Connect with us

International

ഇറാന്‍ ആണവ പദ്ധതികളുടെ നിയന്ത്രണം: കരാര്‍ ഈ മാസം 20 മുതല്‍

Published

|

Last Updated

വാഷിംഗ്ടണ്‍/ടെഹ്‌റാന്‍: ഇറാന്റെ ആണവ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കരാര്‍ ഈ മാസം ഇരുപതിന് നിലവില്‍ വരും. ഇറാന്റെ ആണവ പദ്ധതികളില്‍ അന്താരാഷ്ട്ര പരിശോധകര്‍ ദൈനംദിനം ആണവ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പച്ചക്കൊടി കാണിച്ച ഇറാന്‍, ആണവ പദ്ധതികള്‍ പൂര്‍ണമായും സൈനികേതര ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. കരാര്‍ നിലവില്‍ വരുന്നത് മുതല്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ ഭാഗികമായി പിന്‍വലിക്കും.

സ്വര്‍ണം, ലോഹം, വാഹന ഇറക്കുമതി, പെട്രോകെമിക്കല്‍ ഇറക്കുമതി എന്നിവയിലുള്ള ഉപരോധമാണ് പിന്‍വലിക്കുക. കൂടാതെ ഫെബ്രുവരി ആദ്യത്തോടെ അമേരിക്കയുടെ 400 കോടി ഡോളര്‍ സഹായവും ഇറാന് ലഭിക്കും. ആറ് മാസത്തിന് ശേഷം പ്രഖ്യാപിക്കുന്ന അവസാനത്തെ ആണവ കരാറിന് മുന്നോടിയായുള്ള താത്കാലിക കരാറാണിതെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് കരാറിന് മുന്‍കൈയെടുത്തത്.
ആണവ പരിപാടികള്‍ നിര്‍ത്തിവെക്കാനുള്ള ഇറാന്റെ തീരുമാനത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ സ്വാഗതം ചെയ്തു. എന്നാല്‍ ഈ തീരുമാനം ദീര്‍ഘകാലത്തേക്ക് നടപ്പാക്കേണ്ടതാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ആണവ പദ്ധതികളുടെ പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യു എന്നിന്റെ ആണവോര്‍ജ നിരീക്ഷണ വിഭാഗമായ ഐ എ ഇ എയുടെ വിദഗ്ധര്‍ പരിശോധിക്കുമെന്ന് ഇ യു വിദേശകാര്യ മേധാവി കാതറിന്‍ ആഷ്തണ്‍ വ്യക്തമാക്കി.

നവംബറില്‍ ജനീവയില്‍ വെച്ച് നടന്ന ചരിത്രപരമായ ആണവ കരാറിന്റെ പ്രാവര്‍ത്തികമാക്കാനുള്ള നടപടികളാണ് ഈ മാസം ഇരുപത് മുതല്‍ ആരംഭിക്കുക. യു എന്‍ രക്ഷാ സമിതി രാജ്യങ്ങളായ റഷ്യ, യു എസ്, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവര്‍ക്ക് പുറമെ ജര്‍മനിയും ചേര്‍ന്നാണ് ഇറാനുമായുള്ള കരാറില്‍ ഒപ്പുവെച്ചത്. ആണവ പദ്ധതികള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര സമിതിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ ഉപ മന്ത്രി അബ്ബാസ് അറാഗ്ജി വ്യക്തമാക്കി. കരാര്‍ അടിസ്ഥാനത്തില്‍ പാശ്ചാത്യ രാജ്യങ്ങളുമായുള്ള എണ്ണ വ്യാപാരം പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ആണവ പദ്ധതികള്‍ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്നും ആണവ ബോംബുകളും മറ്റും നിര്‍മിക്കാന്‍ വേണ്ടിയാണ് ഈ പദ്ധതികളെന്നും ആരോപിച്ചായിരുന്നു ഇറാനെതിരെ ആണവായുധങ്ങളുടെ ശേഖരമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ആരോണപത്തെ ശക്തമായി ഏതിര്‍ത്ത ഇറാന്‍, തങ്ങളുടെ പദ്ധതി പൂര്‍ണമായും യുദ്ധേതര ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും അതുകൊണ്ട് കാര്യമുണ്ടായില്ല. ഇതു സംബന്ധിച്ച് എല്ലാ വിധ അന്വേഷണങ്ങള്‍ക്കും ഇറാന്‍ സന്നദ്ധമായിരുന്നു.

Latest