പാഠപുസ്തക നവീകരണവും രാഷ്ട്രീയ ഇടപെടലും

Posted on: January 14, 2014 6:00 am | Last updated: January 13, 2014 at 8:38 pm

text bookNo man can be a good teacher unless he has been feelings of warm affection towards his pupils and genuine desire to impart to them what he himself believes to be value.
Bertrand Russell
ഇരുപതാം നൂറ്റാണ്ടിലെ മികച്ച ചിന്തകരിലൊരാളായ റസ്സലിന്റെ വാക്കുകളാണിവ. സാഹിത്യത്തിന് നൊബേല്‍ സമ്മാനം നേടിയ റസ്സല്‍ മികച്ച വിദ്യാഭ്യാസ വിചക്ഷണനായിരുന്നു. ‘ തന്റെ കുട്ടികളുടെ മനസ്സിലേക്ക് സ്‌നേഹത്തിന്റെ സൂര്യവെളിച്ചവുമായി കടന്നുചൊല്ലുകയും വിജ്ഞാനരശ്മികള്‍ കൊണ്ട് അവരുടെ മനസ്സിനെ നവീകരിക്കുകയും ചെയ്യാത്തവര്‍ അധ്യാപകരായിരിക്കാന്‍ യോഗ്യരല്ല. ‘ എന്ന് റസ്സല്‍ തന്റെ വിഖ്യാതമായ ‘ Functions of a teacher’ എന്ന ലേഖനത്തില്‍ പറയുന്നു. രാഷ്ട്രീയ നേതാക്കളുടെ തുരുമ്പെടുത്ത പ്രത്യയശാസ്ത്രങ്ങളുടെയും കവലപ്രഭാഷണങ്ങളുടെയും പിറകെ ഓടുന്ന കേരളത്തിലെ അധ്യാപക വര്‍ഗത്തിലെ ചിലര്‍ വൈജ്ഞാനിക രംഗത്തെ പുതു പ്രവണതയോട് മുഖം തിരിഞ്ഞിരിക്കുന്നു. സിലബസിന് വേലി കെട്ടി എഴുതിയ പത്താം തരം ഗൈഡ് ബുക്കുകള്‍ക്കപ്പുറം ആധുനിക ശാസ്ത്രത്തിന്റെ കുളമ്പടി ശബ്ദം കേള്‍ക്കാതെ പോകുന്ന യു ജി സി പ്രൊഫസര്‍മാര്‍ ഒന്നര ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന രാജ്യം ഇന്ത്യയല്ലാതെ മറ്റെവിടെയും കാണില്ല. സിലബസ് മാറുമ്പോള്‍ ഒരു വിദേശ രാജ്യത്ത് എത്തിപ്പെട്ട പ്രതീതിയാണ് പലര്‍ക്കും. ലോകത്തിലെ വിജ്ഞാന ശാഖകള്‍ എല്ലാം ഓരോ നിമിഷവും വളരുന്നു. പക്ഷേ, അധ്യാപകരില്‍ ബഹുഭൂരിപക്ഷവും വളര്‍ച്ച മുരടിച്ച ബോണ്‍സായ് വൃക്ഷങ്ങള്‍ പോലെയാണ്. ഇതിന് കാരണം രാഷ്ട്രീയ പാര്‍ട്ടികളാണ്. നോംസ് നടപ്പാക്കാതെ യു ജി സി കൊടുത്തതും നാട് മുഴുവന്‍ കൂണുകള്‍ മുള പൊട്ടുന്നത് പോലെ സ്വാശ്രയ കോളജുകള്‍ പൊങ്ങിവരുന്നതും പാഠപുസ്തകങ്ങളുടെ രാഷ്ട്രീയവത്കരണവും വിദ്യാഭ്യാസ രംഗത്തെ ഒരു ‘പാന്‍ഡിമോണിയ’ യാക്കി മാറ്റി. റഗുലര്‍ കോളജില്‍ നിന്നും പ്രീഡിഗ്രി എടുത്തുമാറ്റുന്നത് ഡിഗ്രി ക്ലാസുകളും പി ജി ക്ലാസുകളും നക്ഷത്രതുല്യമാക്കാനാണെന്നുള്ള വാദങ്ങളെല്ലാം പൊളിഞ്ഞു. വീടിനടുത്തുള്ള റഗുലര്‍ കോളജില്‍ ബിരുദത്തിന് അഡ്മിഷന്‍ കിട്ടിയ കുട്ടികള്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും ഒഴുകുന്നത് കേരളത്തിലെ റഗുലര്‍ കോളജുകളിലെ അക്കാദമിക് നിലവാരം താഴ്ന്നുപോയതിനാലാണ്. വി സിയെ നിയമിക്കുന്നതും പുതിയ എയ്ഡഡ് കോളജുകള്‍ അനുവദിക്കുന്നതും രാഷ്ട്രീയ നേതാക്കളുടെ കൈയൊപ്പോടു കൂടിയാണ്. മെഡിക്കല്‍ കോളജുകളും എന്‍ജിനീയറിംഗ് കോളജുകളും ഓരോ സമുദായത്തിന്റെയും പത്തായപ്പുരകാളായി മാറിയിരിക്കുന്നു.
ഇടതുപക്ഷത്തിന്റെ ആറാമിന്ദ്രിയം യു ഡി എഫിനില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ഇംഗ്ലീഷും സോഷ്യല്‍ സയന്‍സും, മുന്‍വിധികളുടെ കുതിരപ്പുറത്തിരുന്ന് ആലോചിക്കാതെ പെട്ടെന്ന് ചുട്ടെടുത്തതാണ്. പത്താം തരം ഇംഗ്ലീഷ് പാഠപുസ്തകം ഭാഷയറിയാത്ത കുട്ടികള്‍ക്ക് സാഹിത്യം തളികയില്‍ ദ്രാക്ഷാരക്തത്തോടൊപ്പം ഒഴിച്ചു കൊടുത്തതാണ്. ഇടതുപക്ഷ ആശയം ലാറ്റിനമേരിക്കയിലാണ് മുള പൊട്ടുന്നതെന്ന് തെറ്റിദ്ധരിച്ച കുറേ ‘അധ്യാപഹയന്മാര്‍’ ഒന്നിച്ചിരുന്നപ്പോള്‍ ലാറ്റിനമേരിക്കയിലെ യുഗനിര്‍മാതാക്കളായ ഗാര്‍സ്യാ മാര്‍കേസിനേയും ബോര്‍ഹസ്സിനെയും ഒക്‌ടോവിയോ ഹസ്സിനേയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയാല്‍ കേരളത്തില്‍ ‘കമ്മിറ്റ്‌മെന്റ് സാഹിത്യം’ സ്‌കൂള്‍ തലത്തില്‍ വേരോടും എന്ന് തെറ്റിദ്ധരിച്ചു പോയതാകും. ഇടതുപക്ഷത്തിന്റെ കാലത്തുള്ള പാഠപുസ്തകങ്ങള്‍ ഇപ്പോള്‍ തച്ചുടച്ച് പുതിയ പാഠപുസ്തകങ്ങള്‍ക്ക് രൂപം നല്‍കാനുള്ള കമ്മിറ്റികളില്‍ എല്ലാം ഭരണകക്ഷിയുടെ അധ്യാപക സംഘടനകള്‍ ശിപാര്‍ശ ചെയ്യുന്നവരാണുള്ളത്.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജ്യോഗ്രഫിയും ചരിത്രവും കൂട്ടിച്ചേര്‍ത്ത് സാമൂഹ്യശാസ്ത്രം ഒന്നാം ഭാഗം, രണ്ടാം ഭാഗം തുടങ്ങിയ പേരുകളില്‍ മഹാഭാരതത്തിന് സമാനമായ പടുകൂറ്റന്‍ ടെക്സ്റ്റ് ബുക്കുകള്‍ ഇറക്കി കുട്ടികളെയും പഠിപ്പിക്കുന്ന അധ്യാപകരെയും വൃഥാ യത്‌നത്തിന്റെ നിഷ്ഫലത ഓര്‍മിപ്പിക്കുന്നു. ഗണിതശാസ്ത്രം പോലെ കുട്ടികളില്‍ ഭീതി ജനിപ്പിക്കുന്ന ഒരു വിഷയമായി സാമുഹിക പാഠം മാറിയിരിക്കുന്നു. ലോകത്തിലെ എല്ലാ വിജ്ഞാന ശാഖകളില്‍ നിന്നും നുള്ളിയെടുത്ത കുറേ നുറുങ്ങ് കാര്യങ്ങള്‍ കുത്തിനിറച്ച ഒരു ചാക്കാണ് ഇന്നത്തെ സാമൂഹികപാഠം ടെക്സ്റ്റ് ബുക്കുകള്‍. ഇത് പഠിക്കുന്ന 14 വയസ്സുള്ള കുട്ടികളെ ഉടലോടെ സ്വര്‍ഗത്തിലേക്ക് അയക്കാന്‍ മാനസിക വൈകല്യമുള്ള ആരോ ഈ പാഠഭാഗങ്ങള്‍ സെലക്ട് ചെയ്യുന്ന കമ്മിറ്റികളില്‍ ഉണ്ടായിരുന്നു. സാഹിത്യവും തത്വശാസ്ത്രവും പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും ചരിത്രവും നവീന ചിത്രകലയും ഗോയ്‌ഥേയുടെ റൊമാന്റിക് വീക്ഷണവും ഭൂഗര്‍ഭത്തിലെ മണ്ണടരുകളും സമുദ്രത്തിലെ ജീവികളുടെ ആയുസ്സ് നിര്‍ണയിക്കുന്ന രേഖകളും ലൈംഗിക രോഗങ്ങളും ക്യാന്‍സറും ശരീരത്തിലെ ചൊറിയും നീറ്റലും അതിന്റെ കാരണങ്ങളും അങ്ങനെ ജീവിതവുമായി ബന്ധമുള്ള എല്ലാ കാര്യങ്ങളും പത്താം ക്ലാസുകാര്‍ സാമൂഹിക ശാസ്ത്രത്തിലൂടെ പഠിച്ച് ആകാശത്തില്‍ ഐക്കറസ് പക്ഷിയെപ്പോലെ പറന്നു ഒടുവില്‍ കുഴിയില്‍ തലകുത്തി വീഴുന്നു.
ഈ വര്‍ഷത്തെ പാഠപുസ്തക മെറ്റീരിയല്‍ റിവൈസിംഗ് കമ്മിറ്റിയില്‍ യോഗ്യരായ ആരെങ്കിലും ഉണ്ടാകുമോ എന്നതാണ് സംശയത്തിനിട നല്‍കുന്നത്. പത്താം തരത്തിലും ഹയര്‍ സെക്കന്‍ഡറിയിലും ഇംഗ്ലീഷ,് സോഷ്യല്‍ സയന്‍സ്, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വാര്‍ഷിക പരീക്ഷക്ക് ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നത് ആ വിഷയം സ്‌കൂള്‍ തലത്തില്‍ പഠിപ്പിക്കുന്ന പരിചയസമ്പന്നരായിരിക്കണം എന്ന് വിദ്യാഭ്യാസമന്ത്രിയും അടുത്ത കാലത്ത് സമ്മതിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിച്ച് വീട്ടുവളപ്പില്‍ ഇഞ്ചിക്കൃഷിയും കപ്പക്കൃഷിയും തുടങ്ങിയ റഗുലര്‍ കോളജ് അധ്യാപകരില്‍ ദിവസേന പത്രം പോലും മറിച്ചുനോക്കാത്തവരും ഉണ്ട്. വിരമിച്ച എല്ലാ പ്രൊഫസര്‍മാരും കെ അയ്യപ്പ പണിക്കരല്ല. തന്താങ്ങളുടെ വിഷയത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ വന്ന മാറ്റങ്ങളൊന്നും അറിയാത്ത വിരമിച്ച കോളജ് അധ്യാപകരെ പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ കൂവിയിരുത്തുന്നു. ഇവരെ പത്താം തരത്തിലെ ചോദ്യപ്പേപ്പറിടാന്‍ ഏല്‍പ്പിച്ച സര്‍ക്കാറിനെയാണ് ചാട്ടവാറുകൊണ്ട് തല്ലേണ്ടത്. രണ്ട് വര്‍ഷം മുമ്പ് ഹയര്‍ സെക്കന്‍ഡറി വര്‍ഷാന്ത ഇംഗ്ലീഷ് ചോദ്യപ്പേപ്പര്‍ തിരുവനന്തപുരത്തുള്ള ഒരു ലക്ഷത്തില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന ഒരധ്യാപകന്‍ സെറ്റ് ചെയ്തപ്പോള്‍ മുഴുവന്‍ തെറ്റാണെന്ന് ഒരു വാരിക കണ്ടെത്തി. ഇത് കേരളത്തിലെ മീഡിയകള്‍ ചര്‍ച്ചയാക്കിയപ്പോള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ തന്നെ അതിന്റെ ഉറവിടം വ്യക്തമാക്കി. ഒരു സാധാരണ ചോദ്യപ്പേപ്പര്‍ നിര്‍മാണത്തില്‍ ഇത്രയധികം തെറ്റുകള്‍ കുട്ടികളെ പഠിപ്പിക്കുന്നു.! ഭാഷയറിയാത്ത അധ്യാപകനെത്തന്നെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് ഒരു തമാശ തന്നെയാണ്. അതേ; ഇവിടെ എല്ലാം ഫലിതമാണ്. പാഠപുസ്തക നിര്‍മാണ കമ്മിറ്റിയില്‍ പ്രവേശം കിട്ടാന്‍ നെട്ടോട്ടമോടുന്നത് സ്‌കൂളുകളില്‍ ക്ലാസ് എടുക്കാതെ തിരുവനന്തപുരത്ത് പോയി കഞ്ഞിയും കപ്പയും അടിക്കാനാണ്. ഒരു കമ്മിറ്റിയില്‍ കിട്ടിയാല്‍ ആ പേരില്‍ ഇഷ്ടം പോലെ ഒ ഡി കിട്ടും.