Connect with us

Malappuram

ഓട്ടോറിക്ഷക്കാരില്‍ നിന്ന് അനധികൃതമായി ഈടാക്കിയ പണം നല്‍കാന്‍ ഉപഭോക്തൃ വകുപ്പിന്റെ ഉത്തരവ്

Published

|

Last Updated

മഞ്ചേരി/വണ്ടൂര്‍: ഫെയര്‍മീറ്റര്‍കുടിശ്ശികയെന്നപേരില്‍ മലപ്പുറം ജില്ലയിലെ ഓട്ടോറിക്ഷാ തൊഴിലാളികളില്‍ നിന്നും അനധികൃതമായി ഈടാക്കിയ പണം തിരിച്ചു നല്‍കാന്‍ ഉപഭോക്തൃ കാര്യവകുപ്പിന്റെ ഉത്തരവ്.സംസ്ഥാന സര്‍ക്കാര്‍ ഉപഭോക്തൃ കാര്യവകുപ്പ് സെക്രട്ടറി ലീമാമാനുലാണ് ഇത് സംബന്ധിച്ച് സംസ്ഥാന അളവ് തൂക്ക കാര്യ വകുപ്പിന്(ലീഗല്‍ മെട്രോളജി)നിര്‍ദേശം നല്‍കിയത്.
മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയായ ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡന്റ് ടിപി മുജീബ് റഹ്മാന്‍ പത്തിരിയാല്‍ മുഖ്യമന്ത്രിയുടെ പൊതുജന പരാതി സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
1992 ലാണ് മഞ്ചേരി മുനിസിപ്പാലിറ്റി പരിധികളില്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ സ്ഥപിക്കണമെന്ന നിയമം നിലവില്‍ വന്നത്.എന്നാല്‍ 2002 വരെ മലപ്പുറം ജില്ലയില്‍ ഈ നിയമം പരിഗണിക്കാതെയാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളുടെ രജിസ്‌ട്രേഷനും പെര്‍മിറ്റും നല്‍കിയത്.എന്നാല്‍ 2002 മുതല്‍ ഫെയര്‍മീറ്റര്‍ നിയമം കര്‍ശനമാക്കിയതോടെ നേരത്തെ വാഹനമെടുത്ത ഓട്ടോറിക്ഷ ഡ്രൈവന്മാരില്‍ പെര്‍മിറ്റിന്റെ അടിസ്ഥനമാക്കി ലീഗല്‍ മെട്രോളജി വകുപ്പ് കുടിശ്ശിക വാങ്ങാനാരംഭിച്ചു. ഇതനുസരിച്ച് നിരവധി ഓട്ടോതൊഴിലാളികളില്‍ നിന്ന് 2000 രൂപ വരെ ഈടാക്കിയിരുന്നു.
സംഭവം വിവാദമായതോടെ ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ സൊസൈറ്റി ഭാരവാഹികള്‍ ലീഗല്‍ മെട്രോളജി വകുപ്പിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.കുടിശ്ശിക ഈടാക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സംഘം നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് വിവരാവകാശനിയമ പ്രകാരം വിവരങ്ങള്‍ ആരാഞ്ഞെങ്കിലും നിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 20,000 രൂപ പിഴ ഈടാക്കിയിരുന്നു.
വിഷയം മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിലും പരാതി നല്‍കിയിരുന്നു.ഇതിന്റെ മറുപടി വര്‍ഷങ്ങള്‍ക്ക് ശേഷവും ലഭിക്കാത്തതിനാല്‍ തിരുവനന്തപുരത്തെ ഓഫീസില്‍ നേരിട്ട് അന്വേഷിച്ചപ്പോള്‍ ഫയല്‍ കാണാനില്ലെന്ന മറുപടിയാണ് സംഘം ഭാരവാഹികള്‍ക്ക് ലഭിച്ചിരുന്നത്.
സുതാര്യകേരളത്തിലും പരാതി നല്‍കിയിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതിനുള്ള മറുപടി ലഭിച്ചത്.
അനധികൃതമായി ഓട്ടോ തൊഴിലാളികളില്‍ നിന്നും പിഴ ഈടാക്കിയ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ സര്‍വീസില്‍ ഇല്ലാത്തതിനാലും തുക സര്‍ക്കാര്‍ ഖജനാവില്‍ അടച്ചതിനാലും നല്‍കാനാവില്ലെന്നാണ് ഇതുവരെ ലീഗല്‍ മെട്രോളജി വിഭാഗം വാദിച്ചിരുന്നത്.
എന്നാല്‍ ഓട്ടോ തൊഴിലാളികളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറക്ക് കുടിശ്ശിക തുക തിരിച്ച് കൊടുക്കണമെന്നാണ് ഉപഭോക്തൃ കാര്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.

Latest