ജനപക്ഷ രാഷ്ട്രീയമാണ് കേരളത്തിനാവശ്യം: കാന്തപുരം

Posted on: January 13, 2014 5:58 am | Last updated: January 13, 2014 at 7:48 am

KANTHAPURAM-NEWകൊച്ചി: നവലോകത്തിന്റെ സാംസ്‌കാരികവും മതകീയവും രാഷ്ട്രീയവുമായ പുരോഗതിക്കും മുന്നേറ്റത്തിനും മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ മാതൃകയാക്കേണ്ടത് അനിവാര്യമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനപക്ഷ രാഷ്ട്രീയവും ജനോപകാരപ്രദമായ വികസനവുമാണ് രാജ്യത്തിന്റെ നിര്‍മാണാത്മകമായ പുരോഗതിക്ക് ആവശ്യമെന്നും നിലവിലുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ നയനിലപാടുകളില്‍ കാതലായ മാറ്റം വരുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. സാംസ്‌കാരികവും ധാര്‍മികവുമായ പുരോഗതിയും വൈജ്ഞാനിക അഭിവൃദ്ധിയുമാണ് ഓരോ മതവും മുന്നോട്ട് വക്കുന്ന സന്ദേശം. അധികാര രാഷ്ട്രീയത്തിലേക്ക് കുറുക്കുവഴി തേടുന്നവര്‍ മതാധ്യാപനങ്ങളെ തെറ്റായ രീതിയില്‍ വിനിയോഗിക്കുന്നതാണ് മത സമൂഹങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉടലെടുക്കാന്‍ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. അന്‍വര്‍സാദത്ത് എം എല്‍ എ, കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കെ പി സി സി സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്, സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് അംഗം പി എ ഷാജഹാന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍, സയ്യിദ് സി ടി ഹാശിം തങ്ങള്‍, വി എച്ച് അലിദാരിമി, നൗഷാദ് മേത്തര്‍, എ എം കരീം ഹാജി കൈതപ്പാടത്ത് എ അഹ്മദ് കുട്ടി ഹാജി സംബന്ധിച്ചു.