണ് റവന്യൂ വിഭാഗത്തിന്റെ ഈ കണ്ടെത്തല്‍. ഉടമസ്ഥാവകാശത്തിന് അടിസ്ഥാനമായി കമ്പനി ഹാജരാക്കുന്ന 1600/1923 നമ്പര്‍ ആധാരം വ്യാജമാണെന്നും അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായ റബ്ബര്‍ ്ര്രെപാഡ്യൂസിംഗ് കമ്പനി (ഹാരിസന്റെ പൂര്‍വ നാമം) ജന്മിമാരില്‍നിന്നും രാജാക്കന്മാരില്‍ നിന്നും പാട്ടത്തിന് വാങ്ങിയ ഭൂമി, നിയമം മറികടന്നാണ് മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ് എന്ന കമ്പനി ഉണ്ടാക്കി അതിന്റെ പേരിലേക്ക് മാറ്റിയതെന്നും തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും കമ്പനിയുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ സംസ്ഥാന സര്‍ക്കാറിന് അടിക്കടി നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടി, റവന്യൂ വകുപ്പില്‍ തന്നെ കമ്പനിയുടെ ഒത്താശക്കാരുണ്ടെന്ന സംശയം ഉണര്‍ത്തിയിട്ടുണ്ട്. ഹാരിസണിന്റെ അധീനതയിലുള്ള ഭൂമികളില്‍ മരം മുറിക്കുന്നത് തടഞ്ഞുകൊണ്ടുള്ള മുന്‍ കോടതി ഉത്തരവുകള്‍ റദ്ദാക്കിയും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെയും കഴിഞ്ഞ സെപ്തംബര്‍ 10ലെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിന് വഴിയൊരുക്കിയത് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച യഥാര്‍ഥ വിഷയങ്ങള്‍ കോടതിക്കു മുമ്പാകെ അവതരിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാരും ജന്മിമാരും ബ്രിട്ടീഷ് കമ്പനിക്ക് നല്‍കിയ പാട്ട ആധാരത്തിന്റെ പകര്‍പ്പ് കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇപ്പോഴും ലഭ്യമാണ്. ഇത് കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കില്‍, കമ്പനി ഹാജരാക്കിയ ആധാരം വ്യാജമാണെന്ന് കോടതിക്ക് ബോധ്യപ്പെടുമായിരുന്നു. എന്നാല്‍ യഥാര്‍ഥ ആധാരത്തിന്റെ പകര്‍പ്പെടുത്ത് കോടതിക്ക് നല്‍കുന്നതില്‍ റവന്യൂ വകുപ്പ് വിമുഖത കാണിക്കുകയായിരുന്നു. ഹാരിസണിന്റെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് ആദ്യം അന്വേഷിച്ച ലാന്‍ഡ് റവന്യൂ കമ്മീഷനര്‍ നിവേദിതാ പി. ഹരനില്‍ നിന്ന് യഥാര്‍ഥ രേഖകള്‍ റവന്യൂ ഉന്നതര്‍ മറച്ചുവെച്ചതും, ഹാരിസണ്‍ ഭൂമി ഉള്‍പ്പെടുന്ന ആറ് ജില്ലകളിലെ അന്നത്തെ കലക്ടര്‍മാര്‍ ഉന്നതാധികാര സമിതിയോട് നിസ്സഹകരിച്ചതും ഉദ്യോഗസ്ഥര്‍ക്കെതിരായ സന്ദേഹം ബലപ്പെടുത്തുന്നുണ്ട്.

ഹാരിസന്റെ കൈവശമുള്ള ഭൂമികളെക്കുറിച്ചു സര്‍ക്കാര്‍ തലത്തില്‍ പല അന്വേഷണങ്ങളും നടന്നിട്ടുണ്ട്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ആദ്യമായി അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന നിവേദിത പി.ഹരനാണആദ്യമായി അേന്വഷിച്ചത്. ഈ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല. പിന്നീടു വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ജസ്റ്റിസ് മനോഹരന്‍ കമ്മീഷനെ ചുമതലപ്പെടുത്തി. 2013 ല്‍ വിജിലന്‍സ് ഡിവൈ എസ് പി നന്ദനന്‍ പിള്ളയും ഇതെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടില്ല. ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമം നടത്തുന്നുവെന്നു ധാരണ പരത്താന്‍ ശ്രമക്കുമ്പോള്‍ തന്നെ, പിന്നാമ്പുറത്ത് കമ്പനിയുമായി ഒത്തുകളിക്കുന്നുവെന്ന ആരോപണത്തിന് ബലമേകുന്നതാണ് ഇത്തരം നടപടികള്‍. പാവപ്പെട്ടവന്‍ വീട് നിര്‍മാണത്തിനോ മറ്റോ അഞ്ച് സെന്റ് സ്ഥലം മണ്ണിട്ടു നികത്തുമ്പോള്‍, നിയമ നടപടികള്‍ക്കായി വിവിധ വകുപ്പുകളുടെ പട തന്നെ പാഞ്ഞെത്തുന്ന നാട്ടില്‍, കള്ളപ്രമാണം ചമച്ചു പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നത് തടയാന്‍ നിയമത്തില്‍ വകുപ്പുകള്‍ കാണാതെ പോകുന്നത് വിസ്മയകരമാണ്. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുകയെന്ന ചൊല്ല് അന്വര്‍ഥമാക്കുകയാണോ ഹാരിസന്‍ ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാറും ഉദ്യോഗസ്ഥ ലോബിയും?