Connect with us

National

ഡല്‍ഹിയില്‍ എഫ് ഡി ഐക്ക് അനുമതി നിഷേധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വീണ്ടും നിര്‍ണായക തീരുമാനങ്ങളിലേക്ക്. നേരിട്ട് വിദേശ നിക്ഷേപം സ്വീകരിക്കുന്ന ചില്ലറ വില്‍പ്പന സ്ഥാപനങ്ങള്‍ക്ക് ഡല്‍ഹിയില്‍ അനുമതി നിഷേധിക്കാന്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചു. വിദേശ കമ്പനികള്‍ക്ക് മേല്‍ക്കൈയുള്ള സ്ഥാപനങ്ങള്‍ക്ക് ഡല്‍ഹിയില്‍ അനുമതി നല്‍കരുതെന്ന് കാണിച്ച് വ്യവസായ പ്രോത്സാഹന മന്ത്രാലയത്തിന് (ഡി ഐ പി പി) കെജ്‌രിവാള്‍ കത്തെഴുതി. ഇതോടെ ചില്ലറ വില്‍പ്പന മേഖലയിലെ എഫ് ഡി ഐ സ്ഥാപനങ്ങള്‍ക്കുള്ള അനുമതി പിന്‍വലിക്കുന്ന ആദ്യ സംസ്ഥാനമായി ഡല്‍ഹി മാറി. ബഹു ബ്രാന്‍ഡ് ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് എ എ പി പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു.
ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ എഫ് ഡി ഐ അനുവദിച്ചിരുന്നു. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം ഡി ഐ പി പിയെയാണ് അറിയിക്കേണ്ടത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാ പ്രദേശ് എന്നിവയാണ് എഫ് ഡി ഐ അനുവദിച്ച് തീരുമാനമെടുത്തിട്ടുള്ളത്. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപ പ്രശ്‌നത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് യു പി എക്കുള്ള പിന്തുണ പിന്‍വലിച്ചത്.
അതിനിടെ, രൂക്ഷമായ ആശയക്കുഴപ്പത്തിലും പിടിവലിയിലും കലാശിച്ചതിനെ തുടര്‍ന്ന് തന്റെ ജനസമ്പര്‍ക്ക പരിപാടിയായ ജനതാ ദര്‍ബാര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ത്തിവെച്ചു. ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്നതിനുള്ള ജനതാ ദര്‍ബാര്‍ നിര്‍ത്തിവെക്കുകയാണെന്നും പരാതികള്‍ രേഖപ്പെടുത്താന്‍ ഓണ്‍ലൈന്‍, ഫോണ്‍, പോസ്റ്റല്‍ സംവിധാനം ഉപയോഗിക്കാമെന്നും കെജ്‌രിവാള്‍ പറഞ്ഞു. പരാതികള്‍ സ്വീകരിക്കുന്നതിനും അത് യഥാസമയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ ദിവസം നിയന്ത്രിക്കാനാകാത്തത്ര ജനങ്ങള്‍ പരാതിയുമായി വന്നതിനാലാണ് ജനതാ ദര്‍ബാറില്‍ ഉന്തും തള്ളും ഉണ്ടായതെന്നും ഇടക്ക് വെച്ച് നിര്‍ത്തേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനാണ് തത്കാലം ഈ സംവിധാനം ഉപേക്ഷിക്കുന്നത്.

Latest