പ്രവാചക പ്രകീര്‍ത്തന സംഗമമായി സിറ്റി നബിദിന റാലി

Posted on: January 13, 2014 11:48 pm | Last updated: January 13, 2014 at 11:48 pm

കോഴിക്കോട്: പ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ 1488-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റിയിലെ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സിറ്റി നബിദിന റാലി നൂറുകണക്കിന് വിശ്വാസികളുടെ പ്രവാചക പ്രകീര്‍ത്തനസംഗമമായി.
മൂരിയാട് സുന്നി ജുമുഅ മസ്ജിദില്‍ നിന്നാരംഭിച്ച റാലി മാങ്കാവ് ബൈപ്പാസ് ജംഗ്ഷന്‍ വഴി കിണാശ്ശേരിയില്‍ സമാപിച്ചു. സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍, സുന്നി ബാലസംഘം തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റാലി കേന്ദ്ര ഗവ. മദ്‌റസാ ഗ്രാന്‍ഡ് ഇന്‍ എയ്ഡ് കമ്മിറ്റി അംഗം വി എം കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ല മുസ്‌ലിയാര്‍, മഹല്ല് ഖാസി അബ്ദുര്‍റഹ്മാന്‍ സഖാഫി പുതുപ്പറമ്പ്, മഖറുസ്സുന്നിയ്യ സീനിയര്‍ പ്രിന്‍സിപ്പല്‍ കെ ടി മുഹമ്മദ് ബഷീര്‍ അഹ്‌സനി, കിണാശ്ശേരി മഹല്ല് ഖത്തീബ് സുലൈമാന്‍ സഖാഫി, എസ് വൈ എസ് മാങ്കാവ് സര്‍ക്കിള്‍ പ്രസിഡന്റ് കെ എം ഹസ്സന്‍കോയ മാസ്റ്റര്‍, എസ് എം എ ജില്ലാ സെക്രട്ടറി അശ്‌റഫ് സഖാഫി തിരുവണ്ണൂര്‍, സുന്നി കോ ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ സ്വാദ് ആസിഫ്, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അംജദ് മാങ്കാവ്, എന്‍ ഇര്‍ശാദ് കിണാശ്ശേരി, ജിബാസ് ആഴ്ചവട്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിവിധ മഹല്ല് മസ്ജിദ് ഭാരവാഹികള്‍, പള്ളി ഇമാമുമാര്‍, പൗരപ്രമുഖര്‍, സിറ്റി പരിധിയിലെ മദ്‌റസാ വിദ്യാര്‍ഥികളുടെ ദഫ്, സ്‌കൗട്ട് സംഘങ്ങള്‍, ദര്‍സ് മുതഅല്ലിംകള്‍, സുന്നി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ റാലിയിലണിനിരന്നു.
സമാപന സമ്മേളനത്തില്‍ കിണാശ്ശേരി ജുമുഅ മസ്ജിദ് സെക്രട്ടറി എം പി നൗഫല്‍ അധ്യക്ഷത വഹിച്ചു.
എസ് എസ് എഫ് മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് മുര്‍തള തങ്ങള്‍ തിരൂര്‍ക്കാട് മുഖ്യപ്രഭാഷണം നടത്തി.ശരീഫ് സഖാഫി കുറ്റിക്കാട്ടൂര്‍, റശീദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.