കാശ്മീര്‍ എജ്യൂ- മിഷന്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

Posted on: January 13, 2014 11:33 pm | Last updated: January 13, 2014 at 11:33 pm

രാമനാട്ടുകര: കാരന്തൂര്‍ മര്‍കസിന് കീഴില്‍ ജമ്മു കാശ്മീരില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനം സുഗമമാക്കാന്‍ കേരളത്തില്‍ കോ- ഓര്‍ഡിനേഷന്‍ ഓഫീസ് രാമനാട്ടുകരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇരുപത് സ്‌കൂളുകളും മദ്‌റസകളും മസ്ജിദുകളും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന കാശ്മീര്‍ എജ്യൂ- മിഷന്‍ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനും കൂടുതല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരെ നിയമിക്കാനും സഹായകമാകുന്ന രൂപത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. കാശ്മീര്‍ ടൂര്‍, സിയാറത്ത് പാക്കേജുകളും ഈ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുമെന്ന് ഡയറക്ടര്‍ ഷൗക്കത്ത് നഈമി അല്‍ ബുഖാരി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9895662111.
ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടുത്തെ ജനതയെ കൂടുതല്‍ രാജ്യസ്‌നേഹമുള്ളവരാക്കി മാറ്റാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും മിഷന്‍ ഓഫീസ് രാമനാട്ടുകരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
കാശ്മീരിലെ പുതുതലമുറക്ക് മത ഭൗതിക വിദ്യാഭ്യാസത്തിനാവശ്യമായ നിരവധി കാര്യങ്ങള്‍ മര്‍കസ് ചെയ്തുവരുന്നുണ്ട്. കാശ്മീര്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അഭ്യര്‍ഥന പ്രകാരം ഓരോ വര്‍ഷവും കാരന്തൂര്‍ മര്‍കസില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നു. പുറമെ കാശ്മീരിലെ വ്യത്യസ്ത പ്രദേശങ്ങളിലായി സ്ഥാപനങ്ങള്‍ നടത്തുകയും കഴിവുറ്റ അധ്യാപകരെ അവിടേക്ക് നിയമിച്ച് കേരളാ മോഡല്‍ വിദ്യാഭ്യാസ പുരോഗതിക്ക് ശ്രമിക്കുകയും ചെയ്യുന്നു. സുന്നി വിദ്യാഭ്യാസ ബോഡിന്റെ സിലബസനുസരിച്ച് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് മതവിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പ്രോത്സാഹനവും നല്‍കേണ്ടത് ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ബാധ്യതയാണെന്ന് കാന്തപുരം കൂട്ടിച്ചേര്‍ത്തു.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി തെന്നല അബൂഹനീഫല്‍ ഫൈസി അധ്യക്ഷത വഹിച്ചു.