ഫഌവര്‍ഫെസ്റ്റില്‍ പോലീസിന്റെ ബോധവത്കരണ ഫോട്ടോപ്രദര്‍ശനം ശ്രദ്ധയാകര്‍ഷിക്കുന്നു

Posted on: January 13, 2014 10:58 am | Last updated: January 13, 2014 at 10:58 am

നീലേശ്വരം: നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന ഫഌവര്‍ഫെസ്റ്റില്‍ പോലീസ് ഒരുക്കിയ ബോധവത്ക്കരണ ഫോട്ടോപ്രദര്‍ശനം ജനശ്രദ്ധ ആകര്‍ഷിക്കുന്നു. റോഡപകടങ്ങളുടെ ദാരുണമായ രംഗങ്ങളും കരളലിയിപ്പിക്കുന്ന അപകടദൃശ്യങ്ങളും കൊണ്ട് റോഡപകടങ്ങളുടെ ഭീകരത കാണികളിലേക്കെത്തിക്കാന്‍ ഫോട്ടോപ്രദര്‍ശനത്തിന് കഴിഞ്ഞിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്തെ ദൃശ്യങ്ങള്‍ കൂടാതെ അപകടത്തില്‍പ്പെട്ട് അനാഥമായിപ്പോകുന്ന ബന്ധുക്കളുടെ അവസ്ഥയും ഫോട്ടോപ്രദര്‍ശനം കാണിച്ചുതരുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നിര്‍ദേശങ്ങളും അപകടത്തില്‍പ്പെടുന്നതിന്റെ കാരണങ്ങളും ഫോട്ടോപ്രദര്‍ശനം പറഞ്ഞുതരുന്നുണ്ട്. ജീവന്‍ വിലപ്പെട്ടതാണ്, ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് അത് റോഡില്‍ പൊലിച്ചുകളയരുത് എന്ന വ്യക്തമായ സന്ദേശമാണ് ഫോട്ടോപ്രദര്‍ശനം നല്‍കുന്നത്. പോലീസ് അസോസിയേഷനും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും മുന്‍കൈയെടുത്താണ് ഫോട്ടോപ്രദര്‍ശനം ഫഌവര്‍ഫെസ്റ്റില്‍ ഒരുക്കിയിട്ടുള്ളത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി തമ്പാന്‍ ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.