മാധ്യമപ്രവര്‍ത്തകന്റെ കാര്‍ അജ്ഞാതര്‍ കത്തിച്ചു

Posted on: January 13, 2014 11:01 am | Last updated: January 13, 2014 at 11:01 am

കോഴിക്കോട്: കേരളഭൂഷണം പത്രത്തിന്റെ കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ദിലീപ് ദേവസ്യയുടെ കാര്‍ അജ്ഞാതര്‍ കത്തിച്ചു. കെ എല്‍ 14 ജെ 8859 നമ്പര്‍ മാരുതി സാന്‍ഡ്രോ കാറാണ് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ 12.15 ഓടെ വീടിനു സമീപത്താണ് കാര്‍ കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തുന്നത് സമീപ വാസികളാണ് ആദ്യം കണ്ടത്. പിന്നീട് മീഞ്ചന്ത ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. മുന്നിലെ ഗ്ലാസ് വടി ഉപയോഗിച്ച് അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. ഇന്ന് ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധിച്ച ശേഷമേ കാര്‍ കത്തിക്കാന്‍ ഉപയോഗിച്ച വസ്തുക്കളെക്കുറിച്ച് വിവരം ലഭിക്കൂ. നല്ലളം പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ നല്ലളം സി ഐ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. കാര്‍ കത്തിയതില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാര്‍ തകര്‍ക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന വടി കാറിനു സമീപത്തു നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.