കെജ്‌രിവാളിന് വധഭീഷണി: സുരക്ഷ വര്‍ധിപ്പിച്ചു

Posted on: January 13, 2014 10:39 pm | Last updated: January 13, 2014 at 10:39 pm

kejriwalന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താന്‍ കുടിവെള്ള മാഫിയ വാടക കൊലയാളികളെ നിയോഗിച്ചുവെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കെജ്‌രിവാളിന് സുരക്ഷ കൂട്ടി. ഇന്നലെ രാവിലെയാണ് ഇന്റലിജന്‍സ് ബ്യൂറോ ഇക്കാര്യം രേഖാമൂലം ഡല്‍ഹി പോലീസിനും ലെഫ്റ്റന്റ് ഗവര്‍ണറിനും കൈമാറിയത്.
ജന ദര്‍ബാറിന്റെ മറവില്‍ ആക്രമണം നടത്താനാണ് പദ്ധതിയെന്നും ഇതിന്റെ തെളിവുകള്‍ ലഭിച്ചെന്നുമാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്ന ഇസെഡ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി കെജ്‌രിവാളിന് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം ഡല്‍ഹി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
കുടിവെള്ള, ടെന്‍ഡര്‍ മാഫിയകളാണ് വാടക കൊലയാളികളെ നിയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധ നയം ഇവരെ പ്രകോപിപ്പിച്ചിരുന്നു. അധികാരത്തിലെത്തയതുമുതല്‍ കെജ്‌രിവാള്‍ കുടിവെള്ള മാഫിയകള്‍ക്കെതിരെ കടുത്ത നടപടികളുമായി രംഗത്ത് വന്നിരുന്നു.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടായി. കെജ്‌രിവാള്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ഉത്തര്‍പ്രദേശില്‍ അദ്ദേഹത്തിന് ഇസെഡ് സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വധഭീഷണിയെ തുടര്‍ന്ന് കെജ്‌രിവാളിനും എ എ പിയുടെ പരിപാടികള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ വിയോജിപ്പുണ്ടെങ്കിലും സുരക്ഷയില്‍ വീഴ്ച പാടില്ലെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസം എ എ പിയുടെ ഓഫീസുകള്‍ക്ക് നേരെയും അക്രമമുണ്ടായിരുന്നു. ഇതിന് സംഭവവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ജന ദര്‍ബാറിന് പകരം പുതിയ സംവിധാനവും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.