അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ഥി ഹോസ്റ്റലുകള്‍ക്ക് പുതിയ മുഖം വരുന്നു

Posted on: January 13, 2014 11:45 pm | Last updated: January 13, 2014 at 11:45 pm

അഗളി: അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പുതിയ ഹോസ്റ്റലുകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും വരുന്നു. ഈ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ വിദ്യാഭ്യാസരംഗത്ത് വന്‍ പുരോഗതിക്ക് വഴിയൊരുങ്ങുമെന്നാണ് കണക്കുകൂട്ടല്‍. രണ്ട് കോടിയിലേറെ രൂപയുടെ നിര്‍മാണമാണ് നടന്നുവരുന്നത്. ഇതിന് രണ്ടര കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ ഹോസ്റ്റലുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ 90 ശതമാനം പൂര്‍ത്തിയായി.
നിലവിലുള്ള ഹോസ്റ്റലുകളുടെ നവീകരണവും തുടങ്ങിയിട്ടുണ്ട്. ഹോസ്റ്റലുകളില്‍ കമ്പ്യൂട്ടര്‍, മോഡം, ഇന്റര്‍നെറ്റ് സെറ്റര്‍, യു പി എസ് എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മുക്കാലി, ഷോളയൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ബയോഗ്യാസ് സ്ഥാപിക്കാനുള്ള പദ്ധതിക്കും തുടക്കമായി. അഗളിയിലെ ആണ്‍, പെണ്‍കുട്ടികളുടെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും, ഷോളയൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെയും നിര്‍മാണം പുനരാരംഭിച്ചു. ഇതിന് പുറമെ 2.42 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചു. അട്ടപ്പാടിയില്‍ അനുവദിച്ച ആണ്‍കുട്ടികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിന് സ്ഥിരം കെട്ടിടം ലഭിക്കുന്നതുവരെ അഗളി പഞ്ചായത്തിലെ കാവുണ്ടിക്കലിലെ കാരുണ്യാശ്രമത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് അട്ടപ്പാടി ഐ ടി ഡി പി പ്രോജക്ട് ഓഫിസര്‍ നിര്‍ദേശിച്ചു. ഷോളയൂരില്‍ പുതുതായി രണ്ട് ഹോസ്റ്റലുകളുടെ നിര്‍മാണം ആരംഭിച്ചു. കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതിയായ ആശ്രമം സ്‌കൂളുകള്‍ ചിണ്ടക്കി, കുലുക്കല്ലൂര്‍, പട്ടിമാളം എന്നിവിടങ്ങളില്‍ ആരംഭിക്കുന്നതിനും പുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോടനുബന്ധിച്ച് പെണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കുന്നതിനുമുള്ള നിര്‍ദേശം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിച്ചതായി ഐ ടി ഡി പി പ്രോജക്ട് ഓഫിസര്‍ പി വി രാധാകൃഷ്ണന്‍ അറിയിച്ചു.